'ലോകേഷ് രാജമൗലിയെപ്പോലെ, നാഗാർജുനയുടെ വില്ലൻവേഷം ഏറെ മോഹിപ്പിച്ചിരുന്നു'- രജനീകാന്ത്

5 months ago 5

coolie

രജനികാന്ത്,ലോകേഷ് കനഗരാജ്,നാഗാർജുന | photo:X

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മൾട്ടി-സ്റ്റാർ ചിത്രം 'കൂലി'യുടെ തെലുങ്ക് പ്രീ-റിലീസ് ചടങ്ങിൽ ലോകേഷ് കനകരാജിനെ പ്രശംസിച്ച് രജനീകാന്ത്. ഹൈദരാബാദിൽ നടന്ന തെലുങ്ക് പ്രീ-റിലീസ് ചടങ്ങിൽ പ്രദർശിപ്പിച്ച ഒരു വീഡിയോ സന്ദേശത്തിലാണ് താരം ലോകേഷിനെ രാജമൗലിയുമായി ഉപമിച്ചത്.“ലോകേഷ് കനകരാജ് രാജമൗലിയെപ്പോലെയാണ്. രാജമൗലിയുടെ എല്ലാ സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും എല്ലാം ഹിറ്റുകളാണ്.”- അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായി ചെന്നൈയിൽ നടന്ന ഗംഭീര ട്രെയ്‌ലർ ലോഞ്ചിന് ശേഷമാണ് ഹൈദരാബാദിൽ പ്രീ-റിലീസ് ചടങ്ങ് സംഘടിപ്പിച്ചത്.

നാഗാർജുന അക്കിനേനിയുടെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവെ, ആ കഥാപാത്രത്തോടുള്ള തന്റെ ഇഷ്ടത്തേക്കുറിച്ചും രജനികാന്ത് വെളിപ്പെടുത്തി. “ഈ സിനിമയിലെ ഏറ്റവും വലിയ ആകർഷണം സൈമൺ എന്ന കഥാപാത്രമായി എത്തുന്ന നാഗാർജുനയാണ്. കഥ കേട്ടപ്പോൾ എനിക്ക് സൈമണിന്റെ വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് വില്ലൻ വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. സൈമൺ വളരെ സ്റ്റൈലിഷ് ആണ്. നാഗാർജുന ഈ വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത് പണത്തിന് വേണ്ടിയല്ല, അദ്ദേഹം അങ്ങനെയൊരാളല്ല. ഒരുപക്ഷേ, 'ഞാൻ എപ്പോഴും നല്ലവനായിട്ടാണ് അഭിനയിക്കുന്നത്, ഇത്തവണ ഒരു മാറ്റം പരീക്ഷിക്കാം' എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം.”

അതേസമയം, ട്രെയിലർ പുറത്തുവന്നതോടെ ചിത്രം സയൻസ് ഫിക്ഷൻ, ടൈം ട്രാവൽ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാകാമെന്ന ഫാൻ തിയറികൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ഇതിനോട് പ്രതികരിച്ച ലോകേഷ് കനകരാജ് പറഞ്ഞു, “എല്ലാവരും ഇതിനെ ഒരു സയൻസ് ഫിക്ഷൻ സിനിമ എന്നും ടൈം ട്രാവൽ സിനിമ എന്നുമൊക്കെയാണ് വിളിക്കുന്നത്. സിനിമ യഥാർത്ഥത്തിൽ എന്തിനെക്കുറിച്ചാണെന്ന് കാണുമ്പോൾ ആളുകൾ അത്ഭുതപ്പെടും.”

നാഗാർജുന അക്കിനേനി, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവർക്കൊപ്പം ദാഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം ആമിർ ഖാനും 'കൂലി'യുടെ താരനിരയിലുണ്ട്. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം, വൈആർഎഫിന്റെ 'വാർ 2'വുമായാണ് ബോക്സ്ഓഫീസിൽ മത്സരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Content Highlights: Rajinikanth compares Lokesh Kanagaraj to SS Rajamouli astatine Coolie event

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article