20 June 2025, 08:25 AM IST

കജോൾ, രാമോജി ഫിലിം സിറ്റി | ഫോട്ടോ: AFP, മാതൃഭൂമി ആർക്കൈവ്സ്
മാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് നടി കജോൾ. അത്തരത്തിലൊരു പ്രൊമോഷൻ പരിപാടിക്കിടെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് കജോൾ പറഞ്ഞ ഒരു കാര്യം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്നാണ് അവർ പറഞ്ഞത്.
ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിനിടെ കജോൾ പറഞ്ഞ വാക്കുകളാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. "എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്." വ്യക്തിപരമായി താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു." അവർ അഭിപ്രായപ്പെട്ടു.
പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുവന്നത്. ചിലർ കജോളിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്ന രീതിയിൽ പ്രതികരിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു. ഏഷ്യയിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ രാമോജി ഫിലിം സിറ്റിയെ ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലമായി കാജോൾ വിശേഷിപ്പിക്കുന്നതിന് കാരണം ഹിന്ദി സിനിമയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെട്ടതിലുള്ള അസൂയയും കുശുമ്പുമാണെന്നാണ് ഒരാൾ പ്രതികരിച്ചത്. രാമോജ് ഫിലിം സിറ്റിയെയും തെലുങ്ക് സിനിമാ വ്യാവസായത്തേയും അപമാനിക്കുന്നതിന് തുല്യമാണ് കജോളിന്റെ പ്രസ്താവനയെന്നും പ്രതികരണം വന്നു.
രാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല കാജോൾ. മുൻപ് തപ്‌സി പന്നു, ചലച്ചിത്രകാരൻ രവി ബാബു, രാഷി ഖന്ന, സംവിധായകൻ സുന്ദർ സി തുടങ്ങിയവർ ഈ സ്ഥലത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഈ മാസം 27-നാണ് കജോൾ മുഖ്യവേഷത്തിലെത്തുന്ന മാ എന്ന ഹൊറർ ചിത്രം പുറത്തിറങ്ങുന്നത്.
Content Highlights: Kajol shares chilling acquisition astatine Ramoji Film City, sparking statement online
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·