Published: January 12, 2026 09:46 PM IST
1 minute Read
ബുലവായോ∙ അണ്ടർ 19 ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് വൻ തിരിച്ചടിയുമായി ഇംഗ്ലണ്ട്. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ 20 റൺസ് വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇംഗ്ലണ്ടിന്റെ വിജയം. മഴയെ തുടർന്ന് നിർത്തിവച്ച കളിയിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 34.3 ഓവറിൽ 196 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്.
മഴ തോരാതിരുന്നതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 34.3 ഓവറിൽ 177 ആയി ചുരുക്കുകയായിരുന്നു. സ്കോർ 15 ൽ നിൽക്കെ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ വൈഭവ് സൂര്യവംശിയെ നഷ്ടമായിരുന്നു. നാലു പന്തുകൾ മാത്രം നേരിട്ട വൈഭവ് ഒരു റൺസാണ് ആകെ നേടിയത്. എന്നാൽ അർധ സെഞ്ചറി നേടിയ അഭിഗ്യാൻ കുണ്ടുവിന്റെ ബാറ്റിങ് ഇന്ത്യയെ രക്ഷിച്ചു. 99 പന്തുകൾ നേരിട്ട അഭിഗ്യാൻ 82 റൺസെടുത്തു. ക്യാപ്റ്റൻ ആയുഷ് മാത്രെ (40 പന്തിൽ 49), ആർ.എസ്. അംബരിഷ് (61 പന്തിൽ 48), കനിഷ്ക് ചൗഹാൻ (36 പന്തിൽ 45) എന്നിവരും മികച്ച സ്കോർ ഉയർത്തി.
ഇംഗ്ലണ്ടിനായി പത്തു താരങ്ങളും പന്തെറിഞ്ഞപ്പോൾ ജെയിംസ് മിന്റോ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സ്കോർ 12 ൽ നിൽക്കെ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡോകിൻസിനെ ഇന്ത്യൻ താരം ഹേനിൽ പട്ടേൽ മടക്കി. എന്നാൽ തോമസ് റ്യു (71), ജോസഫ് മൂർസ് (46), ബെൻ മേയസ് (34) എന്നിവർ തിളങ്ങിയതോടെ കളി ഇംഗ്ലണ്ടിന് അനുകൂലമാകുകയായിരുന്നു. ഇന്ത്യയ്ക്കായി ഖിലൻ പട്ടേൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മലയാളി താരം മുഹമ്മദ് ഇനാന് വിക്കറ്റൊന്നും ലഭിച്ചില്ല.
English Summary:








English (US) ·