Published: January 14, 2026 06:17 PM IST Updated: January 14, 2026 06:41 PM IST
1 minute Read
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന കെ.സി.കരിയപ്പ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് കരിയപ്പ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 31–ാം വയസ്സിലാണ് താരം പ്രഫഷനൽ ക്രിക്കറ്റിനോട് വിടപറയുന്നത്. 2015 ഐപിഎൽ സീസണിനു മുന്നോടിയായി നടന്ന ലേലത്തിൽ 2.40 കോടി രൂപയ്ക്കാണ് ‘മിസ്റ്ററി സ്പിന്നർ’ ആയ കെ.സി.കരിയപ്പയെ കൊൽക്കത്ത ടീമിലെത്തിച്ചത്. അൺക്യാപ്ഡ് താരമായിരുന്നിട്ടും ലേലത്തിൽ വമ്പൻ തുക ലഭിച്ചതോടെയാണ് കരിയപ്പ ശ്രദ്ധിക്കപ്പെട്ടത്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് കെ.സി.കരിയപ്പ വിരമിക്കൽ പ്രഖ്യാപിച്ചത്. ‘‘ തെരുവിൽനിന്നാണ് എല്ലാം ആരംഭിച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകളിലേക്ക്, അഭിമാനത്തോടെ ജഴ്‌സി ധരിച്ച് - ഒരിക്കൽ സ്വപ്നം മാത്രം കണ്ടത് ജീവിച്ച്. ഇന്ന് ബിസിസിഐ ക്രിക്കറ്റിൽ നിന്ന് ഞാൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിക്കുന്നു.’’– കരിയപ്പ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ‘‘ഈ യാത്ര എനിക്ക് എല്ലാം തന്നു. പുഞ്ചിരി സമ്മാനിച്ച വിജയങ്ങൾ, എന്നെ തകർത്ത തോൽവികൾ, എന്നെ രൂപപ്പെടുത്തിയ പാഠങ്ങൾ. സമ്മർദം, വേദന, ത്യാഗം, പക്ഷേ ക്രിക്കറ്റിന് മാത്രം നൽകാൻ കഴിയുന്ന സന്തോഷം എന്നിവയും ഞാൻ അനുഭവിച്ചിട്ടുണ്ട്.’’– അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴു വർഷത്തെ ഐപിഎൽ കരിയറിൽ കൊൽക്കത്തയെ കൂടാതെ കിങ്സ് ഇലവൻ പഞ്ചാബ് (പഞ്ചാബ് കിങ്സ്), രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലും കരിയപ്പ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മിസോറം, കർണാടക ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള താരം, കരിയറിലാകെ 157 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2015 ഐപിഎൽ സീസണിൽ വമ്പൻ തുകയ്ക്ക് കൊൽക്കത്ത ടീമിലെത്തിയെങ്കിലും ആകെ ഒരു മത്സരം മാത്രമാണ് താരം കളിച്ചത്. എ.ബി.ഡിവില്ലിയേഴ്സിനെ വീഴ്ത്തിയാണ് കരിയപ്പ കന്നി ഐപിഎൽ വിക്കറ്റ് നേടിയത്. 2016, 2017 സീസണുകളിൽ പഞ്ചാബിനായി 9 മത്സരങ്ങളിൽനിന്ന് 7 വിക്കറ്റ് വീഴ്ത്തി. 2021 മുതൽ 2023 വരെ രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസന്റെ കീഴിലും കളിച്ചിട്ടുണ്ട്.
English Summary:








English (US) ·