Published: March 26 , 2025 01:26 PM IST
1 minute Read
അഹമ്മദാബാദ്∙ വൻ പ്രതീക്ഷയോടെ പഞ്ചാബ് കിങ്സിലെത്തിയ ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെല്ലിന് ആദ്യ മത്സരത്തിൽ സമ്പൂർണ നിരാശ. ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റു ചെയ്യാനിറങ്ങിയ മാക്സ്‍വെൽ ആദ്യ പന്തിൽ തന്നെ പുറത്തായി മടങ്ങി. സായ് കിഷോർ എറിഞ്ഞ 11–ാം ഓവറിലെ നാലാം പന്ത് റിവേഴ്സ് സ്വീപ് കളിക്കാനുള്ള മാക്സ്‍വെല്ലിന്റെ ശ്രമം പാളി. എൽബിഡബ്ല്യു ആയാണ് മാക്സ്‍വെൽ പുറത്താകുന്നത്.
ഗുജറാത്ത് താരങ്ങൾ അപ്പീൽ ചെയ്തതിനു പിന്നാലെ അംപയർ ഔട്ട് അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഡിആർഎസിനു പോകാതെ ഉടനടി മാക്സ്‍വെൽ ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു. റീപ്ലേകളിൽ സായ് കിഷോറിന്റെ പന്ത് വിക്കറ്റിൽ തട്ടില്ലെന്നു വ്യക്തമായതോടെയാണ്, എന്തുകൊണ്ടാണ് മാക്സ്‍വെല്ലിന് ഇക്കാര്യത്തിൽ സംശയം പോലും ഇല്ലാതിരുന്നത് എന്ന ചോദ്യമുയരുന്നത്.
ഗുജറാത്തിനെതിരെ പുറത്തായതോടെ, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു ഔട്ടാകുന്ന താരമെന്ന റെക്കോർഡ് മാക്സ്‍വെല്ലിന്റെ പേരിലായി. ഇതുവരെ 19 തവണയാണ് മാക്സ്‍വെൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. 18 തവണ പുറത്തായ രോഹിത് ശർമയും ദിനേഷ് കാർത്തിക്കുമാണ് ഇക്കാര്യത്തിൽ മാക്സ്‍വെല്ലിനു പിന്നിലുള്ളത്. മത്സരത്തിൽ രണ്ടോവറുകൾ പന്തെറിഞ്ഞ മാക്സ്‍വെൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
മെഗാലേലത്തിൽ 4.2 കോടി രൂപയ്ക്കാണു താരത്തെ പഞ്ചാബ് വാങ്ങിയത്. കഴിഞ്ഞ സീസണിൽ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിച്ച മാക്സ്‍വെല്ലിനെ ടീം നിലനിർത്തിയിരുന്നില്ല. 11 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണിൽ താരം ഐപിഎൽ കളിച്ചത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 11 റൺസ് വിജയമാണ് പഞ്ചാബ് കിങ്സ് നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
English Summary:








English (US) ·