Published: October 26, 2025 05:57 PM IST
1 minute Read
മുംബൈ∙ ഏകദിന ക്രിക്കറ്റിൽ തുടർന്നും കളിക്കുക ലക്ഷ്യമിട്ട് രോഹിത് ശര്‍മ ഫിറ്റ്നസിൽ ഇനിയും മാറ്റങ്ങൾ കൊണ്ടുവരാൻ തയാറെടുക്കുകയാണെന്ന് ഇന്ത്യൻ ടീം മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് രോഹിത് 11 കിലോ ശരീരഭാരം കുറച്ചിരുന്നു. അഡ്‍ലെയ്ഡിൽ അർധ സെഞ്ചറിയും സിഡ്നിയിൽ സെഞ്ചറിയും നേടി തിളങ്ങിയ 38– വയസ്സുകാരൻ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ഇന്ത്യൻ ജഴ്സിയിൽ കളിച്ചേക്കും. 2027 ലെ ഏകദിന ലോകകപ്പാണ് രോഹിത് ലക്ഷ്യമിടുന്നത്. ഏകദിന ടീമിലെ ഓപ്പണർ സ്ഥാനം നിലനിര്‍ത്താൻ ഇനിയും ഫിറ്റ്നസ് ‘പരീക്ഷണങ്ങൾ’ നടത്താനാണു രോഹിത്തിന്റെ തീരുമാനം.
അഭിഷേക് നായർക്കു കീഴിലാണ് രോഹിത് ഫിറ്റ്നസ് മെച്ചപ്പെടുത്താനായി പരിശീലിക്കുന്നത്. ‘‘മൂന്നു മാസമാണ് രോഹിത് ശർമ കഠിനാധ്വാനം ചെയ്തത്. പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളെല്ലാം അദ്ദേഹം വേണ്ടെന്നുവച്ചു. അടുത്ത തവണ അദ്ദേഹം കളിക്കാനിറങ്ങുമ്പോൾ രോഹിത് കുറച്ചുകൂടി ഭാരം കുറച്ചതായി നിങ്ങൾ അറിയും.’’– അഭിഷേക് നായർ ജിയോഹോട്സ്റ്റാറിനോടു പ്രതികരിച്ചു. മുംബൈയിലെ വടാപാവ് ഏറെ ഇഷ്ടമുള്ള രോഹിത് അതു കഴിച്ചിട്ട് മാസങ്ങളായെന്നു അഭിഷേക് നായർ വെളിപ്പെടുത്തിയിരുന്നു. ഒരു ബോഡി ബിൽഡറെപ്പോലെയാണ് രോഹിത് ജിമ്മിൽ അധ്വാനിച്ചതെന്നും അഭിഷേക് നായർ വ്യക്തമാക്കി.
ഓസ്ട്രേലിയൻ പര്യടനത്തിൽ തകർപ്പന്‍ പ്രകടനമാണ് രോഹിത് ശർമ നടത്തിയത്. സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തില്‍ 125 പന്തുകളില്‍ 121 റൺസടിച്ചു പുറത്താകാതെനിന്ന രോഹിത് ശർമ ഇന്ത്യയെ വമ്പൻ വിജയത്തിലെത്തിച്ചിരുന്നു. രോഹിത്തും കോലിയും ചേർന്ന കൂട്ടുകെട്ട് ഒൻപതു വിക്കറ്റ് വിജയമാണ് ഇന്ത്യയ്ക്കു നേടിക്കൊടുത്തത്. രാജ്യാന്തര കരിയറിൽ താരത്തിന്റെ 50–ാം സെഞ്ചറിയാണിത്. കളിയിലെ താരവും പരമ്പരയിലെ താരവുമായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ.
അഡ്‍ലെയ്ഡിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും രോഹിത് ഗംഭീര തിരിച്ചുവരവാണു ബാറ്റിങ്ങിൽ നടത്തിയത്. 97 പന്തുകളിൽ 73 റൺസ് അടിച്ചെടുത്ത രോഹിത്, രണ്ടു സിക്സുകളും ഏഴു ഫോറുകളും ബൗണ്ടറി കടത്തി. പെർത്തിലെ ആദ്യ മത്സരത്തിൽ എട്ടു റൺസ് മാത്രമടിച്ച് പുറത്തായ ശേഷമായിരുന്നു രോഹിത്തിന്റെ ഗംഭീര ഇന്നിങ്സുകള്‍. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത്തും കോലിയും ഏകദിനത്തിൽ മാത്രമാണു കളിക്കുന്നത്.
English Summary:








English (US) ·