ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം

2 months ago 4

നവിമുംബൈ∙ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തിൽ സ്വപ്നസാഫല്യം.

രണ്ട് ഓൾറൗണ്ടർമാരാണ് കലാശപ്പോരിൽ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശർമയും ഷെഫാലി വർമയും. അർധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങിൽ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ലോറയും ടാസ്മിൻ ബ്രിട്ട്സും (23)‌ ചേർന്ന് 51 റൺസെടുത്തു. ടാസ്മിനെ റണ്ണൗട്ടാക്കി അമൻജോത് കൗർ തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ഒരറ്റത്ത് ലോറ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പിടിമുറുക്കി. തന്റെ അടുത്തടുത്ത ഓവറുകളിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഷെഫാലി നൽകിയ ‘ഇംപാക്ട്’ ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

 X/BCCIWomen

വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വർമയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ചിത്രം: X/BCCIWomen

30–ാം ഓവറിൽ സിനാലോ ജാഫ്തയെ (16) പുറത്താക്കിയാണ് ദീപ്തി വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് പത്ത് ഓവറോളം വിക്കറ്റ് പോകാതെ ദക്ഷിണാഫ്രിക്ക പൊരുതി. 40–ാം ഓവറിൽ ആനെറി ഡെർക്‌സെനി (35) വീഴ്ത്തി വീണ്ടും ദീപ്തി കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ലോറ വോൾവാർട്ടിനെ 42–ാം ഓവറിൽ ദീപ്തിയുടെ പന്തിൽ അമൻജോത് കൗറാണ് കയ്യിലൊതുക്കിയത്. പല തവണ കയ്യിൽനിന്നു തെന്നിമാറിയ പന്ത് ഒടുവിൽ അമൻജോത് പിടിയിലാക്കുകയായിരുന്നു. ഇന്ത്യയുടെ വിന്നിങ് മൊമന്റ്!

IND

298-7 50/50

SA

246-10 45.3/50

സെമി ഫൈനലിലും സെഞ്ചറിയടിച്ച ലോറയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയായിരുന്നു ഇന്നത്തേത്. ലോറ ഔട്ടായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 45–ാം ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കയുടെ ഒൻപതാം വിക്കറ്റും വീണു. ജയത്തിലേക്ക് പിന്നെ ഒരു വിക്കറ്റിന്റെ മാത്രം അകലം. 46–ാം ഓവറിന്റെ മൂന്നാം പന്തിൽ ദീപ്തി തന്നെ ആ കർത്തവ്യം നിർവഹിച്ചു. നോൻകുലുലോകോ മ്ലാബയെ നദീൻ ഡി ക്ലെർക്കിനെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൈകളിൽ എത്തിച്ചപ്പോൾ ഇന്ത്യ കയ്യിലൊതുക്കിയത് ലോകകിരീടം കൂടിയാണ്.

 X/BCCIWomen

വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെ ക്യാച്ച് എടുക്കുന്ന ഇന്ത്യൻ താരം അമൻജോത് കൗർ. ചിത്രം: X/BCCIWomen

∙ ബാറ്റിങ് ‘ഓക്കെ’ ആണ്!

ലോകകപ്പിലേക്ക് ‘വൈൾഡ് കാർഡ് എൻ‍ട്രി’ നടത്തിയ ഷെഫാലിയുടെയും (78 പന്തിൽ 87), പരിചയസമ്പന്നയായ ദീപ്തി ശർമയുടെയും (58 പന്തിൽ 58) അർധസെഞ്ചറി, അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ (24 പന്തിൽ 34) ‘കാമിയോ’. കന്നിക്കിരീടത്തിലേക്കുള്ള ‘അടിത്തറ’ ബാറ്റർമാർ ചേർന്നാണ് ഒരുക്കിയത്. വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. 

 വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റു ചെയ്യുന്ന ഇന്ത്യൻ ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും. . (Photo by Punit PARANJPE / AFP)

വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റു ചെയ്യുന്ന ഇന്ത്യൻ ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും. . (Photo by Punit PARANJPE / AFP)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥനയും (58 പന്തിൽ 45) ഷെഫാലി വർമയും (78 പന്തിൽ 87) ചേർന്ന സെഞ്ചറി കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും ഷെഫാലിയും ചേർന്ന് 104 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. 18–ാം ഓവറിൽ ഇന്ത്യൻ സ്കോർ മൂന്നക്കം കടന്നു. പിന്നാലെ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയുടെ കയ്യിൽ സ്മൃതിയെ എത്തിച്ച് ക്ലോയി ട്രയോണാണ് കൂട്ടുകെട്ട് പൊളിച്ചത്.

എട്ടു ഫോറാണ് സ്മൃതിയുടെ ബാറ്റിൽനിന്നു പിറന്നത്. തൊട്ടടുത്ത പന്തിൽ ഷെഫാലി വർമ അർധസെഞ്ചറി പിന്നിട്ടു. 49 പന്തിലാണ് ഫൈനലിൽ ഷെഫാലിയുടെ ഫിഫ്റ്റി. രണ്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ‘ട്വന്റി20 ഇന്നിങ്സ്’. അതിവേഗം സെഞ്ചറിയിലേക്കു കുതിച്ച ഷെഫാലിയെ, 28–ാം ഓവറിൽ അയബോംഗ ഖാക്കയാണ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റിൽ ഷെഫാലി– ജമീമ സഖ്യം 62 റൺസ് എടുത്തു. തന്റെ തന്നെ തൊട്ടടുത്ത ഓവറിൽ ജമീമയെയും ഖാക്ക പുറത്താക്കുകയായിരുന്നു.

പിന്നീട് കരുതലോടെ കളിച്ച ഹർമൻപ്രീതും ദീപ്തിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും അധികനേരം നീണ്ടില്ല. 39–ാം ഓവറിൽ ഹർമൻപ്രീതിന്റെ വിക്കറ്റ് നോൻകുലുലേകോ മ്ലാബ തെറിപ്പിച്ചു. ഇതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 44–ാം ഓവറിൽ അമൻജോത് കൗറിനെ റിട്ടേൺ ക്യാച്ചിലൂടെ നദീൻ ഡി ക്ലെർക്കും പുറത്താക്കി. ഇതിനുശേഷമെത്തിയ റിച്ച ഘോഷ്, ദീപ്തിയുമായി ചേർന്നു നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300നു തൊട്ടടുത്തു വരെ എത്തിച്ചത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ദീപ്തിയുടെ ഇന്നിങ്സ്. റിച്ച രണ്ടു സിക്സും മൂന്നു ഫോറുമടിച്ചു. 49–ാം ഓവറിൽ റിച്ച പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇന്നിങ്സിനെ അവസാന പന്തിൽ ദീപ്തി റണ്ണൗട്ടായി. രാധ യാദവ് (3 പന്തിൽ 3*) പുറത്താകാതെ നിന്നു.

∙ എട്ടാം തവണയും ടോസ് നഷ്ടംടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനൽ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായിട്ടാണ് കലാശപ്പോരിലും ഇന്ത്യ ഇറങ്ങുന്നത്. ഈ ലോകകപ്പിൽ കളിച്ച 9 മത്സരങ്ങളിൽ എട്ടു തവണയും ഹർമൻപ്രീതിനു ടോസ് നഷ്ടപ്പെട്ടു. ബംഗ്ലദേശിനെതിരായ മത്സരത്തിൽ മാത്രമാണ് ടോസ് ഭാഗ്യം ഒപ്പം നിന്നത്. എന്നാൽ ആ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.

 X/BCCI

വനിതാ ഏകദിന ലോകകപ്പ് ഫൈനലിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ടും. ചിത്രം: X/BCCI

മഴയെ തുടർന്നു രണ്ടു മണിക്കൂർ വൈകിയാണ് ടോസ് ഇട്ടത്. എങ്കിലും ഓവറുകൾ ചുരുക്കിയിട്ടില്ല. രണ്ടരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, ഔട്ടഫീൽഡിൽ നനവിനെ തുടർന്ന് മൂന്നു മണിക്ക് ഇടുമെന്ന് അറിയിച്ചിങ്കിലും വീണ്ടും മഴയെത്തിയതോടെ സാധിച്ചില്ല. പിന്നീടാണ് 4.32ന് ടോസ് ഇടുമെന്ന് അറിയിപ്പ് വന്നത്.

English Summary:

ICC Women's World Cup 2025 Final: India vs South Africa- Match Updates

Read Entire Article