ലോഡ്സിൽ ഇന്ത്യ വിജയം കൈവിട്ടതിനു പിന്നാലെ 3 വിക്കറ്റ് അകലെ വിജയം കൈവിട്ട് വൈഭവും സംഘവും; ഇത്തവണ തോറ്റില്ലെന്ന് ആശ്വാസം!

6 months ago 8

ഓൺലൈൻ ഡെസ്ക്

Published: July 15 , 2025 02:55 PM IST Updated: July 16, 2025 09:52 AM IST

1 minute Read

india-u-19-vs-england-u-19
ഇന്ത്യ അണ്ടർ 19 ടീമും ഇംഗ്ലണ്ട് അണ്ടർ 19 ടീമും തമ്മിലുള്ള ചതുർദിന മത്സരത്തിൽനിന്ന് (Photo: Screen Grab, ECB Live Video))

ലണ്ടൻ∙ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ജയസാധ്യത ഉണ്ടായിരുന്ന മത്സരം ശുഭ്മൻ ഗില്ലും സംഘവും തോറ്റതിന്റെ നിരാശയ്‌ക്കിടെ, അണ്ടർ 19 ടീമുകളുടെ ചതുർദിന മത്സരത്തിലും നേരിയ വ്യത്യാസത്തിൽ വിജയം കൈവിട്ട് ഇന്ത്യ. ഇത്തവണ വിജയത്തിന് മൂന്നു വിക്കറ്റ് അരികെ വരെയെത്തിയ ഇന്ത്യ, അവസാന ദിനത്തിലെ മത്സരം പൂർത്തിയായതോടെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. 350 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, 63 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 80 റൺസ്!

സ്കോർ: ഇന്ത്യ അണ്ടർ 19 – 540 & 248, ഇംഗ്ലണ്ട് അണ്ടർ 19 – 439 & 270/7. പരമ്പരയിലെ രണ്ടാം ചതുർദിന മത്സരം ജൂലൈ 20 മുതൽ ചെംസ്ഫോഡ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് യുവനിരയ്ക്ക്, ക്യാപ്റ്റൻ ഹംസ ഷെയ്ഖിന്റെ സെഞ്ചറിയാണ് പിടിവള്ളിയായത്. 140 പന്തുകൾ നേരിട്ട ഷെയ്ഖ്, 11 ഫോറും രണ്ടു സിക്സും സഹിതം 112 റൺസെടുത്തു. ഇംഗ്ലണ്ടിനായി ബെൻ മയേസ്, തോമസ് റ്യൂ എന്നിവർ അർധസെഞ്ചറി നേടി. ബെൻ 82 പന്തിൽ മൂന്നു ഫോറുകളോടെ 51 റൺസെടുത്തപ്പോൾ, ട്വന്റി20 ശൈലിയിൽ തകർത്തടിച്ച തോമസ് റ്യൂ 35 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസെടുത്തും പുറത്തായി.

ഒരു ഘട്ടത്തിൽ നാലിന് 243 റൺസ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് 15 റൺസിനിടെ തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമാക്കി ഏഴിന് 258 റൺസ് എന്ന നിലയിലേക്ക് തകർന്നത് ഇന്ത്യയ്‌ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും, റാൽഫി ആൽബർട്ട് – ജാക്ക് ഹോം സഖ്യം 11.1 ഓവറുകൾ വിജയകരമായി പ്രതിരോധിച്ച് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.

ഇന്ത്യയ്ക്കായി ആർ.എസ്. അംബരീഷ് 9 ഓവറിൽ 48 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപേഷ് ദേവേന്ദ്രൻ, അൻമോൽജീത് സിങ്, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച വൈഭവ് സൂര്യവംശി, രണ്ടാം ഇന്നിങ്സിൽ ആറ് ഓവർ ബോൾ ചെയ്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ വൈഭവ് സൂര്യവംശി അർധസെഞ്ചറിയുമായി മികച്ച തുടക്കം സമ്മാനിച്ചതോടെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 248 റൺസെടുത്തത്. വൈഭവ് 44 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്തു. വിഹാൻ മൽഹോത്ര (85 പന്തിൽ 63), അംബരീഷ് (71 പന്തിൽ 53) എന്നിവർ അർധസെഞ്ചറി നേടി. ഇംഗ്ലണ്ടിനായി ആർക്കി വോൺ 25 ഓവറിൽ 84 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഇംഗ്ലണ്ടിനെ 439ന് പുറത്താക്കിയ ഇന്ത്യ 101 റൺസിന്റെ ലീ‍ഡും ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കിയിരുന്നു.

English Summary:

England Under 19 vs India Under 19, 1st Youth Test, Day 4 - Live Updates

Read Entire Article