
കെനിഷ ഫ്രാൻസിസും രവി മോഹനും | ഫോട്ടോ: Instagram
നടൻ രവി മോഹനും ആരതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന് ഗായിക കെനിഷ ഫ്രാൻസിസ്. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അധിക്ഷേപകരമായ സന്ദേശങ്ങളും വധഭീഷണികളും വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ പരമ്പര പോലെ കെനിഷ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചു. ആരോടും ഒന്നും ഒളിക്കാനില്ലെന്ന് കെനിഷ പറഞ്ഞു.
"ഞാൻ എന്റെ കമന്റുകൾ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല. എനിക്ക് ആരോടും ഒന്നും ഒളിക്കാനില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷെ ദയവായി എന്റെ മുഖത്ത് നോക്കി അത് ചെയ്യൂ. ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നതെന്ന് ഓരോരുത്തർക്കും പരസ്യമായി കാണിച്ചു തരാൻ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് ചുറ്റും നടക്കുന്ന എന്തിന്റെയെങ്കിലും ഒരു പ്രേരകശക്തിപോലും ഞാനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ദയവായി എന്നെ കോടതിയിൽ കൊണ്ടുപോകൂ. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു" കെനിഷ പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നതിങ്ങനെ.

"നിങ്ങളുടെ ശാപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് ഞാൻ എന്താണ് നേരിടുന്നത് എന്നതിനെക്കുറിച്ച് നിങ്ങളിൽ ആരെങ്കിലും ഒന്ന് ചിന്തിക്കാൻ മെനക്കെട്ടിട്ടുണ്ടോ? എന്നെ വേദനിപ്പിക്കാൻ നിങ്ങൾ കർമ്മത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ യഥാർത്ഥസത്യം പുറത്തുവരുമ്പോൾ അതേ വേദന ഞാൻ നിങ്ങൾക്ക് നേരാൻ പോകുന്നില്ല." കെനിഷ കൂട്ടിച്ചേർത്തു.
"നിങ്ങളിൽ മിക്കവർക്കും എന്റെ സത്യവും വേദനയും അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള വാക്കുകളും ഇതിനേക്കാൾ മോശമായവയും എന്നിൽ അടിച്ചേൽപ്പിക്കാൻ കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ തെറ്റിദ്ധാരണകൾ നിങ്ങളെ വേദനിപ്പിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്നാൽ വെളിച്ചത്തിന്റെ ദൈവങ്ങളോട് ഞാൻ പ്രാർത്ഥിക്കുന്നു, അധികം വൈകാതെ സത്യം പുറത്തുവരും. ഞാൻ തെറ്റുകാരിയാണെങ്കിൽ, നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ ഞാൻ തയ്യാറാണ്. അതുവരെ, ശ്വാസമെടുക്കാൻ എന്നെ അനുവദിക്കാമോ?" കെനിഷ ചോദിച്ചു.
നടൻ രവി മോഹനുമായുള്ള കെനിഷയുടെ ബന്ധത്തെക്കുറിച്ചും, അത് ആരതിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹബന്ധം തകരാൻ കാരണമായെന്നും ആരോപിക്കുന്ന അധിക്ഷേപങ്ങളും ഭീഷണികളും നെഗറ്റീവ് കമന്റുകളും അടങ്ങിയ സന്ദേശങ്ങളുടെ നിരവധി സ്ക്രീൻഷോട്ടുകൾ കെനിഷ ഷെയർ ചെയ്തിട്ടുണ്ട്. 'ഞാൻ കീഴടങ്ങുന്നു' എന്ന വാചകമാണ് അടിക്കുറിപ്പായി അവർ ചേർത്തിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മാതാവിന്റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനിഷ ഫ്രാന്‍സിസും ഒരുമിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരതി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കി രവി മോഹനും ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചു. ഇതിന് ആരതി വീണ്ടും മറുപടിനല്‍കി. ഇതിനിടയിലാണ് കെനിഷ തനിക്കുവന്ന വധഭീഷണിയേക്കുറിച്ച് വെളിപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.
Content Highlights: Keneeshaa Francis Addresses Death Threats Amid Ravi Mohan Divorce Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·