വയസ്സാവുന്നതില്‍ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഉര്‍വശിയുടെ മറുപടി; ബോഡി ഷെയിമിങിന്റെ പേരില്‍ പൊട്ടിക്കരഞ്ഞ സംഭവം?

3 days ago 3
ബോഡി ഷെയിമിങ് ഒരാളെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുരിച്ച് ഉര്‍വശി പറയുന്നു. അതിന് ശേഷം ഇന്നുവരെ ഒരാളെയും ശാരീരിക രൂപത്തിന്റെയോ വൈകല്യത്തിന്റെയോ നിറത്തിന്റെയോ പേരില്‍ കളിയാക്കി ചിരിച്ചിട്ടില്ല എന്ന് ഉര്‍വശി പറയുന്നു. സുധീറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. നായിക റോള്‍ ചെയ്ത ഇടത്ത് ഇപ്പോള്‍ സപ്പോര്‍ട്ടിങ് റോള്‍ ആണ്, പ്രായമാവുന്നതില്‍ പേടിയുണ്ടോ എന്ന ചോദ്യത്തിനും ഉര്‍വശി പ്രതികരിക്കുന്നുണ്ട്.

വയസ്സാവുന്നതിനെ കുറിച്ചോര്‍ത്ത് ഞാനൊരിക്കലും പേടിച്ചിട്ടില്ല. ഒരു മനുഷ്യനും അവരുടെ അപ്പോഴുള്ള പ്രായത്തെ ആസ്വദിക്കുന്നില്ല എന്നതാണ് സത്യം. അഞ്ച് വയസ്സില്‍ എനിക്ക് അമ്മയെ പോലെ സാരിയുടുത്ത് നടക്കണം എന്നായിരിക്കും ആഗ്രഹം, പത്താം വയസ്സില്‍ ചേച്ചിയെ പോലെ വളരണം എന്ന് ആഗ്രഹിക്കും. വളര്‍ന്നാല്‍ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം എന്നാഗ്രഹിക്കും.

Also Read: കുറച്ച് വൈകിപ്പോയി, എന്നാലും സന്തോഷം അറിയിക്കാതെ വയ്യ; സന്തോഷവും സ്‌നേഹവും നന്ദിയും അറിയിച്ച് ശിവദ

അതുപോലെ ഒരു പ്രായത്തിലും നമ്മള്‍ ആ പ്രായത്തെ ആസ്വദിക്കുന്നില്ലല്ലോ, അടുത്തത്, കഴിഞ്ഞത് എന്നൊക്കെ നോക്കിയല്ലേ പോകുന്നത്. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്, അതില്‍ സങ്കടപ്പെടാനൊന്നുമില്ല. നമുക്കുള്ളില്‍ നമ്മള്‍ എപ്പോഴും ഒരു കുട്ടിയായി അനുഭവപ്പെടാന്‍ കഴിഞ്ഞാല്‍, വയസ്സ് എന്നത് വെറും നമ്പര്‍ മാത്രമാണ്. എനിക്ക് മോന്‍ പിറന്നപ്പോള്‍ എനിക്കും അവനും ഒരേ വയസ്സ് എന്നാണ് ഞാന്‍ ആലോചിച്ചത്, അവനെ പോലെ തന്നെ ഞാനും സംസാരിക്കും. എല്ലാ സാഹചര്യങ്ങളോടും അനുസരിച്ച് മാറാന്‍ നമുക്ക് കഴിയുന്നുണ്ടെങ്കില്‍ എല്ലാ പ്രായവും നമ്മള്‍ ആസ്വദിക്കും എന്നാണ് ഉര്‍വശി പറഞ്ഞത്.

ഇപ്പോഴത്തെ കാലത്ത് അത്ര ധൈര്യത്തോടെ ആരും ബോഡി ഷെയിമിങ് ചെയ്യില്ല. തുടക്കകാലത്ത് ഒരുപാട് ബോഡി ഷെയിമിങ് ഇന്റസ്ട്രിയില്‍ ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും എനിക്കിതിനെ കുറിച്ച് അറിയില്ലായിരുന്നു. ആരെയെങ്കിലും കളിയാക്കി മറ്റുള്ളവര്‍ പറയുമ്പോള്‍ ഞാനും ചിരിക്കുമായിരുന്നു. പക്ഷേ ഒരു സമയത്ത് കുമരിമുത്തു എന്ന നടനൊപ്പം ഞാന്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ പറഞ്ഞു, അദ്ദേഹത്തിന്റെ അടുത്ത് പോയി, അദ്ദേഹത്തിന്റെ കോങ്കണ്ണ് പോലെ കണ്ണ് വച്ച് ഇമിറ്റേറ്റ് ചെയ്ത് സംസാരിക്കൂ എന്ന്. ഞാനും അതുപോലെ ചെയ്തു. ആ ഷൂട്ടിങ് കഴിഞ്ഞു, ഞങ്ങള്‍ പിരിഞ്ഞു.


കാലങ്ങള്‍ക്ക് ശേഷം കുമരിമുത്തു അണ്ണനെ ഞാന്‍ ഇന്റര്‍വ്യു ചെയ്തു. അന്ന് അദ്ദേഹത്തോട് ഞാന്‍ ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ചെറുപ്പം മുതലേയുള്ള ആഗ്രഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. പൊലീസ് ആവാന്‍ ആഗ്രഹിച്ചു, റെയില്‍വെ ഗാര്‍ഡ് ആവാന്‍ ആഗ്രഹിച്ചു പക്ഷേ എല്ലാം ആ കണ്ണ് കാരണം നഷ്ടപ്പെട്ടു. കണ്ണിന്റെ പേരില്‍ നേരിട്ട അവഗണനകളെ കുറിച്ച് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കെ, ഒരു ഘട്ടത്തില്‍ എനിക്ക് കരച്ചില്‍ വന്നു. ഞാനും ആ കണ്ണിനെ കളിയാക്ക് അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. അതിന് ശേഷം ആരെയും രൂപത്തിന്റെ പേരില്‍ ഞാന്‍ കളിയാക്കി ചിരിച്ചിട്ടില്ല- ഉര്‍വശി പറഞ്ഞു
Read Entire Article