ലണ്ടൻ ∙ ബോളർമാർ സമ്മാനിച്ച സർവ മേധാവിത്തവും അവസാന ഒരു മണിക്കൂറിൽ കൈവിട്ട് ഇന്ത്യൻ ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ, ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. 193 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, നാലാം ദിനം കളി നിർത്തുമ്പോൾ 17.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനിൽക്കെ ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് വേണ്ടത് 135 റൺസ്. 47 പന്തിൽ ആറു ഫോറുകളോടെ 33 റൺസുമായി ഓപ്പണർ കെ.എൽ. രാഹുൽ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർ ഇറങ്ങാനുമുണ്ട്.
ഓപ്പണർ യശസ്വി ജയ്സ്വാൾ (ഏഴു പന്തിൽ 0), കരുൺ നായർ (33 പന്തിൽ ഒരു ഫോർ സഹിതം 14), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (ഒൻപതു പന്തിൽ ഒരു ഫോർ സഹിതം ആറ്), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നൽകി അയച്ച ആകാശ്ദീപ് (11 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാല് ഓവറിൽ 11 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ ‘തകർത്തെറിഞ്ഞ്’ ഇന്ത്യൻ ബോളർമാർ
മത്സരത്തിലാദ്യമായി പന്തുകൊണ്ട് സാന്നിധ്യമറിയിച്ച വാഷിങ്ടൻ സുന്ദറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബോളർമാർ അരങ്ങു തകർത്തതോടെയാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 192 റൺസിന് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ ഇരു ടീമുകളും 387 റൺസ് വീതമെടുത്ത് തുല്യത പാലിച്ചതിനാൽ, ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെ ഇന്ത്യയുടെ വിജയലക്ഷ്യം 193 റൺസ്. ആദ്യ രണ്ടു ടെസ്റ്റുകളും ഇരു ടീമുകളും മാറിമാറി ജയിച്ചതിനാൽ, ഈ മത്സരം ജയിക്കുന്നവർക്ക് അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ലീഡെടുക്കാം.
നാലു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദറിന്റെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുമ്രയുടെയും നേതൃത്വത്തിലാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. സുന്ദർ 12.1 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു. ഇന്ത്യയ്‍ക്കായി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട മുഹമ്മദ് സിറാജ് 13 ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ബുമ്ര 16 ഓവറിൽ 38 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ നിതീഷ് റെഡ്ഡി, ആകാശ്ദീപ് എന്നിവർ പങ്കിട്ടു.
ബാസ്ബോൾ മാറ്റിവച്ച് പ്രതിരോധാത്മകമായ ഇന്നിങ്സിലൂടെ 96 പന്തിൽ 40 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. നാലു ഫോറും ഒരു സിക്സും സഹിതമാണ് റൂട്ട് 40 റൺസെടുത്തത്. ഓപ്പണർ സാക് ക്രൗളി (49 പന്തിൽ മൂന്നു ഫോറുകളോടെ 22), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (96 പന്തിൽ മൂന്നു ഫോറുകളോടെ 33), ഹാരി ബ്രൂക്ക് (19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 23) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബെൻ ഡക്കറ്റ് 12 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്തും ക്രിസ് വോക്സ് 33 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്തും പുറത്തായി. ഒലി പോപ്പ് (17 പന്തിൽ നാല്), ജെയ്മി സ്മിത്ത് (14 പന്തിൽ എട്ട്), ബ്രൈഡൻ കാഴ്സ് (നാലു പന്തിൽ ഒന്ന്), ശുഐബ് ബഷിർ (ഒൻപതു പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി. ജോഫ്ര ആർച്ചർ 25 പന്തിൽ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
∙ തുടക്കമിട്ട് സിറാജ്
ഇംഗ്ലണ്ട് സ്കോർ 22ൽ നിൽക്കെ ബെൻ ഡക്കറ്റിനെ മിഡ് ഓണിൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഒലി പോപ്പിനെയും സിറാജ് തന്നെ പുറത്താക്കി. 12 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ്, ഒരു ഫോർ സഹിതം 12 റൺസെടുത്താണ് പുറത്തായത്. 17 പന്തുകൾ നേരിട്ടാണ് ഒലി പോപ്പ് 4 റൺസുമായി മടങ്ങിയത്. അംപയർ ആദ്യം വിക്കറ്റ് അനുവദിച്ചില്ലെങ്കിലും, സിറാജിന്റെ നിർബന്ധത്തിൽ ശുഭ്മൻ ഗിൽ ഡിആർഎസ് ആവശ്യപ്പെട്ടതോടെയാണ് ഒലി പോപ്പിന്റെ വിക്കറ്റ് ലഭിച്ചത്.
തലേന്ന് സമയം പാഴാക്കിയതിന്റെ പേരിൽ ഇന്ത്യൻ താരങ്ങളുടെ അപ്രീതിക്ക് പാത്രമായ ഓപ്പണർ സാക് ക്രൗളിയാണ് മൂന്നാമനായി പുറത്തായത്. 49 പന്തിൽ മൂന്നു ഫോറുകളോടെ 22 റൺസെടുത്ത ക്രൗളിയെ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്. സ്ലിപ്പിൽ യശസ്വി ജയ്‌സ്വാൾ ക്യാച്ചെടുത്തു. ബാസ്ബോൾ ശൈലിയിൽ തകർത്തടിച്ചു തുടങ്ങിയ ലോക ഒന്നാം നമ്പർ ബാറ്ററായ ഹാരി ബ്രൂക്ക് നാലാമനായി മടങ്ങി. 19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത ബ്രൂക്കിനെ, ആകാശ്ദീപാണ് പുറത്താക്കിയത്. തൊട്ടുമുൻപുള്ള ഓവറിൽ തുടർച്ചയായി രണ്ടു ഫോറും ഒരു സിക്സുമടിച്ച് വിറപ്പിച്ച ബ്രൂക്കിനെ, അടുത്ത വരവിൽ ആകാശ്ദീപ് ക്ലീൻ ബൗൾഡാക്കി.
അഞ്ചാം വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ടുമായി ബെൻ സ്റ്റോക്സിനൊപ്പം ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ ക്ലീന് ബൗൾഡായി ജോ റൂട്ട് പുറത്തായത്. പിന്നാലെ ജെയ്മി സ്മിത്തിനെയും സുന്ദർ തന്നെ മടക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും തകർച്ചയിലേക്ക് നീങ്ങി.
നേരത്തെ, ബെൻ ഡക്കറ്റിനെ മിഡ് ഓണിൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ചതിനു പിന്നാലെ ഡക്കറ്റിനു തൊട്ടരികിൽ മുഖാമുഖമെത്തി സിറാജ് ആഹ്ലാദ പ്രകടനത്തിനു മുതിർന്നത് രംഗം നാടകീയമാക്കി. പുറത്തായി മടങ്ങിയ ഡക്കറ്റിന്റെയും സിറാജിന്റെയും തോളുകൾ ഉരസുകയും ചെയ്തു. തുടർന്ന് അംപയർമാർ വിഷയത്തിൽ ഇടപെട്ടു. ഇന്നലെ അവസാന സെഷനിൽ സമയം പാഴാക്കിയതിന്റെ പേരിൽ ഇന്ത്യൻ താരങ്ങളുടെ നോട്ടപ്പുള്ളിയായിരുന്ന സാക് ക്രൗളിയെയും വിക്കറ്റെടുത്തതിനു പിന്നാലെ ‘പ്രത്യേക യാത്രയയപ്പ്’ നൽകിയാണ് നിതീഷ് കുമാർ റെഡ്ഡി പറഞ്ഞുവിട്ടത്.
അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ജോ റൂട്ട് – ബെൻ സ്റ്റോക്സ് സഖ്യം അർധസെഞ്ചറി കൂട്ടുകെട്ടുമായി പോരാട്ടം ഇന്ത്യൻ ക്യാംപിലേക്ക് നയിക്കുകയാണെന്ന തോന്നലയുർന്നു. എന്നാൽ കൃത്യസമയത്ത് രക്ഷകനായി എത്തിയ വാഷിങ്ടൻ സുന്ദർ വിശ്വസ്തനായ ജോ റൂട്ട് (40), പരമ്പരയിൽ മികച്ച ഫോമിലുള്ള ജെയ്മി സ്മിത്ത് (എട്ട്) എന്നിവരെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും തകർന്നു. അഞ്ചാം വിക്കറ്റിൽ റൂട്ട് – സ്റ്റോക്സ് സഖ്യം 128 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു.
സ്കോർ 181ൽ നിൽക്കെ ബെൻ സ്റ്റോക്സിനെ ക്ലീൻ ബൗൾഡാക്കി വാഷിങ്‍ടൻ സുന്ദർ തന്നെ ഇന്ത്യ കാത്തിരുന്ന നിർണായക വിക്കറ്റും സമ്മാനിച്ചു. 96 പന്തിൽ മൂന്നു ഫോറുകൾ സഹിതം 33 റൺസെടുത്താണ് സ്റ്റോക്സ് മടങ്ങിയത്. ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ബ്രൈഡൻ കാഴ്സിനെയും മൂന്നു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ക്രിസ് വോക്സിനെയും ബുമ്ര പുറത്താക്കിയതോടെ അവരുടെ പ്രതിരോധം അവസാനിച്ചു.
English Summary:








English (US) ·