Published: August 27, 2025 12:20 PM IST
1 minute Read
ന്യൂകാസിൽ (ഇംഗ്ലണ്ട്) ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ ഈ സീസണിലേക്കു കരുതിവച്ചിരിക്കുന്ന അദ്ഭുതങ്ങളിൽ ആദ്യത്തേതു ലിവർപൂൾ പുറത്തെടുത്തു. ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിന്റെ ഇൻജറി ടൈമിൽ ലിവർപൂൾ കോച്ച് അർനെ സ്ലോട്ട് കളത്തിലേക്കു വിട്ട ഒരു പയ്യൻസ് ചെമ്പടയ്ക്കു സമ്മാനിച്ചത് അവിശ്വസനീയ വിജയം. ന്യൂകാസിലിനെ 3–2നു തോൽപിച്ച ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ആദ്യ വിജയം പേരിൽ കുറിച്ചപ്പോൾ, ഇൻജറി ടൈമിൽ വിജയഗോൾ കുറിച്ചത് ഇംഗ്ലിഷ് താരം റിയോ നുഹോമ.
ലിവർപൂളിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വെള്ളിയാഴ്ച പതിനേഴു വയസ്സു തികയുന്ന നുഹോമ പേരിലാക്കി.
ന്യൂകാസിലിന്റെ ഗ്രൗണ്ടിൽ 35–ാം മിനിറ്റിൽ റയാൻ ഗ്രാവൻബെർച്ചിന്റെ ഗോളിൽ ലിവർപൂൾ ലീഡ് നേടിയപ്പോൾ മുതൽ കളിയുടെ താളം മുറുകി. അതുവരെ മത്സരത്തിൽ ആധിപത്യമുണ്ടായിരുന്ന ന്യൂകാസിലിന് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല ആ ഗോൾ. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ വിർജിൻ വാൻ ദെയ്ക്കിനെ ടാക്കിൾ ചെയ്തത് അൽപം കടന്നുപോയതിന്റെ പേരിൽ ആന്തണി ഗോർഡനു റെഡ്കാർഡ്. ഇതോടെ ന്യൂകാസിൽ 10 പേരിലേക്കു ചുരുങ്ങി.
രണ്ടാം പകുതി തുടങ്ങി 20 സെക്കൻഡിനകം ഹ്യൂഗോ എകിറ്റികെയുടെ ഗോളിൽ ലിവർപൂൾ 2–0 ലീഡ് നേടിയെങ്കിലും ന്യൂകാസിലിന്റെ തിരിച്ചടി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 57–ാം മിനിറ്റിൽ ബ്രൂണോ ഗ്വിമാറസും 88–ാം മിനിറ്റിൽ വില്യം ഒസുലയും നേടിയ ഗോളുകളിൽ ന്യൂകാസിൽ സ്കോർ 2–2 ആക്കി.
കളി ന്യൂകാസിൽ ജയിക്കുമെന്നു തോന്നിച്ച നേരത്താണ് ഇൻജറി ടൈമിൽ കോഡി ഗാക്പോയ്ക്കു പകരം ലിവർപൂൾ കോച്ച് പതിനാറുകാരൻ റിയോ നുഹോമയെ കളത്തിലേക്കു പറഞ്ഞുവിട്ടത്. ഇൻജറി ടൈമിന്റെ 10–ാം മിനിറ്റിൽ പന്തു വലയിലെത്തിച്ച് നുഹോമ ലിവർപൂളിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി.
English Summary:








English (US) ·