വനിതാ ചെസ് ലോകകപ്പ്; ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനില, ടൈബ്രേക്കർ ഇങ്ങനെ

5 months ago 6

fide chess

കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും മത്സരത്തിനിടെ Photo | x.com/ddnews_guwahati

നിതാ ചെസ് ലോകകപ്പിൽ ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെ തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കർ വിജയിയെ നിശ്ചയിക്കും. രണ്ട് ഇന്ത്യക്കാർ, കൊനേരു ഹംപിയും ദിവ്യ ദേശ്‌മുഖും തമ്മിലുള്ള പോരാട്ടം ഞായറാഴ്ച 34-ാം നീക്കത്തിനൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്. ജോർജിയയിലെ ബാത്തുമിയിൽ നടക്കുന്ന ലോകകപ്പിൽ ശനിയാഴ്ച ആദ്യഗെയിമും സമനിലയായിരുന്നു.

ഞായറാഴ്ച ആദ്യനീക്കത്തിൽ കുതിരയെ പുറത്തിറക്കി റെറ്റി പ്രാരംഭമുറയെ അനുസ്മരിപ്പിച്ച തുടക്കം പിന്നീട് ഇംഗ്ലീഷ് ഓപ്പണിങ് സമ്പ്രദായത്തിലേക്ക് മാറി. വേഗം കരുക്കളെ കളത്തിലിറക്കുന്നതിന് ഇരുവരും ഊന്നൽ നൽകി. പെട്ടെന്നുതന്നെ ഒട്ടേെറ കരുക്കൾ പരസ്പരം വെട്ടിനീക്കപ്പെട്ടു. ഓരോ കിങ്ങും ക്വീനും ചെറുകരുക്കളും മാത്രം ബോർഡിൽ ശേഷിച്ചു. പോൺ ഘടനയിലും കാര്യമായ സങ്കീർണതയുണ്ടായിരുന്നില്ല. പക്ഷേ, കൊനേരുവിന് സമയക്കുറവുണ്ടെന്നത് പ്രകടമായിരുന്നു. 23-ാം നീക്കത്തിൽ കൊനേരു മികച്ച നീക്കത്തോടെ പോൺബലി നടത്തി. ഈ നീക്കം ഇല്ലായിരുന്നെങ്കിൽ ദിവ്യയുടെ നൈറ്റ് കൊനേരുവിന്റെ ബിഷപ്പിനുമേൽ ആധിപത്യം നേടിയേനെ. അങ്ങനെവന്നാൽ കൊനേരു പ്രതിരോധത്തിലാകുമായിരുന്നു.

പോൺ സ്വീകരിച്ച ദിവ്യക്കെതിരേ അടുത്ത ക്വീൻ നീക്കത്തിലൂടെ കൊനേരു ചെക്ക്മേറ്റ് ഭീഷണിയുമുയർത്തി. പോൺ മികവ് നിലനിർത്തിക്കൊണ്ട് ദിവ്യ പ്രതിരോധം കണ്ടെത്തി. പക്ഷേ, കൊനേരുവിന്റെ ക്വീനും ബിഷപ്പും പരസ്പര ധാരണയോടെ ബോർഡിൽ സജീവമായി ചലിക്കാൻ തുടങ്ങി. മറുപടിയായി ദിവ്യ ഒരേസമയം, പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ക്വീനിനെ നന്നായി ചലിപ്പിച്ചു.

തനിക്ക് നഷ്ടപ്പെട്ട പോണിനെ നിരന്തര സമ്മർദത്തിലൂടെ കൊനേരു തിരിച്ചെടുത്തതോടെ ഒന്നാം ഗെയിമിൽ സംഭവിച്ചതുപോലെ പെർപെക്ച്വൽ ചെക്കിൽ ഗെയിം സമനിലയിൽ പര്യവസാനിച്ചു.

ഒന്നാം ഗെയിമിൽ പെർപെക്ച്വൽ ചെക്ക് ആയുധം പ്രയോഗിച്ചത് കൊനേരു ആയിരുന്നെങ്കിൽ രണ്ടാംഗെയിമിൽ ദിവ്യയുടെ ഊഴമായിരുന്നു. ഒന്നാം ഗെയിമിൽ തനിക്കുലഭിച്ച അവസരങ്ങൾ മുതലെടുക്കാനായില്ലെന്ന നഷ്ടബോധം രണ്ടാം ഗെയിമിലെ കരുനീക്കത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്ന ദൃഢനിശ്ചയം ദിവ്യ ദേശ്‌മുഖിന്റെ നീക്കങ്ങളിൽ പ്രകടമായിരുന്നു. കൊനേരുവാകട്ടെ, പരിചയസമ്പത്തിന്‍റെയും വിശകലന പാടവത്തിന്റെയും സ്രോതസ്സുകളെ ഉചിതമായി വിനിയോഗിച്ചു. രണ്ടാം ഗെയിം കുറ്റമറ്റതായിരുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ചത്തെ റാപ്പിഡ് - ബ്ലിറ്റ്സ് ടൈബ്രേക്കർ പോരാട്ടം പ്രവചനാതീതമാകുന്നു.

ടൈബ്രേക്കർ ഇങ്ങനെ

ടൈബ്രേക്കിലെ ആദ്യ രണ്ടു ഗെയിമുകൾ റാപ്പിഡ് സമയക്രമത്തിലായിരിക്കും. ഇതിൽ ഓരോ കളിക്കാർക്കും ചിന്തിക്കാൻ 15 മിനിറ്റേ ലഭിക്കൂ. ഇതോടൊപ്പം ഓരോ കരുനീക്കം നടത്തിക്കഴിയുമ്പോൾ അവരുടെ സമയസൂചികയിൽ 10 സെക്കൻഡ് വീതം കൂട്ടിച്ചേർക്കപ്പെടും (ഇൻക്രിമെന്റ്). ഒരാൾ എതിരാളിക്ക് ചെക്ക്മേറ്റ് നൽകുകയോ എതിരാളി തോൽവി സമ്മതിക്കുകയോ ഒരാളുടെ ചെസ് ക്ലോക്കിലെ സമയം തീരുകയോ ചെയ്താൽ കളിയുടെ ഫലം നിർണയിക്കപ്പെടും.

ആദ്യ റാപ്പിഡ് ഗെയിമിൽ വെള്ളക്കരു ആർക്ക് എന്നത് ടോസിലൂടെ നിർണയിക്കും. രണ്ട് റാപ്പിഡ് ഗെയിമുകൾ 1-1 ൽ അവസാനിച്ചാൽ ടൈബ്രേക്കറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

വീണ്ടും നറുക്കെടുത്ത് ആര് ഏതു കരുവുമായി കളിക്കണം എന്ന് തീരുമാനിച്ചശേഷം 10 മിനിറ്റ് +10 സെക്കൻഡ് ഇൻക്രിമെന്റ് രീതിയിൽ അടുത്ത ടൈബ്രേക്ക് പോരാട്ടം. ഇതും സമനിലയായാൽ കളർ നറുക്കെടുപ്പിനുശേഷം അടുത്ത് സംഭവിക്കുന്നത് അഞ്ചുമിനിറ്റ് + 3 സെക്കൻഡ് സമയഘടനയിലുള്ള ബ്ലിറ്റ്സ് (മിന്നൽ ചെസ്) മത്സരമാണ്.

എന്നിട്ടും തുല്യനിലയിൽ തുടർന്നാൽ വീണ്ടും കളറിനായി നറുക്കെടുക്കും. മൂന്നു മിനിറ്റ് +2 സെക്കൻഡ് സമയക്രമത്തിൽ രണ്ട് ബ്ലിറ്റ്സ് മത്സരം വീണ്ടും. എന്നിട്ടും അനിശ്ചിതാവസ്ഥ തുടർന്നാൽ കളറുകൾ തിരിച്ചിട്ട് മേൽനടന്ന 3+2 സമയക്രമത്തിലുള്ള മിന്നൽ ചെസ് ആവർത്തിക്കും. 3+2 സമയക്രമത്തിൽ രണ്ടു ഗെയിമുകൾ എന്ന പ്രക്രിയ ഒരാൾ ജയിക്കുന്നതുവരെ ആവർത്തിക്കും.

Content Highlights: Koneru Humpy and Divya Deshmukh drew their 2nd crippled successful the FIDE Women`s World Cup final

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article