വണ്ടിക്കൂലി ‌ചോദിക്കരുത്; തരില്ല; ജൂനിയർ അത്‌ലറ്റിക്സ് താരങ്ങൾക്കു പണം നൽകാതെ സർക്കാർ

3 months ago 3

ഷീന കെ.തോമസ്

ഷീന കെ.തോമസ്

Published: October 08, 2025 01:07 PM IST

1 minute Read

kerala-junior-athletics-funding-crisis

പത്തനംതിട്ട∙ ‘വായ്പ വാങ്ങിയ 24,000 രൂപ കൊണ്ടാണ് മകനെ മത്സരിക്കാൻ വിടുന്നത്. കഴിഞ്ഞ വർഷങ്ങളിലൊക്കെ മെഡൽ ലഭിക്കുന്നുണ്ട്. എന്നാൽ മെഡൽ ലഭിച്ചവർക്കു സർക്കാർ പ്രഖ്യാപിച്ച സമ്മാനം ഇതുവരെ ലഭിച്ചിട്ടില്ല. മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല’, മത്സ്യത്തൊഴിലാളിയായ ആലപ്പുഴ ചേന്നവേലി സ്വദേശി ജെയ്മോൻ പറയുന്നു. മകൻ ടി.എം.അതുൽ  വെള്ളിയാഴ്ച മുതൽ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക്സിൽ അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ പങ്കെടുക്കുന്നത് അച്ഛൻ കടംവാങ്ങിയ പണം ഉപയോഗിച്ചാണ്. ഇത് അതുലിന്റെ മാത്രം കഥയല്ല.

അത്‌ലറ്റിക്സിൽ മത്സരിക്കാൻ കേരളത്തിൽനിന്ന് പോകുന്ന 116 കായികതാരങ്ങളിൽ ഭൂരിഭാഗം പേരുടെയും അവസ്ഥയിതാണ്. സിലക്‌ഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ മത്സരിക്കാൻ പോകാത്തവരും ഉണ്ട്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ 10 മുതൽ 14 വരെയാണു ദേശീയ ജൂനിയർ അത്‍ലറ്റിക്സ്. പല ജില്ലകളിലും സംസ്ഥാന കായിക മേളയ്ക്കു മുന്നോടിയായുള്ള റവന്യു മത്സരം നടക്കുന്നതിനാൽ കുട്ടികൾ പലരും വിമാന മാർഗമാണു യാത്ര ചെയ്യുന്നത്.

ഫണ്ടില്ലെന്ന കാരണത്താൽ യാത്രാ ടിക്കറ്റോ ഭക്ഷണ–താമസ അലവൻസോ നൽകാൻ സർക്കാർ തയാറാകുന്നില്ലെന്നാണ് പരാതി. മുൻ വർഷങ്ങളിലും ഇതായിരുന്നു അവസ്ഥ. മത്സരങ്ങളിൽ പങ്കെടുക്കാൻ കായികതാരങ്ങൾക്കു പണം നൽകണമെന്നു കാട്ടി സംസ്ഥാന സ്പോർട്സ് കൗൺസിലിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷൻ സമർപ്പിച്ച ക്ലെയിം 2023 മുതൽ അംഗീകരിച്ചിട്ടില്ല.

ദേശീയ അത്‍ലറ്റിക്സിൽ പങ്കെടുക്കാൻ 116 പേർ അടങ്ങുന്ന സംഘത്തിനു ഏകദേശം 12 ലക്ഷം രൂപ വരെ ചെലവു വരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഈ തുക കുട്ടികൾ സ്വയം കണ്ടത്തേണ്ട അവസ്ഥയാണു നിലവിൽ. കൂടാതെ, 2018 മുതൽ മെഡൽ ജേതാക്കൾക്കു സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം നൽകുന്നുമില്ല.

English Summary:

Kerala Junior Athletes Face Funding Crisis: No Government Support for National Championships

Read Entire Article