Published: August 12, 2025 09:12 AM IST
1 minute Read
ന്യൂഡൽഹി ∙ ‘സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ കായികരംഗം കണ്ട ഏറ്റവും വലിയ പരിഷ്കാരം’ എന്നു വിശേഷണത്തോടെയാണ് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ സ്പോർട്സ് ഗവേണൻസ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കായിക മേഖലയിൽ ഉത്തരവാദിത്തവും നീതിയും കായിക ഫെഡറേഷനുകളിൽ മികച്ച ഭരണവും ഉറപ്പാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇത്തരത്തിൽ പ്രധാനപ്പെട്ടൊരു ബില്ലിന്റെ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ പങ്കാളിത്തമില്ലാത്തു ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘1975 മുതൽ കായികരംഗത്തെ ഭരണപരിഷ്കരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു. പക്ഷേ, ഒന്നും നടപ്പായില്ല. വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്പോർട്സും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. ചില മന്ത്രിമാർ ഈ ബിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മുന്നോട്ട് പോകാൻ കഴിഞ്ഞില്ല’ –മന്ത്രി പറഞ്ഞു.
ബിൽ കായികമന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിക്കു വിടണമെന്നു നേരത്തേ സമിതി അധ്യക്ഷൻ ദിഗ്‌വിജയ് സിങ് ലോക്സഭാ സ്പീക്കർ ഓം ബിർലയോട് ആവശ്യപ്പെട്ടിരുന്നു. ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിടണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതെല്ലാം തള്ളിയാണു ബിൽ ലോക്സഭ പാസാക്കിയിരിക്കുന്നത്. ഉത്തേജക വിരുദ്ധ നടപടികൾ കടുപ്പിക്കുന്ന ആന്റി ഡോപ്പിങ് ഭേദഗതി ബില്ലും ലോക്സഭ പാസാക്കി. 2022ലെ ആന്റി ഡോപിങ് ബില്ലിനുള്ള ഭേദഗതിയാണിത്. ഇരു ബില്ലുകളും രാജ്യസഭ കൂടി പാസാക്കുന്നതോടെ നിയമമാകും.
∙ ഒളിംപിക്സ് ചോദ്യം ലോക്സഭയിലും
ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ രാജ്യം ഊർജിതമാക്കിയെന്നും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനുമായി തുടർ ചർച്ചകളിലാണെന്നും കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയംഗം ഗുർമീത് സിങ് ഹായറിന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇന്ത്യ 2036ലെ ഒളിംപിക്സിനു ശ്രമിക്കുന്നുവെന്ന് കായികമന്ത്രി വ്യക്തമാക്കിയത്.
‘ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കു കത്തു കൈമാറിക്കഴിഞ്ഞു. തുടർ ചർച്ചകൾ നടക്കുകയാണ്’ കേന്ദ്രമന്ത്രി വിശദീകരിച്ചു.
English Summary:








English (US) ·