ലോബിയിങ് നടത്താത്തുമൂലം തനിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായെന്ന് നടന്‍ പരേഷ് റാവല്‍. 1994-ലെ ദേശീയ അവാര്‍ഡാണ് തനിക്ക് നഷ്ടമായതെന്ന് പരേഷ് റാവല്‍ പറഞ്ഞു. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പരേഷ് റാവലിന്റെ പരാമര്‍ശം.
'1993-ലോ 94-ലോ ആണ്, ഞാന്‍ മൗറിഷ്യസില്‍ ഷൂട്ടിങ്ങിലായിരുന്നു. രാവിലെ ഏഴര- എട്ടുമണിക്ക് എനിക്ക് മഹേഷ് ഭട്ടില്‍നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പരേഷ് നിങ്ങള്‍ എന്തെടുക്കുകയാണെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഉറങ്ങുകയായിരുന്നുവെന്ന് മറുപടി പറഞ്ഞു. നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയാണോ, എഴുന്നേല്‍ക്ക്, എഴുന്നേല്‍ക്ക്... 'സര്‍' എന്ന ചിത്രത്തിന് നിങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു', പരേഷ് റാവല്‍ പറഞ്ഞു.
'പിന്നീട് കല്‍പന ലജ്മിയില്‍നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. സര്‍ദാര്‍ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയാണെന്ന് അവര്‍ പറഞ്ഞു. എന്താണ് കേട്ടത് എന്ന് ഉറപ്പിക്കാന്‍ ഞാന്‍ കേതന്‍ മേത്തയുടെ സര്‍ദാറിനാണോ എന്ന് ഞാന്‍ ചോദിച്ചു. അതേ, കേതന്‍ മേത്തയുടെ ചിത്രത്തിന് തന്നെയെന്ന് ലജ്മി മറുപടി പറഞ്ഞു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവേശത്തിലായിരുന്ന താന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ അവാര്‍ഡ് വാര്‍ത്തയറിഞ്ഞു. സര്‍ദാറിനല്ല, സര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡായിരുന്നു ലഭിച്ചത്. വ്യക്തത വരുത്താന്‍വേണ്ടി കേതന്‍ മേത്തയേയും നിരൂപകന്‍ ഖാലിദ് മുഹമ്മദിനേയും സംവിധായകന്‍ ശ്യാം ബെനഗലിനേയും രാഷ്ട്രീയനേതാവായ ടി. സുബ്ബരാമി റെഡ്ഡിയേയും വിളിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് കേതന്‍ മേത്തയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സുബ്ബരാമി റെഡ്ഡി തന്നോട് ഇങ്ങനെ പറഞ്ഞു- നിങ്ങള്‍ ലോബി ചെയ്യില്ല, ഞങ്ങള്‍ ലോബി ചെയ്തു, കഠിനമായി ലോബി ചെയ്തു, അഗ്രസീവായി ലോബി ചെയ്തു. ആ വര്‍ഷത്തെ അവാര്‍ഡ് മമ്മൂട്ടിക്കായിരുന്നു ലഭിച്ചതെന്നും പരേഷ് റാവല്‍ കൂട്ടിച്ചേര്‍ത്തു.
പൊന്തന്‍മാട, വിധേയന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്കായിരുന്നു അത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ്. മണിച്ചിത്രത്താഴിലെ അഭിനയത്തിന് ശോഭന മികച്ച നടിയായി. സര്‍, വോഹ് ചോക്രി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പരേഷ് റാവലിന് മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു.
Content Highlights: Paresh Rawal recalls losing nationalist grant ‘aggressive lobbying’
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·