
'ലോകമങ്ങനെയാണ്' ഹ്രസ്വചിത്രത്തിൽനിന്ന്, ജെസിന്ത മോറിസ് | ഫോട്ടോ: അറേഞ്ച്ഡ്
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് പിന്തുണയേകി ഒരു ഷോർട്ട് ഫിലിം. പ്രശസ്ത സാഹിത്യകാരിയും അഭിനേത്രിയും സംവിധായികയുമായ ജസിന്ത മോറിസ് ഒരുക്കുന്ന 'ലോകം അങ്ങനെയാണ്' എന്ന ഷോർട്ട് ഫിലിമാണ് മദ്യം, മയക്കുമരുന്ന് പോലുള്ള മനുഷ്യനെ ഇല്ലാതാക്കുന്ന ലഹരികൾക്കെതിരെയുള്ള അവബോധവുമായി പ്രദർശനത്തിന് ഒരുങ്ങുന്നത്. 2025 മേയ് 4ന് രാവിലെ 9.30 ന് പേയാട് എസ്.പി തിയേറ്ററിൽ ആദ്യ പ്രദർശനം നടക്കും.
യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നതിനു പുറമേ ഒരു പ്രധാന കഥാപാത്രത്തെയും ജസിന്ത മോറിസ് അവതരിപ്പിക്കുന്നു. ടി.ടി ഉഷ, സോണിയ മൽഹാർ, പദ്മകുമാർ, സലാം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഡോ. അനിത ഹരി, ജയകൃഷ്ണൻ കാര്യവട്ടം, റാണി തുടങ്ങി 55 ഓളം താരങ്ങൾ ഇതിൽ അഭിനയിക്കുന്നു. മൂന്ന് ദിവസം കൊണ്ട് നാലു ലൊക്കേഷനുകളിലായി പൂർത്തിയാക്കിയ ഷോർട്ട്ഫിലിമിൽ യഥാർത്ഥ ജീവിതത്തിൽ പൊലീസായിരുന്നവർ തന്നെയാണ് കാക്കി വേഷം അണിയുന്നത്.
പ്രത്യാശ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ ഈ ഹ്രസ്വചിത്രം സാമൂഹിക ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കാനും സിനിമയുടെ അണിയറ പ്രവർത്തകർ ആലോചിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ: ബാബുരാജ് വെൺകുളം, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ആനന്ദ് അമല സ്റ്റുഡിയോ. ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായികയായ ജസിന്ത മോറിസാണ്. സായന്തനം മ്യൂസിക്കിലെ അംഗങ്ങളാണ് ചിത്രത്തിൽ ഗാനം ആലപിച്ചത്.
പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ആണ്. സാഹിത്യകാരൻ ജി. എൻ പണിക്കർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ ഐ.എ.എസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽശാല സർക്കിൾ ഇൻസ്‌പെക്ടർ നിജാം.വി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ മുഖ്യാതിഥികളാകും. കേരള യൂണിവേസ്റ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ വകുപ്പ് മേധാവി ഡോ. ജോസഫ് ആന്റണി, സായന്തനം മ്യൂസിക്‌സ് കോഡിനേറ്റർ ഹരികൃഷ്ണകുമാർ, പേയാട് സൗഹൃദ വേദി സെക്രട്ടറി രഞ്ജിത് ആർ.സി എന്നിവർ ആശംസ അർപ്പിക്കും. പ്രിസില്ല മരിയൻ നന്ദിയും കലാ സാംസ്‌കാരിക സാഹിത്യ ഏകോപനം പ്രിയാ ശ്യാം, പ്രിയരാജ് എന്നിവരും നിർവ്വഹിക്കും.
Content Highlights: Jasinta Morris`s abbreviated movie `Lokam Anganeyaanu` raises consciousness against cause abuse
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·