'വയറ്റിപ്പിഴപ്പാണ്, ആളുകളെ പറ്റിക്കരുതെന്നയാള്‍ ആംഗ്യം കാണിച്ചു, കന്നഡയില്‍ ധര്‍മജനെ ചീത്തവിളിച്ചു'

5 months ago 6

നടന്‍ രമേഷ് പിഷാരടിയുടെ പുസ്തകമാണ് 'ചിരിപുരണ്ട ജീവിതങ്ങള്‍'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തില്‍നിന്ന്;

ധര്‍മജന്റെ 'പട' ഓട്ടം

ക്യാമറക്കണ്ണുകളില്‍നിന്നും ഒളിച്ചോടുക എന്നത് ഇന്ന് അസാധ്യമായ ഒരു കാര്യമാണ്. റോഡുകളില്‍, വലുതും ചെറുതുമായ കടകളില്‍, എന്തിന് ദേവാലയങ്ങളില്‍പ്പോലും ക്യാമറകള്‍ നിറഞ്ഞിരിക്കുകയാണ്. എല്ലാം കാണുന്ന ഒരാള്‍ മുകളിലുണ്ടെന്നു പണ്ടുള്ളവര്‍ പറഞ്ഞത് ഇന്നാണ് അന്വര്‍ഥമായത്.
മൊബൈല്‍ ഫോണില്‍ ക്യാമറ വന്നത് ഒരു വിപ്ലവമാണ്. എടുക്കുന്ന ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാനും ലൈക്കുകള്‍ വാങ്ങാനും സാമൂഹികമാധ്യമങ്ങള്‍കൂടി നിലവില്‍ വന്നതോടുകൂടി ഞാനുള്‍പ്പെടെ എല്ലാവര്‍ക്കും ഫോട്ടോ എടുക്കുക എന്നത് ഒരു ശീലമായി. ഒപ്പം നിന്നു ഫോട്ടോ എടുക്കുക എന്നത് പ്രേക്ഷകര്‍ നമ്മളോടു കാണിക്കുന്ന സ്നേഹമാണ്. ഒരു പരിധിവരെ അതൊരു അംഗീകാരമാണ്. അതുകൊണ്ട് പരമാവധി ആരോടും എതിരു പറയാറില്ല.

കുറച്ചു നാളുകള്‍ക്കു മുന്‍പ് ഞാനും ധര്‍മജനും കൂടി മൈസൂരില്‍ ഒരു പരിപാടിക്കു പോയി. ധര്‍മജന്റെ വീടുപണി നടക്കുന്ന സമയമായതുകൊണ്ട് അവന് മൈസൂര്‍ കൊട്ടാരം കാണണം എന്നൊരു മോഹം. വരാപ്പുഴയില്‍ അവന്‍ പണിയുന്ന വീടിന് എം സാന്‍ഡാണ് ഉപയോഗിക്കുന്നതെന്നും ടിപ്പുസുല്‍ത്താന് നല്ല മണലു കിട്ടിക്കാണും എന്നും മറ്റും അവന്‍ പറഞ്ഞു. കുതിരവണ്ടിക്കാരനു ഭാഷയറിയാത്തതുകൊണ്ട് ഇറക്കിവിട്ടില്ല. അല്പംകൂടി കഴിഞ്ഞിരുന്നെങ്കില്‍ കൊട്ടാരം പണിയാന്‍ ഹൗസിങ് ലോണ്‍ എടുത്തതിന്റെ ഇ.എം.ഐ. അടയ്ക്കാനാണ് ടിപ്പു പടയോട്ടം നടത്തിയത് എന്നുവരെ അവന്‍ പറഞ്ഞേനേ. ഭാഗ്യത്തിനു വണ്ടി കൊട്ടാരത്തിനു മുന്നിലെത്തി.

ഒരാള്‍ കൂടെ നിന്നു ഫോട്ടോ എടുക്കാന്‍ മുപ്പതു സെക്കന്‍ഡ് എടുക്കുമെങ്കില്‍ രണ്ടുപേര് ഫോട്ടോ എടുക്കുമ്പോള്‍ ഒരു മിനിറ്റ്. അത് ഇരുപതു പേരായാല്‍ പത്തു മിനിറ്റ്. ഞങ്ങളുടെ കൈയില്‍ വളരെ പരിമിതമായ സമയമേയുള്ളൂ. പരമാവധി ഒരു മണിക്കൂര്‍കൊണ്ട് കൊട്ടാരം കണ്ട് തിരിച്ച് ഓഡിറ്റോറിയത്തിലെത്തണം. അതുകൊണ്ട് ഈയൊരു തവണത്തേക്ക് ഫോട്ടോ എടുക്കല്‍ വേണ്ട എന്നുവെക്കാം. ആരെങ്കിലും വന്നാല്‍ അവരോട് കാര്യം സ്നേഹപൂര്‍വം പറഞ്ഞ് ഒഴിഞ്ഞുമാറാം. അഹങ്കാരി എന്ന പേരു കിട്ടും. എന്നാലും തത്കാലം വേറെ വഴിയില്ല...

പുസ്തകത്തിന്റെ കവര്‍ പേജ്

ഞങ്ങള്‍ അതിവേഗം നടന്നുതുടങ്ങി. ഞാനും അവനും അത്ര വലിയ താരങ്ങള്‍ അല്ലെന്നതുകൊണ്ടും മലയാളികള്‍ കുറവായിരുന്നതുകൊണ്ടും ആരുംതന്നെ ഫോട്ടോ എന്ന ആവശ്യവുമായി വന്നില്ല. വടക്കേ ഇന്ത്യയിലെവിടന്നോ ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്ന ഒരു സുന്ദരി ഭര്‍ത്താവിനോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തുതരാമോ എന്നു ചോദിച്ചു. ഫോണ്‍ എന്റെ നേരേ നീട്ടി. ഒരു ദുര്‍ബലനിമിഷത്തില്‍ ഞാനതു സമ്മതിക്കുകയും ചെയ്തു. ചാഞ്ഞും ചരിഞ്ഞും കെട്ടിപ്പിടിച്ചും ഭര്‍ത്താവ് വിക്രമാദിത്യനായും ഭാര്യ വേതാളമായുമെല്ലാം അവര്‍ എന്നെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചു. സമയം നഷ്ടപ്പെട്ടതില്‍ ധര്‍മജന്റെ മുഖം ഈസ്റ്റൊഴിച്ച മാവുപോലെയായി.

നഷ്ടപ്പെട്ട സമയംകൂടി ലാഭിക്കുവാന്‍ ഞങ്ങളുടെ നടത്തം ഇരട്ടിവേഗത്തിലാക്കി. കൊട്ടാരത്തിലെ ആളൊഴിഞ്ഞ ഒരു കോണില്‍ വിശ്രമിക്കാന്‍ നിന്നപ്പോള്‍ കുറച്ചു ദൂരേനിന്നൊരാള്‍ ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നു. ഒരു ഓവര്‍കോട്ട്, തൊപ്പി, കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ക്യാമറ. അയാളുടെ മുഖത്ത് പരിചയഭാവത്തോടെയുള്ള ഒരു ചിരി പടര്‍ന്നു. അടുത്തേക്കു വന്ന് അയാള്‍ ചോദിച്ചു, 'Sir, 1 photo.' ഞാന്‍ അയാളോട് സമയമില്ല എന്നു സ്നേഹപൂര്‍വം പറഞ്ഞു നടക്കാനൊരുങ്ങിയപ്പോള്‍ ധര്‍മജന്‍ കാലുമാറി.
'Yes, എടുത്തോളൂ.' അയാള്‍ക്കു സന്തോഷമായി. കൈയിലുള്ള വലിയ ക്യാമറ വെച്ച് അയാള്‍ ധര്‍മജന്റ ഒന്നുരണ്ട് ഫോട്ടോകളെടുത്തു. 'എന്റെ കൂടെ നിന്ന് ഒരെണ്ണംകൂടി എടുത്തോളൂ. ദാ, അവന്‍ എടുത്തുതരും' എന്നും പറഞ്ഞ് ധര്‍മജന്‍ എന്റെ നേരേ കൈ ചൂണ്ടി. ജാഡക്കാരന്‍ എന്ന് അയാളുടെ മനസ്സില്‍ മുദ്രകുത്തപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല, അയാള്‍ ക്യാമറ എനിക്കു തന്നില്ല. ധര്‍മജന്റെ ഫോട്ടോ എടുത്തശേഷം 'പത്തു മിനിറ്റ്സ്' എന്നും പറഞ്ഞ് അയാള്‍ ഓടി. ഓട്ടത്തിനിടയില്‍ എന്നെ നോക്കി നല്ല ഒരു പുച്ഛം ഇടാന്‍ അയാള്‍ മറന്നില്ല.

Also Read

ചിലപ്പോള്‍ ഒരു ടൂറിസ്റ്റ് ബസ് നിറയെ ആളുകള്‍ അയാളോടൊപ്പം വന്നിട്ടുണ്ടാകും. അവരെല്ലാം വന്നു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചാല്‍ എങ്ങനെ വേണ്ടാ എന്നു പറയും. സമയം ഒരുപാടു വൈകും. അപ്പോഴേക്കും ഓഡിറ്റോറിയത്തില്‍ ഷോ തുടങ്ങും. അയാള് അവരെക്കൂട്ടി തിരിച്ചുവരുന്നതിനു മുന്‍പ് ഇവിടന്ന് പോകാം. ഞങ്ങള് മുങ്ങി.

കൊട്ടാരത്തിന്റെ പ്രധാന കവാടം കടക്കും മുന്‍പ് പുറകില്‍നിന്നൊരു വിളി, 'സാര്‍.' തിരിഞ്ഞുനോക്കിയപ്പോള്‍ ധര്‍മജന്റെ ഫോട്ടോ എടുത്ത ആളാണ്. അയാള്‍ ഓടിക്കിതച്ചെത്തി കന്നടഭാഷയില്‍ ധര്‍മജനെ എന്തെല്ലാമോ ചീത്തവിളിച്ചു. വയറ്റിപ്പിഴപ്പാണ്, ആളുകളെ പറ്റിക്കരുത് എന്നും മറ്റും ആംഗ്യഭാഷയിലും കാണിച്ചു. എന്നിട്ട് നേരത്തേ എടുത്ത ഫോട്ടോയുടെ രണ്ടു പ്രിന്റുകള്‍ ധര്‍മജനു നേരേ നീട്ടിയിട്ട് പറഞ്ഞു:
'400 രൂപ സാര്‍...'

സുശീലന്റെ ദുശ്ശീലം

ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, സാഗര്‍ ഷിയാസ്- സ്വന്തം പേരിനോടൊപ്പം ട്രൂപ്പിന്റെ പേര് ചേര്‍ക്കുന്ന കലാകാരന്മാര്‍. അതല്ലെങ്കില്‍ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സാജന്‍ പള്ളുരുത്തി- ഇങ്ങനെ പേരിനൊപ്പം സ്ഥലപ്പേരു ചേര്‍ക്കുന്ന കലാകാരന്മാര്‍. പലപ്പോഴും ഇത് ഒരാളുടെ സ്വന്തം തീരുമാനമാകില്ല, സഹപ്രവര്‍ത്തകര്‍ ചാര്‍ത്തിക്കൊടുക്കുന്ന നാമപരിഷ്‌കരണങ്ങളായിരിക്കും.

കൊല്ലം ജില്ലയിലെ വര്‍ക്കല സ്വദേശിയായ സുശീലന്‍ എന്ന കലാകാരന്‍. മിമിക്രിയില്‍ തന്റേതായ ചില ഇനങ്ങളും നമ്പറുകളുമെല്ലാം കൈമുതലായ മിടുക്കന്‍. എന്റെ അറിവില്‍ ആളിപ്പോള്‍ അമേരിക്കയില്‍ നല്ല നിലയില്‍ ജീവിക്കുന്നു. അദ്ദേഹം കലാലോകത്തു സജീവമായിരുന്ന സമയത്ത് 'സുശീലന്‍ വര്‍ക്കല' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മറ്റുള്ളവര്‍ വിളിക്കുന്നതു പോരാഞ്ഞിട്ട് ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം സ്വയം അഭിസംബോധന ചെയ്തിരുന്നത് 'ഹലോ, സുശീലന്‍ വര്‍ക്കല സ്പീക്കിങ്' എന്നാണ്. ചിലപ്പോഴെല്ലാം ഈ സ്പീക്കിങ് പറയാറുമില്ല.

ഒരു സ്വകാര്യ ചാനലിലെ കോമഡി റിയാലിറ്റി ഷോയില്‍ സുശീലന്റെ മാസ്മരികപ്രകടനം കണ്ട് മലയാളത്തിലെ ഒരു പ്രധാന സംവിധായകന്‍ തന്റെ പുതിയ ചിത്രത്തില്‍ സുശീലനു നല്ല ഒരു വേഷം കൊടുക്കുവാന്‍ തിരുമാനിച്ചു. സംവിധായകനു പരിചയമുള്ള ആള്‍ എന്ന നിലയില്‍ അദ്ദേഹം എന്നെ വിളിച്ചു സുശീലനെക്കുറിച്ചു തിരക്കി. സംഗതി ഒരു സൂപ്പര്‍ താരത്തോടൊപ്പമുള്ള മുഴുനീളവേഷമാണെന്നും കുറഞ്ഞത് 25 ദിവസത്തെ ഷൂട്ടിങ്ങെങ്കിലും ആവശ്യമായി വരും എന്നും പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമായുള്ള സ്റ്റേജ് പരിപാടികള്‍, ചാനല്‍ റിയാലിറ്റി ഷോയുടെ ഷൂട്ടിങ് സുശീലന്‍ വര്‍ക്കല സാമാന്യം തിരക്കുള്ള ആളാണ്. 25 ദിവസം എടുക്കാനുണ്ടാകുമോ എന്നറിയില്ല. അതു കുഴപ്പമില്ലെന്നും സുശീലന്റെ സമയത്തിനനുസരിച്ച് ഷൂട്ടിങ് വെക്കാമെന്നും സംവിധായകന്‍ പറഞ്ഞു. എന്റെ കൈയില്‍നിന്നും സുശീലന്റെ മൊബൈല്‍ നമ്പറും വാങ്ങി. സഹപ്രവര്‍ത്തകനു കിട്ടിയ ഈ വലിയ അവസരത്തില്‍ ഞാനും ഒരുപാടു സന്തോഷിച്ചു. ദിവസങ്ങള്‍ കടന്നുപോയി. ചിത്രത്തിന്റെ ഷൂട്ടിങ് റിപ്പോര്‍ട്ടുകള്‍ പത്രങ്ങളിലും ചാനലുകളിലും വന്നുതുടങ്ങി.

സുശീലനു വെച്ചിരുന്ന വേഷം മറ്റൊരാളാണ് ചെയ്യുന്നത്! ആരാണ് സുശീലന്‍ വര്‍ക്കലയ്ക്കു പാരവെച്ചത്, എനിക്കറിയണം. ഞാന്‍ അപ്പോള്‍ത്തന്നെ സംവിധായകനെ വിളിച്ചു. സംവിധായകന്‍ എന്നോടു കാര്യം പറഞ്ഞു. സുശീലനെ ഇവര്‍ പല തവണ വിളിച്ചു. അപ്പോഴെല്ലാം സുശീലന്‍ തിരക്കിലാണ്. രാത്രി രണ്ടുമണിക്കും പുലര്‍ച്ചെ അഞ്ചുമണിക്കും വിളിച്ചുനോക്കി; ഇത്രയും തിരക്കുള്ള ഒരാളെ എങ്ങനെയാണ് സിനിമയില്‍ അഭിനയിപ്പിക്കുക.

ഞാന്‍ സുശീലന്‍ വര്‍ക്കലയെ വിളിച്ചു. അവന്‍ കഴിഞ്ഞ രണ്ടാഴ്ചയായി പ്രത്യേകിച്ച് ഒരു തിരക്കുമില്ലാതെ ഇരിക്കുകയാണ് എന്നറിയാന്‍ കഴിഞ്ഞു. പിന്നെയെന്താണ് സംഭവിച്ചത്. സംവിധായകനോട് ഞാന്‍ സ്പീക്കര്‍ഫോണ്‍ ഇട്ട് എന്റെ മുന്നില്‍നിന്നും സുശീലനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹം ഫോണ്‍ എടുത്തു വിളിച്ചു. അങ്ങേത്തലയ്ക്കല്‍നിന്നും റിങ് ശബ്ദം. പെട്ടെന്ന് കോള്‍ അറ്റന്‍ഡ് ചെയ്യപ്പെട്ടു:
'ഹലോ സുശീലന്‍ വര്‍ക്കല'
സംവിധായകന്‍ എന്നോടു പറഞ്ഞു.
'കേട്ടില്ലേ സുശീലന്‍ വര്‍ക്കിലാ(Work) ഇപ്പോഴും; ഇത്രയും തിരക്കുള്ള ഒരാളെ എങ്ങനെയാ?'

Content Highlights: Book excerpt from Ramesh Pisharody's 'chiri puranda jeevithangal'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article