Published: August 23, 2025 02:07 PM IST
1 minute Read
-
ബെംഗളൂരുവിനു പകരം നവിമുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയം
തിരുവനന്തപുരം∙ വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദിയാകാനുള്ള അവസരം വീണ്ടും തിരുവനന്തപുരത്തിന് നഷ്ടം. സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കിയ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു പകരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയാക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അന്തിമ തീരുമാനം വന്നപ്പോൾ തിരുവനന്തപുരം ഔട്ട് ആയി.
പകരം നവി മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയമാണ് വേദിയായി തീരുമാനിച്ചിരിക്കുന്നത്. ഗുവാഹത്തി, ഇൻഡോർ, വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ മറ്റു മത്സര വേദികൾ. ശ്രീലങ്കയിലും മത്സരമുണ്ട്. എല്ലാ മത്സര വേദികളിലേക്കും തിരുവനന്തപുരത്തുനിന്ന് നേരിട്ട് ആവശ്യത്തിന് വിമാന സർവീസ് ഇല്ലെന്നതാണ് ഒഴിവാക്കലിനു കാരണം.മാസങ്ങൾക്ക് മുൻപ് വനിതാ ലോകകപ്പ് വേദികൾ നിശ്ചയിച്ച ഘട്ടത്തിൽ തന്നെ ബിസിസിഐ തിരുവനന്തപുരത്തെയും നിർദേശിച്ചിരുന്നു. എന്നാൽ ഐസിസി തിരുവനന്തപുരത്തെ ഒഴിവാക്കി പകരം ബെംഗളൂരുവിനെ ഉൾപ്പെടുത്തി. പിന്നീട് ഐപിഎൽ വിജയാഘോഷവുമായി ബന്ധപ്പെട്ട ആൾക്കൂട്ടദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിനെ ഒഴിവാക്കിയത്.
ഇതോടെ വീണ്ടും തിരുവനന്തപുരത്തെ പരിഗണിച്ച ബിസിസിഐ അക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഐസിസിയുടെ തീരുമാനം വന്നപ്പോൾ നവിമുംബൈ സ്റ്റേഡിയത്തിനു നറുക്കുവീണു. പകരം അടുത്ത വർഷം ഇന്ത്യയുടെ ഒരു രാജ്യാന്തര മത്സരംകൂടി തിരുവനന്തപുരത്തിന് അനുവദിച്ചേക്കും. ജനുവരി 31ന് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 മത്സരം തിരുവനന്തപുരത്തിന് അനുവദിച്ചിട്ടുണ്ട്.
English Summary:








English (US) ·