വന്നപോലെ മടങ്ങി ബാറ്റര്‍മാർ, സഞ്ജു ഉണ്ടായതു കൊണ്ടു മാത്രം 100 പിന്നിട്ട് കേരളം, മുംബൈയെ തകർത്തതിനു പിന്നാലെ വൻ തോല്‍വി

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 06, 2025 07:28 PM IST

1 minute Read

സഞ്ജു സാംസൺ.
സഞ്ജു സാംസൺ.

ലക്നൗ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു ഞെട്ടലായി ആന്ധ്ര പ്രദേശിനെതിരായ വൻ തോല്‍വി. കരുത്തരായ മുംബൈയെ തകർത്തുവിട്ടതിന്റെ ആവേശത്തിൽ ലക്നൗവിൽ കളിക്കാനിറങ്ങിയ കേരളത്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 12-ആം ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. അ‍ർധ സെഞ്ചറി നേടിയ ആന്ധ്രയുടെ കെ.എസ്. ഭരതാണ് പ്ലെയർ ഓഫ് ദി മാച്ച്.

മുംബൈയ്ക്ക് എതിരെയുള്ള ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ കേരളത്തിന് ആന്ധ്രയ്ക്കെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ബാറ്റ‍ർമാരുടെ ദയനീയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന് പുറമെ രണ്ടക്കം കടന്നത് 13 റൺസെടുത്ത നിധീഷ് എംഡി മാത്രം. 

രണ്ട് റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്ന് വിക്കറ്റുകൾ തുടര്‍ച്ചയായി വീണു. മുഹമ്മദ് അസറുദ്ദീൻ ആറും കൃഷ്ണപ്രസാദും സൽമാൻ നിസാറും അഞ്ചും അബ്ദുൾ ബാസിദ് രണ്ടും ഷറഫുദ്ദീൻ മൂന്നും റൺസ് നേടി മടങ്ങി. ഓപ്പണറായി ഇറങ്ങിയ സഞ്ജു 73 റൺസുമായി പുറത്താകാതെ നിന്നു. 56 പന്തുകളിൽ എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർമാരായ കെ.എസ്. ഭരതും അശ്വിൻ ഹെബ്ബാറും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. അശ്വിൻ ഹെബ്ബാർ 20 പന്തുകളിൽ 27ഉം കെ.എസ്. ഭരത് 28 പന്തുകളിൽ 53ഉം റൺസ് നേടി. അവിനാഷ് പൈല 12 പന്തുകളിൽ നിന്ന് 20 റൺസെടുത്തു. ഷൈക് റഷീദ് ആറും റിക്കി ഭുയി ഒൻപതും റൺസുമായി പുറത്താകാതെ നിന്നു. എട്ടോവർ ബാക്കി നില്‍ക്കെ ആന്ധ്ര അനായാസം ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി വിഘ്നേഷ് പുത്തൂ‍ർ, ബിജു നാരായണൻ,അബ്ദുൾ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

എലൈറ്റ് ഗ്രൂപ്പ് എയിൽ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണു കേരളമുള്ളത്. ആറു മത്സരങ്ങൾ പൂർത്തിയാക്കിയ കേരളത്തിനു മൂന്നു വീതം വിജയവും തോൽവിയും ഉണ്ട്. അതേസമയം ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. ആറു കളികളിൽ അഞ്ചു വിജയങ്ങളുള്ള ആന്ധ്രയ്ക്ക് 20 പോയിന്റുണ്ട്. ഒന്നാം സ്ഥാനത്തുള്ള മുംബൈയ്ക്കും 20 പോയിന്റാണുള്ളത്. ഡിസംബർ എട്ടിന് അസമിനെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഡിസംബർ ഒൻപതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു തുടക്കമാകുന്നതിനാല്‍ സഞ്ജു ഈ മത്സരത്തിനുണ്ടാകില്ല.

English Summary:

Kerala cricket squad faced a shocking decision against Andhra Pradesh successful the Syed Mushtaq Ali Trophy.

Read Entire Article