12 August 2025, 02:48 PM IST

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഇന്ത്യ ആതിഥ്യംവഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് നീക്കം. ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങള്‍ മാറ്റുന്നത്. ഈ മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ പൂര്‍ണമായും തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 30-ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26-ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകും. ഒക്ടോബര്‍ 30-നാണ് രണ്ടാം സെമിഫൈനല്‍. ബെംഗളൂരുവില്‍ നിശ്ചയിച്ച ഈ മത്സരവും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നേക്കും.
ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് വനിതാ ലോകകപ്പില്‍ മത്സരിക്കുന്നത്. പാകിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.
Content Highlights: World Cup to Kerala; Thiruvananthapuram to big Women's ODI tourney successful September








English (US) ·