06 June 2025, 10:00 AM IST

Photo: x.com/Lamineee_Yamal/
ലണ്ടന്‍: ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി ബാഴ്സലോണയുടെ സ്പാനിഷ് താരം ലാമിന്‍ യമാല്‍. 3958 കോടി രൂപയാണ് താരത്തിന്റെ വിപണിമൂല്യം. അന്താരാഷ്ട്ര-ക്ലബ് ഫുട്ബോളിലെ മിന്നുന്ന പ്രകടനമാണ് 18-കാരന്‍ വിങ്ങറുടെ മൂല്യം കുത്തനെ ഉയര്‍ത്തിയത്. സിഐഇഎസ് ഫുട്ബോള്‍ ഒബ്സര്‍വേറ്ററിയാണ് പട്ടിക പുറത്തുവിട്ടത്.
മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം ഏര്‍ലിങ് ഹാളണ്ടാണ് രണ്ടാമത്. 2352 കോടി രൂപയാണ് മുന്നേറ്റനിരതാരത്തിനുള്ളത്. റയല്‍ മഡ്രിഡിന്റെ ഇംഗ്ലീഷ് മധ്യനിരതാരം ജൂഡ് ബെല്ലിങ്ങാമാണ് മൂന്നാംസ്ഥാനത്ത്. 2293 കോടിരൂപയുടെ മൂല്യമാണ് ബെല്ലിങ്ങാമിനുള്ളത്.
കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന കിലിയന്‍ എംബാപ്പെയാണ് നാലാം സ്ഥാനത്ത്. റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് താരത്തിന് 1889 കോടി രൂപയുടെ മൂല്യമാണുള്ളത്. ജര്‍മനിയുടെ ജമാല്‍ മുസിയാള 1515 കോടി രൂപയുടെ മൂല്യവുമായി അഞ്ചാംസ്ഥാനത്തുണ്ട്. മൊത്തം 24 താരങ്ങളാണ് 10 കോടി യൂറോക്ക് (984 കോടി രൂപ) മുകളില്‍ മൂല്യമുള്ളത്.
കളിക്കാരന്റെ ക്ലബ്, കരാര്‍, പ്രായം, പ്രകടനം, പരിക്കുവിവരം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ വിലയിരുത്തിയാണ് മൂല്യം കണക്കാക്കുന്നത്. സ്പാനിഷ് ലാലിഗയില്‍ ബാഴ്സയെ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Content Highlights: Barcelona`s Lamine Yamal tops the database of world`s astir invaluable footballers








English (US) ·