സ്വന്തം പേരിലുള്ള അവാർഡിന് തിരഞ്ഞെടുക്കപ്പെടുക; അപൂർവങ്ങളിൽ അപൂർവമായ നേട്ടമാണത്. വിധിവൈചിത്ര്യമെന്നോണം വയലാറിനെ അത് തേടിയെത്തിയത് മരണാനന്തരമാണെന്നു മാത്രം. അച്ഛന്റെ പേരിലുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അച്ഛന്റെ ഓർമ്മയിൽ ഏറ്റുവാങ്ങിയത് അന്ന് കഷ്ടിച്ച് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള മകൻ ശരത് വയലാർ. അത് മറ്റൊരു ചരിത്ര നിയോഗം.
മികച്ച ഗാനരചയിതാവിനുള്ള 1976 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് വയലാർ രാമവർമ്മയാണ്. 1975 ൽ പുറത്തുവന്ന ചുവന്ന സന്ധ്യകൾ, സ്വാമി അയ്യപ്പൻ എന്നീ ചിത്രങ്ങളിലെ പാട്ടുകളുടെ പേരിൽ. തലേവർഷം അന്തരിച്ച കവിക്കുള്ള സ്മരണാഞ്ജലിയായി വയലാർ അവാർഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു അപ്പോഴേക്കും ഗാനരചനാ പുരസ്‌കാരം. സംസ്ഥാന അവാർഡുകൾ വ്യക്തികളുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലമായിരുന്നു അതെന്നോർക്കുക. മികച്ച നടനുള്ള സത്യൻ അവാർഡിനും നടിയ്ക്കുള്ള മിസ് കുമാരി അവാർഡിനും പിറകെ ഗാനരചയിതാവിനുള്ള ബഹുമതിക്ക് വയലാറിന്റെ പേര് നൽകപ്പെട്ടത് സ്വാഭാവികം.
പ്രിയസുഹൃത്തും ചരിത്രാന്വേഷിയുമായ കെ.എസ്. ഹാരിസ് ഫേസ് ബുക്കിൽ പങ്കുവെച്ച "വിശ്വകേരളം" എന്ന പഴയ പത്രത്തിന്റെ മുൻപേജിലെ (1976 ജൂലൈ 14 ) അവാർഡ് പ്രഖ്യാപനവാർത്തയിലാണ് കൗതുകമാർന്ന ആ വിവരമുള്ളത്. "ഏറ്റവും നല്ല ഗാനരചയിതാവിനുള്ള വയലാർ രാമവർമ്മ അവാർഡ് മരണാന്തര ബഹുമതിയായി വയലാറിന് തന്നെ നൽകും" -- വാർത്താവിതരണവകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരന്റെ പ്രഖ്യാപനം. മികച്ച നടനുള്ള സത്യൻ അവാർഡ് "സത്യത്തിന്റെ നിഴലിൽ" എന്ന പടത്തിലെ അഭിനയത്തിന്റെ പേരിൽ സുധീറിന്. കുമാരി അവാർഡ് "സ്വപ്നാടന"ത്തിലെ അഭിനയത്തിന് റാണിചന്ദ്രക്കും.
വയലാറിന്റെ നാലാമത്തെ സംസ്ഥാന പുരസ്കാരലബ്ധിയായിരുന്നു അത്. ചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തിത്തുടങ്ങിയ 1969 ൽ തന്നെ "നദി"യിലെയും "കടൽപ്പാല"ത്തിലെയും രചനകളുടെ പേരിൽ അംഗീകരിക്കപ്പെട്ടു അദ്ദേഹം. 1972 ലും (ചെമ്പരത്തി) 74 ലും ( അതിഥി, നെല്ല്) ആ നേട്ടം ആവർത്തിക്കപ്പെടുകയും ചെയ്തു, പക്ഷേ 1976 ൽ തന്നെ തേടിയെത്തിയ നാലാമത്തെ ബഹുമതി ഏറ്റുവാങ്ങാൻ യോഗമുണ്ടായില്ല അദ്ദേഹത്തിന്. 1975 ഒക്ടോബർ 27 ന് നാല്പത്തേഴാം വയസ്സിൽ ഓർമ്മയായിക്കഴിഞ്ഞിരുന്നു മലയാളത്തിന്റെ പ്രിയകവി. അതിനിടെ മികച്ച ഗാനരചനക്കുള്ള 1972 ലെ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി; മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (അച്ഛനും ബാപ്പയും) എന്ന ഗാനത്തിന്റെ പേരിൽ.
തൃശൂരിൽ നടന്ന 1976 ലെ സംസ്ഥാന അവാർഡ് വിതരണച്ചടങ്ങിൽ അച്ഛന് വേണ്ടി "വയലാർ പുരസ്‌കാരം" കെ കരുണാകരനിൽ നിന്ന് ഏറ്റുവാങ്ങിയ നിമിഷങ്ങൾ വികാരനിർഭരമായ ഓർമ്മയാണ് ശരത്തിന്. അതേ വേദിയിൽ അച്ഛനുള്ള സ്മരണാഞ്ജലിയായി "കയ്യിലൊരിന്ദ്രധനുസ്സുമായ് കാറ്റത്ത് പെയ്യുവാൻ നിന്ന തുലാവർഷമേഘമേ" എന്ന വിഖ്യാത കവിത ചൊല്ലുകയും ചെയ്തു മകൻ. "എം.ജി. രാധാകൃഷ്ണൻ ചേട്ടനാണ് ആ കവിത ഈണമിട്ട് പഠിപ്പിച്ചത്. വോയിസ് ഓഫ് തൃശൂരിന്റെ ഓർക്കസ്ട്രയുമുണ്ടായിരുന്നു സ്റ്റേജിൽ പിന്തുണയ്ക്ക്."
നാടകാചാര്യനായ പി കെ വിക്രമൻ നായരുടെ ഓർമ്മയിൽ അച്ഛൻ എഴുതിയ ആ കവിത വരികളിൽ ചെറിയൊരു ഭേദഗതി വരുത്തിയാണ് ആലപിച്ചത് എന്നോർക്കുന്നു ശരത്. "നീയെന്ന് കൊണ്ടെത്തരും വിക്രമൻ ചേട്ടനെ" എന്ന അവസാന വരിയിൽ വിക്രമൻ ചേട്ടന് പകരം എൻ്റെ പൊന്നച്ചനെ എന്നാക്കി. അത്ര മാത്രം. "പക്ഷേ കേട്ടിരുന്ന പലരുടേയും കണ്ണുകൾ ഈറനണിഞ്ഞത് ഓർമ്മയുണ്ട്. വികാരഭരിതമായ ഒരനുഭവമായിരുന്നു അത്. എനിക്ക് മാത്രമല്ല, അച്ഛനെ സ്നേഹിക്കുന്നവർക്കും..."
പി.ആർ.എസ്. പിള്ള അധ്യക്ഷനായ ആ വർഷത്തെ അവാർഡ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ ഇവരായിരുന്നു: ഉറൂബ്, ജി രവീന്ദ്രൻ, അസീസ്, എം കെ ജോസഫ്, എം ജി മേനോൻ, എൻ. അച്യുതൻ, തോട്ടം രാജശേഖരൻ, എൻ മോഹനൻ (സെക്രട്ടറി). മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത "സ്വപ്‌നാടനം." മികച്ച രണ്ടാമത്തെ ചിത്രം പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ. മറ്റ് പ്രധാന അവാർഡുകൾ ഇങ്ങനെ: സംവിധായകൻ: പി.എ. ബക്കർ, സഹനടൻ എം.ജി. സോമൻ (സ്വപ്‌നാടനം, ചുവന്ന സന്ധ്യകൾ), സഹനടി: മല്ലികയും (സ്വപ്‌നാടനം), കെ പിഎസി. ലളിതയും (സൃഷ്ടി), ബാലനടൻ: മാസ്റ്റർ രഘു: (പ്രയാണം, സ്വാമി അയ്യപ്പൻ), മികച്ച സംഗീത സംവിധായകൻ: ഭാസ്കർ ചന്ദവർക്കർ (സ്വപ്‌നാടനം), ഗായകൻ: യേശുദാസ് (വിവിധ ചിത്രങ്ങൾ), ഗായിക: പി. സുശീല (ചുവന്ന സന്ധ്യകളിലെ പൂവുകൾക്ക് പുണ്യകാലം), ഛായാഗ്രഹണം -- ബ്ലാക്ക് ആൻഡ് വൈറ്റ്: ബാലു മഹേന്ദ്ര (പ്രയാണം, ചുവന്ന സന്ധ്യകൾ), കളർ: മസ്താൻ (സ്വാമി അയ്യപ്പൻ).
സംസ്ഥാന പുരസ്‌കാരങ്ങൾക്ക് നൽകപ്പെട്ടിരുന്ന പേരുകൾ (സത്യൻ അവാർഡ്, കുമാരി അവാർഡ്, വയലാർ അവാർഡ്) പിൽക്കാലത്ത് ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. ആ അവാർഡുകൾ ഇന്ന് ചരിത്രത്തിന്റെ ഭാഗം.
Content Highlights: 1976 Kerala State Film Award for Best Lyricist posthumously awarded to Vayalar Rama Varma





English (US) ·