16 July 2025, 02:30 PM IST

Photo: PTI
ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം നേടിയിട്ടും ഇംഗ്ലണ്ട് ടീമിന് തിരിച്ചടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ട് പോയന്റ് കുറയ്ക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് നടപടി. ഇംഗ്ലണ്ട് ടീമിന് ഒന്നടങ്കം മാച്ച് ഫീസിന്റെ 10 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിബന്ധനകളിലെ ആര്‍ട്ടിക്കിള്‍ 16.11.2 പ്രകാരമാണ് പിഴ ചുമത്തിയത്.
ഓവര്‍ നിരക്കിന്റെ കാര്യം എമിറേറ്റ്സ് ഐസിസി എലൈറ്റ് പാനലിലെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ സ്ഥിരീകരിച്ചിരുന്നു. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് രണ്ട് ഓവറുകള്‍ കുറവാണ് ബൗള്‍ ചെയ്തിരുന്നതെന്നാണ് കണ്ടെത്തല്‍. ഇതോടെ ഇംഗ്ലണ്ടിന്റെ പോയന്റ് 24-ല്‍ നിന്ന് 22 ആയി കുറഞ്ഞു. ഇത് അവരുടെ പോയന്റ് ശതമാനത്തെയും ബാധിച്ചു. 66.67 ശതമാനത്തില്‍ നിന്ന് ഇംഗ്ലണ്ടിന്റെ പോയന്റ് ശതമാനം 61.11 ആയി കുറഞ്ഞു. ഇതോടെ പോയന്റ് പട്ടികയില്‍ ഓസ്‌ട്രേലിയക്കു പിന്നില്‍ രണ്ടാമതായിരുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് വീണു.
നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഓസ്‌ട്രേലിയ 36 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 16 പോയന്റും 66.67 പോയന്റ് ശരാശരിയുമായി ശ്രീലങ്ക, ഇംഗ്ലണ്ടിനെ മറികടന്ന് രണ്ടാമതെത്തി. 12 പോയന്റും 33.33 പോയന്റ് ശരാശരിയുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
Content Highlights: England docked 2 World Test Championship points and fined for dilatory over-rate








English (US) ·