Published: July 14 , 2025 10:36 AM IST
2 minute Read
ലണ്ടൻ ∙ ജയിക്കാൻ 135 റൺസ് കൂടി മതി. എന്നാൽ കയ്യിൽ 6 വിക്കറ്റുകൾ മാത്രം ബാക്കി... പ്രതീക്ഷയുടെ നാമ്പുകൾക്കൊപ്പം മനസ്സിൽ തിളച്ചുമറിയുന്ന ആശങ്കകളുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇന്നു ലോഡ്സ് ഗ്രൗണ്ടിലേക്കു കണ്ണെറിയും. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ, 193 റൺസ് വിജയലക്ഷ്യം തേടി നാലാംദിനം അവസാന സെഷനിൽ ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാൽ 58 റൺസിനിടെ 4 വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലിഷ് പേസർമാർ അനായാസ വിജയമെന്ന ഇന്ത്യൻ മോഹങ്ങൾക്കു മങ്ങലേൽപിച്ചു. അവസാനദിനം ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ 33 റൺസുമായി ബാറ്റിങ് തുടരുന്ന കെ.എൽ.രാഹുലിലാണ്.
ചേസിങ് ടീമുകൾക്കു മികച്ച റെക്കോർഡുള്ള ലോഡ്സിൽ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്കു രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (0) നഷ്ടമായി. രണ്ടാം വിക്കറ്റിൽ രാഹുലുമൊത്ത് 36 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും കരുൺ നായർക്കു (14) പ്രതീക്ഷ കാക്കാനായില്ല. നേരിട്ട ഒൻപതാം പന്തിൽ ബ്രൈഡൻ കാഴ്സിനു വിക്കറ്റ് നൽകിയ ശുഭ്മൻ ഗില്ലും (6) പുറത്തായതോടെ ആശങ്കയായി.
നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപിന്റെ (1) കൂടി വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ട് നാലാംദിനം അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 41 എന്ന സ്കോറിലായിരുന്ന ഇന്ത്യയ്ക്ക് 17 റൺസിനിടെ 3 വിക്കറ്റുകൾ കൂടി നഷ്ടമായി.
∙ വാഷിങ് ‘ടേൺ’
നേരത്തേ, 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വാഷിങ്ടൻ സുന്ദറിന്റെ ബോളിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 192 റൺസിൽ ഒതുക്കിയത്. കണിശതയോടെ ന്യൂബോൾ എറിഞ്ഞ് ഇംഗ്ലിഷ് ബാറ്റർമാരെ പരീക്ഷിച്ചിട്ടും ജസ്പ്രീത് ബുമ്രയെ ആദ്യ സെഷനിൽ ഭാഗ്യം തുണച്ചില്ല. എന്നാൽ, തന്റെ 6 ഓവറുകൾക്കിടെ 2 വിക്കറ്റുമായി മുഹമ്മദ് സിറാജ് തുടക്കം ഗംഭീരമാക്കി. ആറാം ഓവറിൽ ബെൻ ഡക്കറ്റിനെ (12) പുറത്താക്കിയ സിറാജ് പിന്നാലെ ഒലീ പോപ്പിനെ (4) വിക്കറ്റിനു മുന്നിൽ കുരുക്കി. സാക് ക്രൗലി (22), ഹാരി ബ്രൂക്ക് (23) എന്നിവരും ആദ്യ സെഷനിൽതന്നെ ഡ്രസിങ് റൂമിൽ തിരിച്ചെത്തി.
98 റൺസിനിടെ 4 വിക്കറ്റുകൾ വീണ ഒന്നാം സെഷനുശേഷം ഇംഗ്ലണ്ടിന്റെ മധ്യനിര ചെറുത്തുനിൽപ് കാട്ടി. അഞ്ചാം വിക്കറ്റിൽ 67 റൺസുമായി ജോ റൂട്ട് (40)– ബെൻ സ്റ്റോക്സ് (33) സഖ്യം ഇന്ത്യൻ ബോളർമാരുടെ ക്ഷമ പരീക്ഷിച്ചു. ഒടുവിൽ 21 ഓവറുകൾ നീണ്ട വിക്കറ്റ് വരൾച്ച അവസാനിപ്പിച്ച് ജോ റൂട്ടിനെ (40) വാഷിങ്ടൻ സുന്ദർ പുറത്താക്കി. കഴിഞ്ഞ ടെസ്റ്റുകളിൽ ഇന്ത്യൻ ബോളർമാരെ വെള്ളം കുടിപ്പിച്ച വിക്കറ്റ് കീപ്പർ ജയ്മി സ്മിത്തായിരുന്നു (8) വാഷിങ്ടന്റെ അടുത്ത ഇര.
അവസാന സെഷന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെക്കൂടി (33) വാഷിങ്ടൻ ബോൾഡാക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ആദ്യ 2 സെഷനുകളിൽ വിക്കറ്റ് കിട്ടാതെ വലഞ്ഞ ബുമ്ര, ഇംഗ്ലണ്ടിന്റെ അവസാന 3 വിക്കറ്റുകളിൽ രണ്ടും നേടി. ശുഐബ് ബഷീറിനെ (2) ബോൾഡാക്കി തന്റെ നാലാം വിക്കറ്റ് നേടിയ വാഷിങ്ടനാണ് ഇംഗ്ലണ്ട് ഇന്നിങ്സ് ഫിനിഷ് ചെയ്തത്.
∙ സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 387
ഇന്ത്യ ഒന്നാം ഇന്നിങ്സ് 387
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ്
ക്രൗലി സി ജയ്സ്വാൾ ബി നിതീഷ് 22, ഡക്കറ്റ് സി ബുമ്ര ബി സിറാജ് 12, പോപ് എൽബി സിറാജ് 4, റൂട്ട് ബി വാഷിങ്ടൻ 40, ബ്രൂക്ക് ബി ആകാശ്ദീപ് 23, സ്റ്റോക്സ് ബി വാഷിങ്ടൻ 33, സ്മിത്ത് ബി വാഷിങ്ടൻ 8, വോക്സ് ബി ബുമ്ര 10, കാഴ്സ് ബി ബുമ്ര 1, ശുഐബ് ബി വാഷിങ്ടൻ 2, ആർച്ചർ നോട്ടൗട്ട് 5, എക്സ്ട്രാസ് 32. ആകെ 192
വിക്കറ്റ് വീഴ്ച: 22-1, 42-2, 50-3, 87-4, 154-5, 164-6, 181–7, 182–8, 185–9, 192–10
ബോളിങ്: ബുമ്ര 16–3–38–2, സിറാജ് 13–2–31–2, നിതീഷ് 5–1–20–1, ആകാശ്ദീപ് 8–2–30–1, ജഡേജ 8–1–20–0, വാഷിങ്ടൻ 12.1–2–22–4.
ഇന്ത്യ രണ്ടാം ഇന്നിങ്സ്
ജയ്സ്വാൾ സി സ്മിത്ത് ബി ആർച്ചർ 0, കരുൺ എൽബി ബി കാഴ്സ് 14, ഗിൽ എൽബി ബി കാഴ്സ് 6, ആകാശ് ബി സ്റ്റോക്സ് 1, രാഹുൽ ബാറ്റിങ് 33, എക്സ്ട്രാസ് 4. ആകെ 4ന് 58. വിക്കറ്റ് വീഴ്ച: 5–1, 41–2, 53–3, 58–4 ബോളിങ്: വോക്സ് 5–2–11–0, ആർച്ചർ 4–0–18–1, സ്റ്റോക്സ് 4.4–0–15–1, കാഴ്സ് 4–1–11–2.
English Summary:








English (US) ·