10 June 2025, 11:18 AM IST

വനിതാ അമ്പയറോട് തർക്കിക്കുന്ന അശ്വിൻ | X.com/@StarSportsTamil
തമിഴ്‌നാട്: ഔട്ട് വിധിച്ചതിന് പിന്നാലെ വനിതാ അമ്പയറോട് തര്‍ക്കിക്കുകയും ഗ്ലൗസ് വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ. മാച്ച് ഫീയുടെ 30% ആണ് പിഴയായി ചുമത്തിയത്. കഴിഞ്ഞദിവസം നടന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിൽ തിരുപ്പുരും ദിന്ധിഗള്‍ ഡ്രാഗണ്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പയറോട് ചൂടായത്.
അമ്പയറുടെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനവും ക്രിക്കറ്റ് സാമഗ്രികള്‍ ദുരുപയോഗം ചെയ്തതിന് 20 ശതമാനവും പിഴയായി ചുമത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് സംഭവം. സായ് കിഷോര്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ അശ്വിന്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി. ഷോട്ടിന് മുതിര്‍ന്ന താരത്തിന് പിഴച്ചതോടെ അപ്പീല്‍ ഉയരുകയും ചെയ്തു. പിന്നാലെ അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ അശ്വിന്‍ അമ്പയറുടെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.
അമ്പയറോട് ഏറെനേരം അശ്വിന്‍ തര്‍ക്കിച്ചു. തീരുമാനത്തിലുറച്ച് അമ്പയര്‍ നടന്നുപോകുമ്പോഴും പിറകില്‍ നിന്ന് ഔട്ടല്ലെന്ന് അശ്വിന്‍ വാദിച്ചു. ഡഗൗട്ടിലേക്ക് രോഷത്തോടെയാണ് താരം മടങ്ങിയത്. ബാറ്റ് പാഡിലടിച്ച് താരം എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നാലെ ഗ്ലൗസും വലിച്ചെറിഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഐപിഎൽ സീസൺ അവസാനിച്ചതിന് പിന്നാലെയാണ് താരം തമിഴ്നാട് പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങിയത്. സീസണില്‍ ചെന്നൈക്കായി നിരാശപ്പെടുത്തുന്നതായിരുന്നു അശ്വിന്റെ പ്രകടനം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് നേടാനായത്. 33 റണ്‍സുമെടുത്തു. ഐപിഎല്‍ താരലേലത്തില്‍ 9.75 കോടിക്കാണ് ആശ്വിനെ ചെന്നൈ ടീമിലെത്തിച്ചത്. ചെന്നൈയാകട്ടെ ചരിത്രത്തിലാദ്യമായി അവസാനസ്ഥാനത്തുമായി.
Content Highlights: R Ashwin Loses Cool Over Female Umpires LBW Call fined








English (US) ·