സ്വിച്ച് ഹിറ്റ് ∙പി.ബാലചന്ദ്രൻ
Published: June 06 , 2025 10:58 AM IST
1 minute Read
-
ഐപിഎൽ ആവേശത്തിനു കൊടിയിറങ്ങുമ്പോൾ ബാക്കിയാവുന്നത് എന്തൊക്കെ?
ലേലത്തിൽ ആവുന്നത്ര കളിക്കാരെ വാങ്ങിക്കൂട്ടുന്നതിലോ സൂപ്പർ താരങ്ങളെ ടീമിലെടുക്കുന്നതിലോ അല്ല, സന്തുലിതമായ ടീം ഒരുക്കുന്നതാണ് ഐപിഎൽ ട്രോഫി നേടാനുള്ള വിജയഫോർമുലയെന്ന് 17 വർഷങ്ങൾക്കൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തിരിച്ചറിഞ്ഞിരിക്കുന്നു. രജത് പാട്ടിദാർ എന്ന ‘താരപ്രഭയില്ലാത്ത’ ഒരു ക്യാപ്റ്റനെ ആദ്യം തന്നെ അവർ കണ്ടെത്തി. ടീമിലെ ഓരോ പൊസിഷനിലേക്കും യോജിച്ച കളിക്കാരെ എത്തിച്ചു. സീസണിലുടനീളം ടീം വർക്കിലൂടെയാണ് ബെംഗളൂരു മത്സരങ്ങൾ ജയിച്ചത്. രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സിനും പറയാനുള്ളത് സമാനമായ കഥയാണ്. ശ്രേയസ് അയ്യർ എന്ന പരിചസമ്പന്നനായ ക്യാപ്റ്റനെയും ഇന്ത്യൻ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്ന റിക്കി പോണ്ടിങ് എന്ന പരിശീലകനെയും അവർ ടീമിന്റെ നായകത്വമേൽപിച്ചു.
കണക്കിലും കളിയിലും മുൻ വർഷങ്ങളെക്കാൾ വ്യത്യസ്തമായ ഐപിഎൽ ആയിരുന്നു ഇത്. കൂറ്റനടിക്കാർ പലരും ഇത്തവണ ശോഭിക്കാതെ പോയി. ആന്ദ്രെ റസൽ, റിങ്കു സിങ്, ഗ്ലെൻ മാക്സ്‍വെൽ, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയവർ നിരാശപ്പെടുത്തി. റൺവേട്ടക്കാരുടെ പട്ടികയിലേക്കു നോക്കിയാൽ ആദ്യ സ്ഥാനങ്ങളിലെല്ലാം ക്ലാസിക്കൽ ഷോട്ടുകളിൽനിന്നു റൺ കണ്ടെത്തുന്നവരാണുള്ളത്. ഐപിഎൽ എന്നാൽ സിക്സ് അടിക്കാരുടെ ലീഗാണെന്ന ധാരണ ഇതോടെ തിരുത്തപ്പെട്ടു.
വിദേശ കളിക്കാരെ ടീമിലെടുക്കുന്ന കാര്യത്തിൽ ടീമുകൾ ഇനിയെങ്കിലും ഔചിത്യം കാണിക്കണമെന്നാണ് എന്റെ അഭിപ്രായം. വീരേന്ദർ സേവാഗ് പറഞ്ഞതുപോലെ, പല വിദേശതാരങ്ങളും സുഖവാസത്തിനായി ഇന്ത്യയിൽ വരുന്നതാണെന്നു തോന്നിപ്പോകും. ജോഷ് ഇൻഗ്ലിസ്, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, ജോസ് ബട്‌ലർ, ജോഷ് ഹെയ്സൽവുഡ് എന്നിവരൊഴികെ മറ്റു വിദേശതാരങ്ങൾ ഭൂരിഭാഗം പേരും നിരാശപ്പെടുത്തി. മുൻ കാലങ്ങളിൽ എബി ഡിവില്ലിയേഴ്സ് മുതൽ ലസിത് മലിംഗ വരെ, ഐപിഎലിൽ ആടിത്തകർത്ത വിദേശതാരങ്ങളുടെ നിഴൽ പോലുമാകാൻ വിദേശികൾക്കു സാധിക്കുന്നില്ല.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. വൈഭവ് സൂര്യവംശി മുതൽ പ്രിയാംശ് ആര്യ വരെ യുവതാരങ്ങൾ ഈ സീസണിലെ കണ്ടെത്തലുകളാണ്. എന്നാൽ, കേരള ക്രിക്കറ്റിന് ഇതു നിരാശയുടെ സീസണായിരുന്നു. സഞ്ജു സാംസണു പരുക്കുമൂലം പല മത്സരങ്ങളിലും കളിക്കാൻ സാധിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള സച്ചിൻ ബേബിക്കും വിഷ്ണു വിനോദിനും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല. രണ്ടോ മൂന്നോ മത്സരങ്ങൾ കളിച്ച വിഘ്നേഷ് പുത്തൂരാണ് അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്.
English Summary:








English (US) ·