ലോഡ്സിലെ ഓവർ നഷ്ടത്തിന് ഇംഗ്ലണ്ട് താരങ്ങൾക്ക് പിഴ, 2 ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റും വെട്ടിക്കുറച്ചു; ഇന്ത്യയെ ‘വെറുതെ വിട്ടതിൽ’ വിമർശനം

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 16 , 2025 03:19 PM IST

1 minute Read

ലോഡ്സ് ടെസ്റ്റിനു ശേഷം ബെൻ സ്റ്റോക്സും ശുഭ്‌മൻ ഗില്ലും (PTI Photo/R Senthilkumar)
ലോഡ്സ് ടെസ്റ്റിനു ശേഷം ബെൻ സ്റ്റോക്സും ശുഭ്‌മൻ ഗില്ലും (PTI Photo/R Senthilkumar)

ലണ്ടൻ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാടകീയ വിജയം സ്വന്തമാക്കിയതിന്റെ അലയൊലികൾ അടങ്ങും മുൻപേ, ഇംഗ്ലണ്ടിനെതിരെ കടുത്ത നടപടിയുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ലോഡ്സ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ഐസിസി ശിക്ഷിച്ചത്. ടീമംഗങ്ങൾക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതിനു പുറമേ, ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽനിന്ന് രണ്ടു പോയിന്റും വെട്ടിക്കുറച്ചു. അതേസമയം, ഇന്ത്യൻ ടീം ശിക്ഷ കൂടാതെ രക്ഷപ്പെട്ടു.

ഇന്ത്യൻ ടീമിനെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ, കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ രംഗത്തെത്തി. ലോഡ്സ് ടെസ്റ്റിൽ രണ്ടു ടീമുകളുടെയും ഓവർ നിരക്ക് തീരെ കുറവായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും ഒരു ടീം മാത്രം എങ്ങനെയാണ് ശിക്ഷിക്കപ്പെട്ടതെന്ന് മനസിലാകുന്നില്ലെന്നും വോൺ എക്സിൽ കുറിച്ചു.

അത്യന്തം ആവേശകരമായിരുന്ന ടെസ്റ്റിൽ 22 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ 2–1ന്റെ ലീഡും നേടി. അവസാന ദിനം രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിൽ ഇന്ത്യൻ വാലറ്റം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിനെ അതിജീവിച്ചാണ് ഇംഗ്ലണ്ട് വിജയക്കൊടി നാട്ടിയത്. എന്നാൽ, അഞ്ച് ദിനം നീണ്ട മത്സരത്തിനിടെ ഒട്ടേറെ ഓവറുകൾ നഷ്ടമായ സാഹചര്യത്തിലാണ് ഐസിസി കടുത്ത നടപടിയിലേക്ക് കടന്നത്.

ഇടവേളകൾ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടും ഇംഗ്ലണ്ട് ടീം ആവശ്യമായതിലും 2 ഓവർ കുറച്ചാണ് ബോൾ ചെയ്തതെന്ന് ഐസിസി കണ്ടെത്തി. ഐസിസിയുടെ ചട്ടമനുസരിച്ച്, ഒരു ഓവർ കുറച്ചു ബോൾ ചെയ്താൽ താരങ്ങൾക്ക് മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് ശിക്ഷ. ഇതിനു പുറമേ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽനിന്ന് ഒരു പോയിന്റും വെട്ടിക്കുറയ്ക്കും. ഇവിടെ രണ്ട് ഓവർ കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് മാച്ച് ഫീയും വെട്ടിക്കുറച്ച പോയിന്റും ഇരട്ടിയായത്.

English Summary:

ICC takes strict enactment against England, 2 WTC points docked

Read Entire Article