വന്നു, പോയി! രോഹിത് (8), കോലി (0), ഗിൽ (10) പുറത്ത്; ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്കു ബാറ്റിങ് തകർച്ച

3 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: October 19, 2025 09:20 AM IST Updated: October 19, 2025 09:59 AM IST

1 minute Read

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമ പുറത്തായപ്പോൾ. (Photo by COLIN MURTY / AFP)
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമ പുറത്തായപ്പോൾ. (Photo by COLIN MURTY / AFP)

പെർത്ത് ∙ ആരാധകർ കാത്തിരുന്നതിന് ആയുസ്സ് കുറവായിരുന്നു! എട്ടു മാസത്തിനു ശേഷം രോഹിത്തും കോലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ ആ ആവേശത്തിന്റെ ആയുസ്സ് അധികം നീണ്ടില്ല. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തിൽ 8 റൺസെടുത്തും മൂന്നാമനായി ഇറങ്ങിയ കോലി, എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്‌സൽവുഡ് പുറത്താക്കിയപ്പോൾ മിച്ചൽ സ്റ്റാർക്കിനാണ് കോലിയുടെ വിക്കറ്റ്. രാജ്യാന്തര ക്രിക്കറ്റിൽ രോഹിത്തിന്റെ 500–ാം മത്സരമായിരുന്നു ഇത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (18 പന്തിൽ 10) പുറത്തായി. നഥാൻ എല്ലിസിനാണ് വിക്കറ്റ്. 8.1 ഓവറിൽ 3ന് 25 എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യരും അക്ഷർ പട്ടേലുമാണ് ക്രീസിൽ.

∙ വീണ്ടും ടോസ് നഷ്ടം

ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർച്ചയായ 16–ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്. നായകനായി അരങ്ങേറിയ ശുഭ്മാൻ ഗില്ലിനും ടോസ് ഭാഗ്യം തിരിച്ചുകൊണ്ടുവരാനായില്ല. 2023 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനലിലാണ് ഇന്ത്യയ്ക്ക് അവസാനമായി ഏകദിനത്തിൽ ടോസ് കിട്ടിയത്.

മൂന്നു പേസർമാരും മൂന്ന് ഓൾറൗണ്ടർമാരും അടങ്ങുന്നതാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവൻ. മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരാണ് പേസർമാർ. ഓൾറൗണ്ടർമാരായി അരങ്ങേറ്റ മത്സരം കളിക്കുന്ന നിതിഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവരുമുണ്ട്. വാഷിങ്ടൻ ടീമിലെത്തിയതോടെ കുൽദീപ് യാദവ് ഇലവനിൽനിന്നു പുറത്തായി. രാജ്യാന്തര ക്രിക്കറ്റിൽ 500–ാം മത്സരത്തിനാണ് രോഹിത് ശർമ ഇന്നിറങ്ങിയത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ചവരിൽ അഞ്ചാം സ്ഥാനത്താണ് രോഹിത്. 664 മത്സരം കളിച്ച സച്ചിനും 551–ാം മത്സരം കളിക്കുന്ന കോലിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

X/BCCI

ആദ്യ ഏകദിനത്തിൽ ടോസ് സമയത്ത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും. ചിത്രം:X/BCCI

∙ ഗില്ലിന് അരങ്ങേറ്റം

‌‌ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായിക്കാം, പക്ഷേ ഏകദിന ക്രിക്കറ്റിൽ ‘നമ്പർ വൺ’ എന്നു തെളിയിക്കാൻ ഇന്ത്യയ്ക്കു മുന്നിൽ ഒരു കടമ്പ കൂടി ബാക്കിയുണ്ട്; ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ കീഴടക്കുക! ഓസ്ട്രേലിയയിൽ ഏകദിന പരമ്പര വിജയത്തിനായുള്ള 7 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ദൗത്യമാണ് ക്യാപ്റ്റൻസിയിലെ തന്റെ കന്നി പോരാട്ടത്തിൽ ശുഭ്മൻ ഗില്ലിനു മുന്നിലുള്ളത്. സീനിയർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും തിരിച്ചുവരവും ഈ വർഷത്തെ ചാംപ്യൻസ് ട്രോഫി കിരീടനേട്ടവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

മഴയ്ക്കു സാധ്യത

ഇതുവരെ 3 രാജ്യാന്തര ഏകദിന മത്സരങ്ങൾക്കു മാത്രമാണ് പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയം വേദിയായിട്ടുള്ളത്. മറ്റൊരിടത്തു നിർമിച്ച്, പരിപാലിച്ച ‘ഡ്രോപ് ഇൻ പിച്ചുകളാണ് ഇവിടത്തേത്. ബോളർമാരെ സഹായിക്കുന്നതാണ് പെർത്തിലെ പിച്ചുകളുടെ പൊതുസ്വഭാവം. ഇതുവരെ നടന്ന 3 മത്സരങ്ങളിൽ രണ്ടിലും രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു. 153 റൺസാണ് ചേസ് ചെയ്തു കീഴടക്കിയ ഉയർന്ന ടീം സ്കോർ. സ്റ്റേഡിയത്തിൽ ഇന്നു മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

English Summary:

Australia vs India, 1st ODI- Match Live Updates

Read Entire Article