വമ്പൻ തോൽവിയുടെ ക്ഷീണം മാറിയിട്ടില്ല, പിന്നാലെ അടുത്ത പണി; സഞ്ജു സാംസൺ ലക്ഷങ്ങൾ പിഴയായി അടയ്ക്കണം!

9 months ago 9

ഓൺലൈൻ ഡെസ്ക്

Published: April 10 , 2025 10:51 AM IST

1 minute Read

 X@IPL
സഞ്ജു സാംസണിന്റെ ബാറ്റിങ്. Photo: X@IPL

അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ വമ്പൻ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് അടുത്ത തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ സഞ്ജുവിന് വൻ തുക പിഴ ചുമത്തി. ഓവറുകൾ തീർക്കുന്നതു വൈകിയതിന് സഞ്ജു 24 ലക്ഷം രൂപ പിഴയായി അടയ്ക്കേണ്ടി വരും. 58 റൺസ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.

സീസണിൽ ഇതു രണ്ടാം തവണയാണ് രാജസ്ഥാൻ ക്യാപ്റ്റന് പിഴ ശിക്ഷ ലഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു ശേഷം രാജസ്ഥാന്റെ താൽക്കാലിക ക്യാപ്റ്റനായ റിയാൻ പരാഗിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. ഐപിഎൽ ചട്ടപ്രകാരം സ്ലോ ഓവർ റേറ്റു വന്നാൽ ഒരു ടീമിലെ ഇംപാക്ട് പ്ലേയർ അടക്കം എല്ലാ താരങ്ങളും ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനമോ ആണ് പിഴയായി ഒടുക്കേണ്ടത്.

മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 19.2 ഓവറിൽ 159 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. തോൽവിക്കു പിന്നാലെ ബോളിങ്ങിലെ ടീമിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സഞ്ജു സാംസൺ രംഗത്തെത്തി. 15–20 റൺസ് അധികമായി വിട്ടുനൽകിയതു മത്സരത്തിലെ നിയന്ത്രണം നഷ്ടമാക്കിയതായി സഞ്ജു സാംസൺ പ്രതികരിച്ചു. മത്സരത്തിൽ 28 പന്തുകൾ നേരിട്ട സഞ്ജു 41 റൺസെടുത്തു പുറത്തായിരുന്നു.

English Summary:

Sanju Samson Fined Rs 24 Lakh By BCCI After Rajasthan Royals' Loss Against GT

Read Entire Article