വയലാറിന്റെ 'ശബരിമലയിൽ തങ്ക സൂര്യോദയം' കണ്ണദാസൻ തമിഴിലേക്ക് മാറ്റി, 'ശബരിമലയിൽ വർണ ചന്ദ്രോദയം'

5 months ago 6

sreekumaran thampi vayalar ramavarma kannadasan

ശ്രീകുമാരൻ തമ്പി, കണ്ണദാസൻ, വയലാർ രാമവർമ | ഫോട്ടോ: മാതൃഭൂമി

സിനിമാപ്പാട്ട് കവിതയും കവിയുടെ ആദർശവുമല്ലെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അടുത്തിടെ തലസ്ഥാനത്തെ ഒരു യോഗത്തിൽ പറഞ്ഞിരുന്നു. നല്ല കവിക്ക് കവിതയുള്ള പാട്ടുണ്ടാക്കാൻ കഴിയും. സിനിമാപ്പാട്ട് ആത്മാവിഷ്കാരമല്ല, പരകായപ്രവേശമാണ്. മദ്യപിക്കാത്ത താൻ, മദ്യപനായ കഥാപാത്രത്തിനുവേണ്ടി ‘ഒന്നു കുടിക്കാം എല്ലാം മറക്കാം, ഒരിക്കൽ കൂടി ഞാൻ കുടിച്ചോട്ടെ’ എന്ന പാട്ടെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഡബ്ബുചെയ്യുന്ന സിനിമകളിലെ പാട്ടുകൾ നടന്റെയും നടിയുടെയും ചുണ്ടനക്കം നോക്കി വേണം രാഗത്തിനൊപ്പിച്ചു മാറ്റിയെഴുതാൻ. അതു പ്രയാസകരമാണെന്ന് അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു.

വയലാറും കണ്ണദാസനും

ഒരുകാലത്തെ കൗതുകമായിരുന്നു മലയാളം, തമിഴ് ഭാഷകളിലെ സിനിമകളുടെ ഡബ്ബിങ്ങും പാട്ടുകളും. തോപ്പിൽ ഭാസിയുടെ പ്രസിദ്ധമായ ‘തുലാഭാരം’ എന്ന സിനിമ തമിഴിൽ അതേ പേരിലാണ് ഡബ്ബുചെയ്തത്. വയലാറിന്റെ പാട്ടുകളുടെ ആത്മാവുചോരാതെ കണ്ണദാസൻ പുനരാവിഷ്കാരം നടത്തി. ‘കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു’ എന്ന പാട്ടിന് ‘കാറ്റിനിലേ, കൊടുംകാറ്റിനിലേ’ എന്നായിരുന്നു മൊഴിമാറ്റം. ‘ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമരക്കുമ്പിളിൽ കണ്ണീര്’ എന്ന പാട്ട് ‘പൂശൈക്കു കണ്ണങ്കൾ പൊന്നണി ദീപത്തിൽ പാൽപ്പൊങ്കൽ പൊങ്കുതു കണ്ണീരിലേ’ എന്നായി മാറി. പകരം വയലാറും കണ്ണദാസന്റെ പ്രസിദ്ധമായ ഗാനങ്ങളെ മലയാളത്തിലേക്കു മാറ്റിയിട്ടുണ്ട്. ‘അവൾ ഒരു തുടർക്കതൈ’ എന്ന തമിഴ് സിനിമ, ‘അവൾ ഒരു തുടർക്കഥ’ എന്ന പേരിലാണ് മലയാളത്തിൽ വന്നത്. യേശുദാസ് പാടിയ ‘ദൈവം തന്ത വീട് വീഥിയിരുക്ക്’ എന്ന പാട്ട് ‘ദൈവം തന്ന വീട് വീഥിയെനിക്ക്’ എന്ന് വയലാർ മൊഴിമാറ്റംചെയ്തു. ‘കൊന്റാൽ പാപം തിന്റാൽ തീരും പോടീ തങ്കച്ചീ’ എന്ന ഗാനം വലിയ മാറ്റമില്ലാതെ ‘കൊന്നാൽ പാപം തിന്നാൽ തീരും പോടീ അനിയത്തീ’ എന്നും വയലാർ മാറ്റിയെഴുതി. ‘കടവുൾ അമൈത്തു വയ്ത്ത മേടൈ’ എന്ന ഗാനവും മലയാളത്തിൽ വ്യത്യാസമില്ലാതെ വന്നിട്ടുണ്ട്.

ശ്രീകുമാരൻ തമ്പിയും കണ്ണദാസനും ട്രിവാൻഡ്രം ക്ലബ്ബിൽ

മെരിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന ഹിറ്റ് സിനിമയ്ക്കായി ശ്രീകുമാരൻ തമ്പി, തമിഴിലെ കവി കണ്ണദാസൻ എന്നിവർ തലസ്ഥാനത്ത് ഒരുമിച്ചിരുന്നു. ഒരേസമയം മലയാളത്തിലും തമിഴിലും ഷൂട്ടുചെയ്ത ചിത്രമായിരുന്നു അത്. ശ്രീകുമാരൻ തമ്പി തിരക്കഥയെഴുതിയ ചിത്രത്തിന്റെ തമിഴ്‌ മൊഴിമാറ്റത്തിനായി കണ്ണദാസൻ തലസ്ഥാനത്തു വന്നു. ട്രിവാൻഡ്രം ക്ലബ്ബിലായിരുന്നു ഇരുവരും സംഗമിച്ചത്. മലയാളത്തിലെ തിരക്കഥയും പാട്ടുകളും കേട്ട് കണ്ണദാസൻ തമിഴിലേക്കു മാറ്റിയെഴുതി. വയലാർ രചിച്ച ‘ശബരിമലയിൽ തങ്ക സൂര്യോദയം’ എന്ന ഗാനം, അതേ രാഗത്തിൽ തമിഴിൽ ‘ശബരിമലയിൽ വർണ ചന്ദ്രോദയം’ എന്നായി. ‘ഹരിനാരായണ ഗോവിന്ദ’ എന്ന ഗാനം തികച്ചും വ്യത്യസ്തമായി യേശുദാസിന്റെ സ്വരത്തിൽ ‘തിരുപ്പാർക്കടലിൽ പള്ളികൊണ്ടായേ ശ്രീമൻ നാരായണ’ എന്നായിരുന്നു തമിഴ് സിനിമയിൽ വന്നത്. ഈ സിനിമയ്ക്കായി ശ്രീകുമാരൻ തമ്പി രചിച്ച, ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും’ എന്ന ഗാനം ‘മണ്ണിൽ തെരിയും കാഴ്ചയിലെല്ലാം കടവുളിരിക്കിന്റാർ’ എന്നായിരുന്നു കണ്ണദാസന്റെ മൊഴിമാറ്റം.

കമൽഹാസന്റെ പ്രസിദ്ധമായ ചിത്രം മലയാളത്തിൽ ‘സാഗരസംഗമം’ എന്ന പേരിൽ ഡബ്ബുചെയ്തപ്പോൾ അതിലെ ഗാനങ്ങൾ മൊഴിമാറ്റംചെയ്തത് ശ്രീകുമാരൻ തമ്പിയായിരുന്നു. ഏറെ ശ്രമകരമെന്നാണ് ആ കർമത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ‘വാൻ പോലെ വന്നം കൊണ്ടു വന്തായ് ഗോപാലനേ, പൂമുത്തം തന്തവനേ’ എന്ന ഗാനം ‘വാർ മേഘ വർണന്റെ മാറിൽ മാലകൾ ഗോപികമാർ, പൂമാലകൾ കാമിനിമാർ’ എന്ന് അദ്ദേഹം മാറ്റിയെഴുതി. ചില തെലുങ്കുപ്രയോഗങ്ങളുള്ള ആ പാട്ടിൽ, മലയാള കവിതയുടെ പരീക്ഷണവും അദ്ദേഹം നടത്തി. ‘പൂന്താനക്കവിതകളിൽ പൂമണമായ് പൂത്തവനേ’, ‘ചെറുശ്ശേരിഗാനത്തിൽ അലകളായ് പൊങ്ങിയോനേ’ എന്നീ പ്രയോഗങ്ങൾ അങ്ങനെ ഇടംപിടിച്ചതാണ്. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങളായ മൗനമാന നേരം- മൗനം പോലും മധുരം എന്നും നാദവിനോദങ്കൾ- നാട്യവിനോദങ്ങൾ എന്നുമായി.

രാഗത്തിൽനിന്നു പിറന്ന ഗാനം

മെരിലാൻഡ്‌ സുബ്രഹ്മണ്യത്തിനുവേണ്ടി കന്യാകുമാരി ജില്ലക്കാരായ മൂന്നു പേർ പിന്നണിയിൽ നിരന്ന, മലയാളം എക്കാലവും ഓർമിക്കുന്ന ഒരു ഗാനമുണ്ട്- ‘ഹരിശ്ചന്ദ്ര’ എന്ന ചിത്രത്തിലെ ‘ആത്മവിദ്യാലയമേ’ എന്ന ഗാനം. തിരുനയിനാർ കുറിച്ചി മാധവൻ നായർ രചിച്ച് കമുകറ പുരുഷോത്തമൻ പാടി തിക്കുറിശ്ശി സുകുമാരൻ നായർ സിനിമയിൽ പാടിയഭിനയിച്ച ഗാനമാണിത്. സാമരാഗത്തിലുള്ള ‘മാനസസഞ്ചരരേ’ എന്ന ഗാനത്തിന്റെ ഈണത്തിനനുസരിച്ചാണ് ഈ ഗാനം സംഗീതസംവിധായകനായ ബ്രദർ ലക്ഷ്‌മൺ ചിട്ടപ്പെടുത്തിയത്.

Content Highlights: Challenges of translating and adapting movie songs, insights from Sreekumaran Thampi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article