
അർഷ്ദീപ് സിങ്ങ്, ജസ്പ്രീത് ബുംറ | Photo: PTI
'ഹോം ഓഫ് ക്രിക്കറ്റ്', അതെ ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സ്. അവിടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. എജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ആയിരത്തിലധികം റണ്‍സും 20 വിക്കറ്റും നേടി ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു എന്നതാണ് ഇന്ത്യന്‍ നിരയിലെ പ്രത്യേകത. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മുഹമ്മദ് സിറാജും ആകാശ് ദീപും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ബുംറ എത്തുമ്പോള്‍ അപ്പോള്‍ സ്ഥാനം നഷ്ടമാകുക പ്രസിദ്ധ് കൃഷ്ണയ്ക്കാകും. കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
എന്നാല്‍ മത്സരത്തിലേക്ക് വരുമ്പോള്‍ ഒരു നാലാം പേസറെ ഇന്ത്യ ടീമിലെടുക്കുമോ എന്നതാണ്. ലോര്‍ഡ്‌സ് പിച്ചിന്റെ ആദ്യ ദൃശ്യങ്ങള്‍ പ്രകാരം പച്ചപ്പ് നിറഞ്ഞ പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തം. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ബൗളര്‍മാര്‍ക്ക് നല്ല സീം മൂവ്‌മെന്റും ലഭിക്കുമെന്ന കാര്യം വ്യക്തം. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെ ടീമിലെടുത്തതും പിച്ചിന്റെ സ്വഭാവം കാരണമാണെന്നതാണ് വസ്തുത. കഴിഞ്ഞമാസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഉപയോഗിച്ചതിന് സമാനമായ പിച്ചായിരിക്കും ഇതെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചത്.
ഇതോടെ ബുംറ, സിറാജ്, ആകാശ് ദീപ് എന്നിവരെ കൂടാതെ നാലാം പേസറായി അര്‍ഷ്ദീപ് സിങ്ങിന് ഇന്ത്യ അവസരം നല്‍കിയേക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ അര്‍ഷ്ദീപിന് ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിയൊരുങ്ങും. പ്രസിദ്ധ് കൃഷ്ണ മോശം ഫോമിലായതിനാല്‍ തന്നെ നാലാം പേസറെ പരിഗണിക്കുകയാണെങ്കില്‍ അര്‍ഷ്ദീപിന് തന്നെയാണ് സാധ്യത.
അര്‍ഷ്ദീപ് ടീമിലെത്തുകയാണെങ്കില്‍ വാഷിങ്ടണ്‍ സുന്ദറിനോ നിതീഷ് കുമാര്‍ റെഡ്ഡിക്കോ സ്ഥാനം നഷ്ടമായേക്കും. എഡ്ജ്ബാസ്റ്റണില്‍ നിതീഷിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ബാറ്റിങ്ങില്‍ പരാജയമായ താരത്തിന് ബൗളിങ്ങിലും കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. എന്നാല്‍ സുന്ദര്‍ ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ സ്റ്റോക്ക്‌സിനെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയതും സുന്ദറായിരുന്നു. ഇതോടെ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ.
കരുണ്‍ നായരെ ഇനിയും വിശ്വാസത്തിലെടുക്കുമോ അതോ സായ് സുദര്‍ശനെ മൂന്നാം നമ്പറില്‍ തിരികെ കൊണ്ടുവരുമോ എന്നതാണ് മറ്റൊരു ചര്‍ച്ചാ വിഷയം. കരുണിന് നാല് ഇന്നിങ്‌സുകളിലും ബാറ്റിങ്ങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ പക്ഷേ താരം ഫോമിലേക്കെത്തിയേക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
Content Highlights: India`s squad enactment for the 3rd Test astatine Lords is debated. Bumrah return, Arshdeep`s debut chance








English (US) ·