വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്, മൂന്നാം ഫൈനലിലും ഡൽഹിക്ക് തോൽവി

10 months ago 10

mumbai indians

കിരീടം നേടിയ മുംബൈ ടീം | PTI

മുംബൈ: അവസാനംവരെ ആവേശത്തിന്റെ അമിട്ടുകൾ പൊട്ടിച്ചിതറിയ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി മുംബൈ ഇന്ത്യൻ‌സ് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം തിരിച്ചുപിടിച്ചു.

ഞായറാഴ്ച മുംബൈയിൽ നടന്ന ഫൈനലിൽ ഡൽഹിയെ എട്ടുറൺസിന് തോൽപ്പിച്ചാണ് മുംബൈ രണ്ടാംതവണയും പ്രീമിയർ കിരീടം കൈപ്പിടിയിലാക്കിയത്. 2023-ലും ചാമ്പ്യൻമാരായ ടീമിന് ഇത് രണ്ടാംകിരീടമാണെങ്കിൽ മൂന്നാം ഫൈനലിലും ‍ഡൽഹി വെറുംകൈയോടെ മടങ്ങി. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 149/7. ഡൽഹി ക്യാപിറ്റൽസ് 141/9.

രണ്ടിന് 14 എന്നനിലയിൽ തകർന്ന ടീമിനെ ഉജ്ജ്വല ബാറ്റിങ്ങിലൂടെ തിരിച്ചുകൊണ്ടുവന്ന മുംബൈയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (44 പന്തിൽ 66) കളിയിലെ താരമായി.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കം. ഡൽഹിയുടെ ഓപ്പണിങ് ബൗളർമാരായ മരിസൺ കാപ്പും ശിഖ പാണ്ഡെയും നല്ല സ്വിങ് കണ്ടെത്തിയതോടെ മുംബൈക്ക് സ്കോറിങ് തീർത്തും ദുഷ്കരമായി. അഞ്ചാം ഓവറിലാണ് ആദ്യ ഫോറടിച്ചത്. ഓപ്പണർമാരായ യാസ്തിക ഭാട്യ (8), ഹെയ്‌ലി മാത്യൂസ് (3) എന്നിവർ മടങ്ങിയതോടെ അഞ്ച് ഓവറിൽ രണ്ടിന് 15 എന്ന നിലയിലായ മുംബൈയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (44 പന്തിൽ 66) ഏറക്കുറെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. നാലാംവിക്കറ്റിൽ നാറ്റ്‌സിവർ ബ്രന്റിനൊപ്പം (30) 62 പന്തിൽ 89 റൺസെടുത്തു. 33 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ഹർമൻപ്രീത് അന്നബെൽ സതർലൻഡ് എറിഞ്ഞ 18-ാം ഓവറിലെ ആദ്യപന്തിൽ മരിസാൻ കാപ്പിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇന്നിങ്സിൽ ഒമ്പതു ഫോറും രണ്ടു സിക്സുമുണ്ട്. ആദ്യ ഏഴ് ഓവറിൽ രണ്ടിന് 14 എന്നനിലയിൽ ഒത്തുചേർന്ന ഹർമൻപ്രീത്-നാറ്റ്സിവർ സഖ്യം 103-െലത്തിയപ്പോഴാണ് പിരിഞ്ഞത്. ഇതിനിടെ, നാറ്റ്‌സിവർ വനിതാ പ്രീമിയർ ലീഗിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യതാരമായി. മലയാളിയായ സജന സജീവൻ (0) നേരിട്ട രണ്ടാംപന്തിൽ എൽബി ആയി മടങ്ങി. ഡൽഹിയുടെ മലയാളി താരം മിന്നുമണി ഒരു ഓവറിൽ 10 റൺസ് വഴങ്ങി. നാറ്റ്‌സിവറുടെ ക്യാച്ചെടുത്തത് മിന്നുമണിയായിരുന്നു. ഡൽഹിക്കുവേണ്ടി മരിസാൻ കാപ്പ്, ജെസ് ജൊനാസൻ, ശ്രീചരണി എന്നിവർ രണ്ടുവീതം വിക്കറ്റ് നേടി.

തുടക്കത്തിൽ പതറിയെങ്കിലും വിജയത്തിന് അടുത്തെത്തിയശേഷമാണ് ഡൽഹി കീഴടിങ്ങിയത്. ക്യാപ്റ്റൻ മെഗ് ലാനിങ്ങി (13)നെ രണ്ടാംഓവറിലെ അവസാന പന്തിൽ നാറ്റ്സിവർ ക്ലീൻബൗൾഡാക്കി. അടുത്ത ഓവറിൽ, ഷെഫാലി വർമയെ (4) ഷബ്നം ഇസ്മായിൽ എൽബിയിലൂടെയും മടക്കിയതോടെ ഡൽഹി പതറി. മൂന്നാമതെത്തിയ ജെസ് ജൊനാസൻ (13) അമേലിയ കെറിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി. ജെമീമ റോഡ്രിഗസിന്റെ പ്രകടനവും (30) അധികംനീണ്ടില്ല. ഇതിനിടെ, അന്നബെൽ സതർലൻഡും (2) പുറത്തായതോടെ കളി ഏകപക്ഷീയമാകുമെന്ന് കരുതി. എന്നാൽ,

ആറാമതായെത്തിയ മരിസാനെ കാപ്പ് (26 പന്തിൽ 40) ഡൽഹിക്ക് പ്രതീക്ഷയേകി. എട്ടാംനമ്പറിൽ ഇറങ്ങിയ നിക്കി പ്രസാദിനെ കൂട്ടുപിടിച്ചാണ് കാപ്പ് ടീമിനെ തിരികെകൊണ്ടുവന്നത്. അവസാന മൂന്ന് ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 29 റൺസ് മതിയായിരുന്നു. എന്നാൽ, 18-ാം ഓവറിലെ നാലാംപന്തിൽ കാപ്പിനെയും അഞ്ചാംപന്തിൽ ശിഖാ പാണ്ഡെയെയും (0) പുറത്താക്കിയ നാറ്റ്‌സിവർ ഡൽഹിയുടെ കുതിപ്പിന് ബ്രേക്ക് ഇട്ടെങ്കിലും അവിടെയും തീർന്നില്ല. പാണ്ഡെയ്ക്ക് പകരമെത്തിയ മിന്നുമണി (4) ആദ്യപന്തിൽ ഫോറടിച്ചു.

അവസാന രണ്ട് ഓവറിൽ വേണ്ടത് 23 റൺ‌സ്. 19-ാം ഓവറിലെ രണ്ടാംപന്തിൽ മിന്നുമണിയെ മറ്റൊരു സഹതാരം സജന ക്യാച്ചെടുത്ത് പുറത്താക്കി. അവസാന ബാറ്ററായ ശ്രീചരണിയെ കൂട്ടുപിടിച്ച് നിക്കി പോരാട്ടം തുടർന്നു. ആ ഓവറിൽ ഒരു സിക്സുകൂടി. നാറ്റ്‌സിവർ എറിഞ്ഞ അവസാന ഓവറിൽ വേണ്ടത് 14 റൺസ്. അഞ്ചു സിംഗിൾ നേടാനേ കഴിഞ്ഞുള്ളൂ. നിക്കിയും (25*) ശ്രീചരണിയും (2*) പുറത്താകാതെനിന്നു. മുംബൈക്കുവേണ്ടി നാറ്റ്‌സിവർ മൂന്നും അമേലിയ കെർ രണ്ടുവിക്കറ്റും നേടി.

Content Highlights: wpl last Delhi Capitals Women vs Mumbai Indians Women unrecorded updates

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article