വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകാൻ തിരുവനന്തപുരം; കാര്യവട്ടത്ത് ക്രിക്കറ്റ് കാർണിവൽ!

5 months ago 5

മനോരമ ലേഖകൻ

Published: August 13, 2025 08:48 AM IST

1 minute Read

  • പുതുക്കിയ മത്സര ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം (ഫയൽ ചിത്രം).
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം (ഫയൽ ചിത്രം).

തിരുവനന്തപുരം∙ വാഗ്ദാനം ചെയ്ത ശേഷം കൈവിട്ടുപോയ ‘വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരവേദി’ വീണ്ടും തിരുവനന്തപുരത്തെ തേടിയെത്തുന്നു. ലോകകപ്പിന്റെ മുഖ്യ മത്സര വേദിയായിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സര അനുമതി ലഭിക്കാതെ പോയതോടെ പകരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തെ പരിഗണിക്കാനാണു ബിസിസിഐയുടെയും ഐസിസിയുടെയും തീരുമാനം.

ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചു. പുതുക്കിയ മത്സര ഷെഡ്യൂൾ അടക്കം ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പ്രാഥമിക റൗണ്ടിലെ 3 മത്സരങ്ങളും ഒരു സെമി ഫൈനലും തിരുവനന്തപുരത്തിനു ലഭിച്ചേക്കുമെന്നാണു സൂചന. 2 സന്നാഹ മത്സരങ്ങൾക്കും സാധ്യതയുണ്ട്.

സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ തിരുവനന്തപുരത്തെ ഒരു വേദിയായി ബിസിസിഐ ആദ്യം തീരുമാനിച്ചിരുന്നു. പക്ഷേ, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനാണ് അവസരം ലഭിച്ചത്. എന്നാൽ ബെംഗളൂരു നഗരമധ്യത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ വിജയാഘോഷം ദുരന്തത്തിൽ കലാശിച്ചതോടെയാണു സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതോടെ വീണ്ടും തിരുവനന്തപുരത്തിനു നറുക്കു വീഴുകയായിരുന്നു.

ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന സ്റ്റേഡിയമായ ചെന്നൈ ചെപ്പോക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതും തിരുവനന്തപുരത്തിനു ഗുണമായി. ഇന്ത്യ–ശ്രീലങ്ക ഉദ്ഘാടന മത്സരവും ഇന്ത്യ–ബംഗ്ലദേശ് മത്സരവും അടക്കം പ്രാഥമിക റൗണ്ടിലെ 3 മത്സരങ്ങളും ഒരു സെമി ഫൈനലുമാണു ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്നത്. ഇതേ മത്സരങ്ങൾ തന്നെ തിരുവനന്തപുരത്ത് അനുവദിക്കുമെന്നാണു പ്രതീക്ഷ. 6 രാജ്യാന്തര മത്സരങ്ങൾ നടന്ന സ്പോർട്സ് ഹബ് സ്റ്റേഡിയം ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നത് ഇത് ആദ്യമായിട്ടാകും. നേരത്തേ 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയായിരുന്നു.

English Summary:

ICC World Cup Comes to Kariyavattom: Thiruvananthapuram Secures Key Matches

Read Entire Article