വനിതാ ക്രിക്കറ്റ് ലീഗിന് മലയാളിത്തിളക്കം, ദേശീയ ക്രിക്കറ്റ് ലീഗിന്റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി

3 months ago 4

അനീഷ് നായർ

അനീഷ് നായർ

Published: September 29, 2025 03:18 PM IST

1 minute Read

ജയേഷ് ജോർജ്
ജയേഷ് ജോർജ്

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച നേതൃമികവുമായാണു ജയേഷ് ജോർജ് ബിസിസിഐ വിമൻസ് പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) പ്രഥമ ചെയർമാൻ സ്ഥാനത്തെത്തുന്നത്. ബിസിസിഐ ജോയിന്റ് സെക്രട്ടറിയായിരിക്കെ രഞ്ജി ട്രോഫി ഉൾപ്പെടെ രാജ്യത്താകെ ആയിരത്തിലേറെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ചതിന്റെ ചുമതല വഹിച്ച ജയേഷിനു ലഭിച്ച തുടർ അംഗീകാരം കൂടിയാണ് ഈ സ്ഥാനം.

എറണാകുളം ഉദയംപേരൂർ സ്വദേശിയായ ജയേഷ് തൃപ്പൂണിത്തുറ അർജുൻസ് ക്രിക്കറ്റ് ക്ലബ്ബിലും എറണാകുളം സ്വാന്റൺസ് ക്ലബിലും വിക്കറ്റ് കീപ്പർ ബാറ്റർ ആയിരുന്നു. ടിനു യോഹന്നാൻ, ഫിറോസ് വി.റഷീദ്, അജയ് കുടുവ തുടങ്ങിയവർക്കൊപ്പമായിരുന്നു സ്വാന്റൺസ് ടീമിലെ കളി. സ്വാന്റൺസ് ക്ലബ് പ്രതിനിധിയായാണ് എറണാകുളം ക്രിക്കറ്റ് അസോസിയേഷനിലെത്തുന്നത്. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റുമായിരുന്ന ടി.സി.മാത്യുവാണ് ജയേഷിനെ നേതൃത്വത്തിലേക്കു കൊണ്ടുവന്നത്.

2005 മുതൽ 2013 വരെ എറണാകുളം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തുടക്കം. കൊച്ചിയിൽ നടന്ന രാജ്യാന്തര - ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ സംഘാടനത്തിൽ പ്രധാന പങ്കു വഹിച്ചു. 2019 കെസിഎ പ്രസിഡന്റായതിനു പിന്നാലെ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി.ബിസിസിഐയിലെ കാലാവധി കഴിഞ്ഞതോടെ വീണ്ടും കെസിഎ പ്രസിഡന്റ് സ്ഥാനത്ത് മടങ്ങിയെത്തി. സ്വന്തമായി സ്ഥലം വാങ്ങിയും പാട്ടത്തിനെടുത്തും എല്ലാ ജില്ലകളിലും കെസിഎയ്ക്കു സ്വന്തം സ്റ്റേഡിയം സജ്ജമാക്കിയതു മുതൽ കേരള ക്രിക്കറ്റ് ലീഗ് ഉൾപ്പെടെയുള്ള പുതിയ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിൽ വരെ ജയേഷിന്റെ നേതൃത്വത്തിനു വലിയ പങ്കുണ്ട്.

2023ൽ ആരംഭിച്ച ഡബ്ല്യുപിഎലിന് ആദ്യമായി ഭരണസമിതി രൂപീകരിച്ചപ്പോൾ അതിന്റെ തലപ്പത്തേക്കു ജയേഷിനെ കൊണ്ടുവരാൻ മുൻകയ്യെടുത്തത് ഐസിസി പ്രസിഡന്റും ബിസിസിഐ മുൻ സെക്രട്ടറിയുമായ ജയ് ഷായാണ്. എസ്.കെ.നായർക്കും (സെക്രട്ടറി) ടി.സി. മാത്യുവിനും ശേഷം ബിസിസിഐ ഭരണസമിതിയിലെത്തുന്ന മലയാളിയാണ് ജയേഷ്.

English Summary:

Jayesh George: First Malayali to Chair BCCI Women's Premier League

Read Entire Article