മുംബൈ: രണ്ടാം ഫൈനല്‍ കളിക്കുമ്പോള്‍ രണ്ടാം കിരീടമാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടുതവണയും കൈവിട്ട കിരീടത്തിലേക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നോട്ടം. വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫൈനലില്‍ മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശമുയരും. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരങ്ങളായ മിന്നുമണി ഡല്‍ഹിയ്ക്കായും സജന സജീവന്‍ മുംബൈയ്ക്കായും കളിക്കാനിറങ്ങും.
ആശയോടെ ഡല്‍ഹി
മൂന്ന് സീസണുകളിലും ഫൈനല്‍കളിച്ച ഒരേയൊരു ടീമേയുള്ളു, അതാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അന്താരാഷ്ട്രക്രിക്കറ്റില്‍ ക്യാപ്റ്റനായി ഒട്ടേറെ കിരീടങ്ങള്‍ ഓസ്ട്രേലിയന്‍ താരം മെഗ് ലാന്നിങ്ങിനുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ടു സീസണുകളിലും ലാന്നിങ്ങിന്റെ കീഴില്‍ ഡല്‍ഹി ഫൈനലില്‍ കീഴടങ്ങി. 2023-ല്‍ മുംബൈയോടും കഴിഞ്ഞവര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടുമായിരുന്നു തോല്‍വി.
ഇത്തവണ ഒന്നാംസ്ഥാനക്കാരായി ഡല്‍ഹി നേരിട്ട് ഫൈനലില്‍ ഇടം ഉറപ്പിക്കുകയായിരുന്നു. എട്ടുകളിയില്‍ അഞ്ചുജയവും മൂന്നുതോല്‍വിയുമാണ് ടീമിനുള്ളത്.
ഷെഫാലി വര്‍മയുടെയും മെഗ് ലാന്നിങ്ങിന്റെയും മികച്ച ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. എട്ടു കളിയില്‍നിന്ന് ഷെഫാലി 300 റണ്‍സ് നേടി. പുറത്താകാതെ 80 റണ്‍സ് നേടിയതാണ് മികച്ചപ്രകടനം. സീസണില്‍ 16 സിക്സറുകളാണ് താരം പറത്തിയത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 263 റണ്‍സ് നേടിയിട്ടുണ്ട്. 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങ്ങില്‍ 11 വിക്കറ്റ് നേടിയ ജെസ്സ് ജോനാസനും ശിഖ പാണ്ഡെയുമാണ് സൂപ്പര്‍താരങ്ങള്‍. അന്നാബെല്‍ സതര്‍ലന്‍ഡിന് എട്ട് വിക്കറ്റുണ്ട്. ജമീമ റോഡ്രിഗസിന്റെയും മരിസാന കാപ്പിന്റെയും മങ്ങിയ ഫോമാണ് തിരിച്ചടി.
തിരിച്ചുപിടിക്കാന്‍ മുംബൈ
രണ്ടാം കിരീടം ലക്ഷ്യമിടുന്ന മുംബൈയുടെ ശക്തി വിന്‍ഡീസ് താരം ഹെയ്ലി മാത്യൂസിന്റെയും ഇംഗ്ലീഷ് താരം നാറ്റ് സീവര്‍ ബ്രെന്‍ഡിന്റെയും ഓള്‍റൗണ്ട് മികവാണ്. ഒന്‍പത് കളിയില്‍നിന്ന് 493 റണ്‍സോടെ റണ്‍വേട്ടയില്‍ നാറ്റ് സീവര്‍ ഒന്നാമതാണ്. ഹെയ്ലി മാത്യൂസിന് 304 റണ്‍സുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 236 റണ്‍സ് നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ 17 വിക്കറ്റുമായി ഹെയ്‌ലി മാത്യൂസാണ് ഒന്നാമത്. 16 വിക്കറ്റുമായി അമേലിയ കെര്‍ രണ്ടാമതുണ്ട്. നാറ്റ് സീവറിന് ഒന്‍പത് വിക്കറ്റുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം ഇസ്മായിലിന് എട്ടുവിക്കറ്റുണ്ട്.
Content Highlights: Mumbai Indians and Delhi Capitals clash successful the Women`s Premier League final.








English (US) ·