ലോഡ്‌സിൽ ‘നോ ലീഡ്’; 11 റൺസിനിടെ വീണത് 4 വിക്കറ്റുകൾ; ഇംഗ്ലണ്ടിന്റെ അതേ സ്കോറിൽ ഇന്ത്യയും ഓൾ ഔട്ട്!

6 months ago 6

ലണ്ടൻ∙ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനാകാതെ ഇന്ത്യ പുറത്ത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 387 റൺസിനു തന്നെ ഇന്ത്യയും ഓള്‍ ഔട്ടായി. 376ന് 6 എന്ന നിലയിൽനിന്നാണ് 387 റൺസിന് ഇന്ത്യ പുറത്തായത്. 11 റൺസിനിടെയാണ് അവസാന നാലു വിക്കറ്റുകൾ വീണത്. കെ.എൽ.രാഹുലിന്റെ സെഞ്ചറിയും (177 പന്തിൽ 100), ഋഷഭ് പന്ത് (112 പന്തിൽ 74), രവീന്ദ്ര ജഡേജ (131 പന്തിൽ 72) എന്നിവരുടെ അർധസെഞ്ചറികളുമാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്കു കരുത്തായത്.

മൂന്നാം ദിനത്തിൽ നിതീഷ് റെഡ്ഡി (91 പന്തിൽ 30), വാഷിങ്ടൻ സുന്ദർ (76 പന്തിൽ 23) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യയ്ക്കു തുണയായി. ആകാശ് ദീപ് (10 പന്തിൽ 7), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട്, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റൺസ് എന്ന നിലയിലാണ്. സാക് ക്രൗലി (2*), ബെൻ ഡക്കറ്റ് (0*) എന്നിവരാണ് ക്രീസിൽ. 

176 പന്തിൽ 13 ഫോറുകൾ സഹിതമാണ് രാഹുൽ സെഞ്ചറി കുറിച്ചത്. സെഞ്ചറിക്കു ശേഷമുള്ള ആദ്യ പന്തിൽത്തന്നെ രാഹുൽ പുറത്താവുകയും ചെയ്തു. ശുഐബ് ബഷീറിന്റെ പന്തിൽ ഹാരി ബ്രൂക്കിന് ക്യാച്ച് സമ്മാനിച്ചാണ് രാഹുൽ പുറത്തായത്. 112 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 74 റൺസെടുത്താണ് പന്ത് പുറത്തായത്. നാലാം വിക്കറ്റിൽ രാഹുൽ – പന്ത് സഖ്യം 198 പന്തിൽ കൂട്ടിച്ചേർത്തത് 141 റൺസ്. 

ലഞ്ചിനു തൊട്ടുമുൻപ് ഇല്ലാത്ത റണ്ണിനോടി പന്ത് റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇംഗ്ലിഷ് നായകൻ ബെൻ സ്റ്റോക്സ് നേരിട്ടുള്ള ത്രോയിലൂടെയാണ് പന്തിനെ പുറത്താക്കിയത്. ലഞ്ചിനു ശേഷം തിരിച്ചെത്തിയ ഉടൻ സെഞ്ചറി പൂർത്തിയാക്കിയെങ്കിലും കെ.എൽ. രാഹുലും തൊട്ടുപിന്നാലെ പുറത്തായി. പരമ്പരയിലെ രണ്ടാം സെഞ്ചറി കുറിച്ച രാഹുൽ, 177 പന്തിൽ 13 ഫോറുകൾ സഹിതം 100 റൺസെടുത്താണ് മടങ്ങിയത്. തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അർധസെഞ്ചറി തികയ്ക്കുന്നത്.

രണ്ടാംദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 145 എന്ന നിലയിലായിരുന്നു. യശസ്വി ജയ്സ്വാൾ (13), കരുൺ നായർ (40), ശുഭ്മൻ ഗി‍ൽ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നു വിക്കറ്റും ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ശുഐബ് ബഷീർ, ബ്രൈഡൻ കാർസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

∙ അശ്രദ്ധയിൽ പൊലിഞ്ഞ വിക്കറ്റ്

സെഞ്ചറിക്കരികിൽ നിൽക്കെ സ്ട്രൈക്ക് കിട്ടാനുള്ള രാഹുലിന്റെ ശ്രമമാണ് പന്തിന്റെ വിക്കറ്റിൽ കലാശിച്ചത്. ശുഐബ് ബഷീറിന്റെ പന്ത് ഓഫ്സൈഡിലേക്ക് പ്രതിരോധിച്ച പന്ത് ക്രീസ് വിട്ടെങ്കിലും പന്തിന് അടുത്തേക്ക് ബെൻ സ്റ്റോക്സ് വരുന്നതുകണ്ട് ഒന്ന് അമാന്തിച്ചതാണ്. എന്നാൽ അപ്പോഴേക്കും രാഹുൽ ഓട്ടം തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ പന്തും ക്രീസ് വിട്ടു. നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിൽ കുത്തുന്നതിനു മുൻപേ സ്റ്റോക്സിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപിളക്കി. ഇടതുകയ്യിലെ വിരലിനേറ്റ പരുക്കിനെ തുടർന്ന് ഇടയ്‌ക്കിടെ വൈദ്യസഹായം തേടി ബാറ്റിങ് തുടർന്ന പന്ത് നിരാശയോടെയാണ് ഗ്രൗണ്ട് വിട്ടത്.

നേരത്തെ, ബെൻ സ്റ്റോക്സിനെതിരെ സിക്സറടിച്ച് അർധസെഞ്ചറി കുറിച്ചതിനൊപ്പം, ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ കൂടുതൽ സിക്സറുകൾ എന്ന നേട്ടവും പന്ത് സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പന്തിന്റെ 35–ാം സിക്സറായിരുന്നു ഇത്. റിച്ചാഡ്സിന്റെ പേരിൽ 34 സിക്സറാണുള്ളത്. ടിം സൗത്തി (30), യശസ്വി ജയ്സ്വാൾ (27), ശുഭ്മൻ ഗിൽ (26) എന്നിവരാണ് പിന്നാലെയുള്ളത്. പിന്നീട് ശുഐബ് ബഷീറിനെതിരെ വീണ്ടും സിക്സർ നേടിയ പന്ത്, തന്റെ നേട്ടം 36 ആക്കി ഉയർത്തി.

∙ ആദ്യ പന്തിൽ സെഞ്ചറി!

നേരത്തെ, 4ന് 251 എന്ന സ്കോറിൽ ഇന്നലെ ബാറ്റിങ് പുനരാരംഭിക്കുമ്പോൾ തലേന്ന് ഇന്ത്യൻ പേസ് ആക്രമണങ്ങളെ ചെറുത്തു തോൽപിച്ചതിന്റെ ആത്മവിശ്വാസമായിരുന്നു ഇംഗ്ലിഷ് ബാറ്റർമാരുടെ മുഖത്ത്. ജസ്പ്രീത് ബുമ്രയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ജോ റൂട്ട് സെഞ്ചറിയിലെത്തി. ടെസ്റ്റിൽ റൂട്ടിന്റെ 37–ാം സെഞ്ചറിയും ലോഡ്സിലെ എട്ടാം സെഞ്ചറിയുമായിരുന്നു അത്. ബാസ്ബോൾ യുഗത്തിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ വേഗം കുറഞ്ഞ സെഞ്ചറികളിലൊന്നാണ് (192 പന്തുകൾ) റൂട്ട് ഇത്തവണ കുറിച്ചത്.

എന്നാൽ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ബുമ്ര ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ (44) ഓഫ് സ്റ്റംപ് തെറിപ്പിച്ചതോടെ ഇംഗ്ലണ്ടിന്റെ വീഴ്ച തുടങ്ങി. അടുത്ത ഓവറിലെ ആദ്യ പന്തിൽ ജോ റൂട്ടിനെ (104) ബോൾഡാക്കി ബുമ്ര വീണ്ടും ആഞ്ഞടിച്ചു. ബുമ്രയുടെ തൊട്ടടുത്ത പന്തിൽ ക്രിസ് വോക്സ് ഗോൾഡൻ ‍ഡക്ക് (0). വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിയ ക്യാച്ചിന് ആദ്യം അംപയർ ഔട്ട് നിഷേധിച്ചെങ്കിലും റിവ്യൂവിലൂടെ ഇന്ത്യ വിക്കറ്റ് നേടിയെടുത്തു. ബുമ്രയുടെ 7 പന്തുകൾക്കിടെ ഇംഗ്ലണ്ടിന് നഷ്ടമായത് 3 വിക്കറ്റുകളാണ്.

7ന് 271 എന്ന സ്കോറിലേക്ക് വീണ ഇംഗ്ലണ്ടിനെ എളുപ്പത്തിൽ ചുരുട്ടിക്കെട്ടാനുള്ള ഇന്ത്യയുടെ മോഹങ്ങൾക്ക് മുൻപിൽ വില്ലനായി വീണ്ടും ജയ്മി സ്മിത്ത് അവതരിച്ചു. കഴിഞ്ഞ ടെസ്റ്റിലെ ഉജ്വല ഫോമിന്റെ തുടർച്ചയെന്നോണം അതിവേഗ അർധ സെഞ്ചറി നേടിയ സ്മിത്തും (56 പന്തിൽ 51) വാലറ്റത്ത് അപ്രതീക്ഷിത അർധ സെഞ്ചറി നേടിയ ബ്രൈഡൻ കാഴ്സും (56) ഇന്ത്യൻ പ്രതീക്ഷകൾ തകർത്തു. എട്ടാം വിക്കറ്റിൽ 84 റൺസ് നേടിയ ഇവരുടെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് സ്കോർ 350 കടത്തിയത്. ഒടുവിൽ സ്മിത്തിനെയും കാഴ്സിനെയും പുറത്താക്കിയ സിറാജ് ഇംഗ്ലണ്ടിന്റെ ചെറുത്തുനിൽപ് അവസാനിപ്പിച്ചു.

English Summary:

England vs India, 3rd Test, India circuit of England, 2025, Day 3 - Live Updates

Read Entire Article