അഹമ്മദാബാദ്∙ ക്വിന്റൻ ഡികോക്കും ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയ്ക്കെതിരെ ഇന്ത്യ ഒരു അസ്ത്രം കരുതിയിട്ടുണ്ടായിരുന്നു. ബാറ്റർമാരെ ക്രീസിൽ കറക്കിവീഴ്ത്തുന്ന വരുണാസ്ത്രം! നാല് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ഉഗ്രൻ ബോളിങ് മികവിൽ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് ഇന്ത്യ തോൽപ്പിച്ചു. ഒപ്പം 3–1നു പരമ്പരയും സ്വന്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ത്തിൽ 201 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് 30 റൺസ് ജയം. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിയ ദക്ഷിണാഫ്രിക്കയെ വരുൺ ചക്രവർത്തിയുടെയും ജസ്പ്രീത് ബുമ്രയുടെയും മികച്ച ബോളിങ്ങാണ് പിടിച്ചുകെട്ടിയത്. റിട്ടേൺ ക്യാച്ചിലൂടെ ബുമ്ര, ഡികോക്കിനെ പുറത്താക്കിയതും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൻ ഡികോക്കും (35 പന്തിൽ 65), റീസ ഹെൻഡ്രിക്സും (12 പന്തിൽ 13) ചേർന്നു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ റീസ ഹെൻഡ്രിക്സിനെ പുറത്താക്കി വരുൺ ചക്രവർത്തി തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം നൽകിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഡികോക്ക്– ഡെവാൾഡ് ബ്രവിസ് (17 പന്തിൽ 31) സഖ്യം പതറാതെ മുന്നോട്ടു പോയി. ഇരുവരും ചേർന്ന് 51 റൺസാണ് എടുത്തത്.
11–ാം ഓവറിൽ ഡികോക്കിനെ കിടിലൻ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെയും (6) ഡോണോവൻ ഫെരേരയും (0) പുറത്താക്കി വരുൺ ചക്രവർത്തി നൽകിയ ഇരട്ടപ്രഹരത്തിൽനിന്ന് ദക്ഷിണാഫ്രിക്കയ്ക്കു പിന്നീടു കരകയറാനായില്ല. തന്റെ തന്നെ അടുത്ത ഓവറിൽ ജോർജ് ലിന്‍ഡെയെയും (16) വരുൺ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പൂർണമായും കീഴടങ്ങി. പിന്നീട് മാർക്കോ യാൻസൻ (16), കോർബിൻ ബോഷ് (17*), ലുൻഗി എങ്കിഡി (7*) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലേക്ക് അതുപോരായിരുന്നു. ഇന്ത്യയ്ക്കായി അർഷ‌്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
∙ അടിച്ചുകയറി ഹാർദിക്ആറു മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ബെഞ്ചിൽനിന്നു കളത്തിലേക്കു മടങ്ങിയെത്തിയ സഞ്ജു സാംസൺ തുടങ്ങിയവച്ചത് തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 231 റൺസെടുത്തത്. അർധസെഞ്ചറി നേടിയ തിലക് വർമ (42 പന്തിൽ 73), ഹാർദിക് പാണ്ഡ്യ (25 പന്തിൽ 63), ഓപ്പണർമാരായ സഞ്ജു സാംസൺ (22 പന്തിൽ 37), അഭിഷേക് ശർമ (21 പന്തിൽ 34) എന്നിവർ ഇന്ത്യയ്ക്കു വേണ്ടി തിളങ്ങി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (7 പന്തിൽ 5) ഇന്നും നിരാശപ്പെടുത്തി.
ഏഷ്യാ കപ്പിനു മുൻപുവരെ ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായിരുന്ന അഭിഷേകും സഞ്ജുവും വീണ്ടും ഒന്നിച്ചപ്പോൾ പവർപ്ലേയിൽ ഇന്ത്യൻ സ്കോർ കുതിച്ചു. ഇരുവരും ബൗണ്ടറികളുമായി കളംനിറഞ്ഞതോടെ ആറ് ഓവറിൽ ഇന്ത്യൻ സ്കോർ 67ൽ എത്തി. പവർപ്ലേ അവസാനിക്കാൻ രണ്ടു പന്തുകൾ മാത്രം ബാക്കിനിൽക്കെയാണ് അഭിഷേകിനെ ഇന്ത്യയ്ക്കു നഷ്ടമായത്. ഒരു സിക്സും ആറു ഫോറുമാണ് അഭിഷേകിന്റെ ബാറ്റിൽനിന്നു പിറന്നത്. രണ്ടു സിക്സും നാലും ഫോറും പായിച്ച സഞ്‍ജു ഇതിനിടെ, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കു വേണ്ടി ആയിരം റൺസെന്ന നാഴികക്കല്ലും പിന്നിട്ടു.
മൂന്നാമനായി ഇറങ്ങിയ തിലക് വർമ പെട്ടെന്നു തന്നെ കളം പിടിച്ചതോടെ സഞ്ജു കുറച്ചൊന്നു മെല്ലെപോക്കായി. 10–ാം ഓറിൽ ജോർജ് ലിൻഡെയുടെ പന്തിൽ സഞ്ജു ക്ലീൻബൗൾഡാകുകയായിരുന്നു. പരമ്പരയിൽ ആദ്യമായി കിട്ടിയ അവസരം, ഭേദപ്പെട്ട രീതിയിൽ വിനിയോഗിക്കാൻ സഞ്ജുവിനായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എത്തിയെങ്കിലും വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത സൂര്യയെ 13–ാം ഓവറിൽ കോർബിൻ ബോഷ്, ഡേവിഡ് മില്ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് നാലാം വിക്കറ്റിൽ ഹാർദിക്കും തിലകും ഒന്നിച്ചത്. ഹാർദിക് വന്നപ്പോൾ അടി തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. തിലക് വർമയും ‘കട്ടയ്ക്ക്’ ഒപ്പംനിന്നു. 14–ാം ഓവറിൽ ജോർജ് ലിൻഡെയ്ക്കെതിരെ മൂന്നു സിക്സും രണ്ടു ഫോറും പായിച്ച ഹാർദിക്, 27 റൺസാണ് അടിച്ചുകൂട്ടിയത്. 17–ാം ഓവറിൽ വെറും 16 പന്തിൽ ഹാർദിക് അർധസെഞ്ചറി നേടുകയും ചെയ്തു. ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയാണിത്. 12 പന്തിൽ അർധസെഞ്ചറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമനത്. 17 പന്തിൽ അർധസെഞ്ചറി നേടിയ അഭിഷേക് ശർമയെയാണ് ഹാർദിക് മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളിയത്. ട്വന്റി20 കരിയറിലെ ആറാം അർധസെഞ്ചറിയാണ് തിലക് വർമ കുറിച്ചത്. ഇരുവരും അവസാന ഓവറിലാണ് പുറത്താകുന്നത്. തിലക് ഒരു സിക്സും 10 ഫോറും അടിച്ചപ്പോൾ ആകെ അഞ്ച് സിക്സും അഞ്ച് ഫോറുമാണ് ഹാർദിക്കിന്റെ ബാറ്റിൽനിന്നു പിറന്നത്. നാലാം വിക്കറ്റിൽ തിലകു ഹാർദിക്കും ചേർന്ന് 105 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. ശിവം ദുബെ (3 പന്തിൽ 10*), ജിതേഷ് ശർമ (0*) എന്നിവർ പുറത്താകാതെനിന്നു.
∙ ഗില്ലിനു പകരം സഞ്ജുടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബോളിങ് തിരഞ്ഞെടുക്കുകയായിന്നു. മൂന്നാം ട്വന്റി20 കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം അഹമ്മദാബാദിൽ ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മാൽ ഗില്ലിനു പകരം സഞ്ജു സാംസൺ ഓപ്പണറാകും. പരമ്പരയിൽ ആദ്യമായാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയപ്പോൾ ഹർഷിത് റാണ പുറത്തായി. കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറുമെത്തി. ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റമുണ്ട്. ആൻറിച് നോർട്യയ്ക്കു പകരം ജോർജ് ലിൻഡെ ടീമിലെത്തി.
English Summary:








English (US) ·