19 June 2025, 12:08 PM IST

പ്രതീകാത്മക ചിത്രം, വിനേഷ് വിശ്വനാഥ് | Photo: Facebook/ Saina Play, Vinesh Viswanath
ബജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവര്‍ നിര്‍മിച്ച് വിനേഷ് വിശ്വനാഥ് സംവിധാനംചെയ്ത ചിത്രമാണ് 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍'. കഴിഞ്ഞ നവംബറിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ചിത്രം വെള്ളിയാഴ്ച ഒടിടിയില്‍ റിലീസ് ചെയ്യും. സൈനാ പ്ലേയിലാവും ചിത്രം സ്ട്രീം ചെയ്യുക. ഒടിടി റിലീസിന് മുന്നോടിയായി, തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെ ചിത്രം നേരിട്ട തിരിച്ചടികളെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനേഷ് വിശ്വനാഥ്. പോസിറ്റീവ് റിവ്യൂ ഉണ്ടായിരുന്നിട്ടും തന്റെ ചിത്രം കാണാനെത്തിയവരെ പറഞ്ഞുവിട്ട് ഷോ കാന്‍സല്‍ ചെയ്തുവെന്ന് സംവിധായകന്‍ പരാതിപ്പെട്ടു.
വിനേഷ് വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തിയറ്റര്‍ റിലീസിന് ശേഷം 'സ്താനാര്‍ത്തി ശ്രീക്കുട്ടന്' സംഭവിച്ച ചില കാര്യങ്ങള്‍ പറയാം. ഈ സിനിമ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. എന്റെ 5 വര്‍ഷത്തെ ഇന്‍വെസ്റ്റ്‌മെന്റ് ആണ്.
ആദ്യ ദിവസം ക്രൂ ഷോ, അതില്‍ പൊസിറ്റിവ് അഭിപ്രായങ്ങള്‍ തന്നെയേ വരുള്ളൂ അത് കേട്ട് ഒരു ജഡ്ജമെന്റില്‍ എത്തണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ഞെട്ടിച്ചത് സംവിധായകന്‍ കൃഷാന്ദ് സിനിമയെപ്പറ്റി തന്ന റെസ്‌പോന്‍സില്‍ ആണ്. വീഡിയോ കമന്റില്‍ ഇടാം.
അവിടെ ഒരു പ്രതീക്ഷ തോന്നി. നേരെ പദ്മ തിയറ്ററില്‍ ചെന്നപ്പോ ആള് കുറവാണ്. കണ്മുന്നില്‍ വെച്ച് നമ്മുടെ വൈകിട്ടത്തെ ഷോ പോസ്റ്റര്‍ മാറ്റി മറ്റൊരു പടം കയറുന്നു. കൂടെ നിന്ന ആനന്ദ് മന്മഥന് വലിയ വിഷമമായി. എനിക്കൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി എന്ന അവസ്ഥയിലായിരുന്നു ഞാന്‍.
സോഷ്യല്‍ മീഡിയയില്‍ നല്ല reviews വരാന്‍ തുടങ്ങി. അപ്പോഴും എനിക്ക് നിര്‍വികാരത തന്നെയാണ്. അശ്വന്ത് കോക്ക് തിരുവനന്തപുരത്ത് നിന്ന് ആദ്യ ഷോ കണ്ടു പുള്ളി എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു എന്നൊരു ന്യൂസ് കിട്ടി. ആളെ ഫോളോ ചെയ്യുന്ന കുറേപ്പേരിലേക്ക് പുള്ളിയുടെ പറച്ചില്‍ എത്തും എന്ന് തോന്നി. ഇനി ഇഷ്ടപ്പെട്ടില്ലെങ്കിലും പറഞ്ഞാല്‍ അതിലൂടെയാവും ഈ പടത്തിനെപ്പറ്റി കൂടുതല്‍ പേര് അറിയാന്‍ പോകുന്നത്.
അത് വന്നു. പൊസിറ്റിവ് ആണ്. ഉണ്ണി വ്‌ളോഗ്‌സ് റിവ്യൂ വന്നു. വളരെ പേഴ്സണല്‍ ആയി, വൈകാരികമായി അദ്ദേഹം തന്ന പൊസിറ്റിവ് റിവ്യൂ. ഇതൊക്കെ കാരണം പടം കുറച്ച് ദിവസം കൂടി തിയറ്ററില്‍ കിടക്കും എന്ന് തോന്നി.
ഭരദ്വാജ് രംഗന് പടം കാനാണമെങ്കില് extracurricular റിലീസ് ഇല്ലാത്തതിനാല്‍ വിമിയോ ലിങ്ക് കൊടുക്കാതെ വഴിയില്ല. പുള്ളി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ് കേട്ടിട്ടുണ്ട് ആള്‍ക്ക് underdog stories വലിയ താല്‍പര്യമില്ല എന്ന്.
നമ്മുടെ ആദ്യത്തെ നെഗറ്റീവ് റിവ്യൂ വരാന്‍ പോകുന്നു എന്ന് ഉറപ്പിച്ചിരുന്നപ്പോള്‍ പുള്ളിയുടെ ബ്ലോഗില്‍ റിവ്യൂ വന്നു. പോസിറ്റിവ് ആണ്.
അപ്പൊ ഇറങ്ങി കുറച്ച് ദിവസം കഴിഞ്ഞിരുന്നു. അദ്ദേഹം ആദ്യമായി ബ്ലോഗിലൂടെ മാത്രം വിടുന്ന റിവ്യൂയായി ഇത് മാറി. പുള്ളി വീഡിയോ ആയി ചെയ്യാന്‍ തയാറായില്ല. കാരണമറിയില്ല. ചെയ്തിരുന്നെങ്കില്‍ ഒരുപാട് വലിയ ഹെല്പ് ആയേനെ.
വേറെയും കുറെ റിവ്യൂസ് വന്നു. പൊസിറ്റിവ് ആണ്.
എന്നും എല്ലാ ഷോയും കഴിയുന്ന ടൈമില്‍ തിരുവനന്തപുരം കൈരളി തിയറ്ററിന്റെ മുന്നില്‍ നില്‍പ്പാണ്. പ്രൊജക്ഷനിസ്റ്റ്‌റ് അനീഷണ്ണന്‍ എന്നും എത്രപേരുണ്ട് കാണാന്‍ എന്ന് പറയും.
നല്ല റിവ്യൂസ് അപ്പോഴും വരുന്നുണ്ട്. ഹിറ്റടിക്കും, അടുത്ത പടം നീ ഉടനെ സൈന്‍ ചെയ്യും എന്നൊക്കെ വിളിക്കുന്നവര്‍ പറയുന്നുണ്ട്. ഒരു പടം ഇറങ്ങിയാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് കോളുകള്‍ വരും എന്ന് കേട്ടിട്ടുണ്ട്. അങ്ങനത്തെ കോളുകള്‍ക്ക് ഞാനും നോക്കി. ഇന്‍ഡസ്ട്രിയില്‍ നിന്ന് എന്നെ മുന്‍പരിചയമില്ലാത്ത ഒരേയൊരു വിളി വന്നത് മാലാ പാര്‍വതി ചേച്ചിയില്‍ നിന്നാണ്. അല്ലാതെ നമ്പര്‍ തപ്പി പിടിച്ചും മറ്റും പല വിളികള്‍ വന്നു. ഒക്കെയും സ്‌നേഹം നിറച്ചത്.
ഒരുപാട് പേര്‍ക്ക് ഷോ ഇടാത്തതിനാല്‍ പടം കാണാന്‍ പറ്റിയില്ല എന്ന് വിളികള്‍ വരാന്‍ തുടങ്ങി. ആറ്റിങ്ങലില്‍ ഒരു തിയറ്ററില്‍ ഒരു റ്റിയൂഷന്‍ സെന്ററിലെ 50 + കുട്ടികള്‍ പോയിട്ടും, അല്ലാതെ പടം കാണാന്‍ 10 പേരുണ്ടായിട്ടും അവര്‍ ഷോ ഇട്ടില്ല എന്ന് വൈകി അറിഞ്ഞു, നാട്ടിലെ ചില കൂട്ടുകാര്‍ അതെ തിയറ്ററില്‍ ആളെ കൂട്ടി ഷോ ഇടീച്ചു.പലയിടത്തും ഷോ വരുന്നവരെ പറഞ്ഞുവിട്ട കാന്‍സല്‍ ചെയ്യുന്നു എന്നറിഞ്ഞു.
പുഷ്പ 2 കൂടി വന്നതോടെ പൂര്‍ണം. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി മാറി രണ്ടാം ആഴ്ചയില്‍. അപ്പോഴും നമുക്ക് പോസിറ്റിവ് റിവ്യൂസ് മാത്രമാണ് വരുന്നത്. ഒന്നിനുപോലും പൈസ കൊടുത്തിട്ടില്ല. ആ കാശുണ്ടായിരുന്നെങ്കില്‍ കുറേകൂടി പോസ്റ്റര്‍ ഒട്ടിച്ചേനെ. വനിതാ തിയറ്ററിന്റെയും തിരുവനന്തപുരം കൈരളിയുടെയും മാനേജ്മെന്റിന് നന്ദി.
തിയറ്റര്‍ വിട്ടു. OTT യ്ക്കുള്ള കാത്തിരിപ്പായി. ആദ്യ സിനിമ എന്റെ ഒരു അഡ്രസ് ആകുമെന്ന് കരുതി. ആയില്ല. മുറിക്കുള്ളില്‍ ഇരിപ്പായിട്ട് 6 മാസമാകുന്നു. ഒരു എല്ലാര്ക്കും അറിയുന്ന ഒരു പൊട്ടിയ പടത്തിന്റെ ഡയറക്ടര്‍ എന്ന ടാഗിന് underrecognized പടത്തിന്റെ ഡയറക്ടര്‍ എന്ന ടാഗിനേക്കാള്‍ വിലയുണ്ട് എന്ന് മനസിലായി.
ഇടയ്ക്ക് കേരളം ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്സില്‍ മികച്ച കുട്ടികളുടെ ചിത്രമായി. സൈജു ചേട്ടന് നമ്മുടെ പടത്തിനും ചേര്‍ത്ത് മികച്ച സഹനടനുള്ള അവാര്‍ഡ് കിട്ടി. അപ്പോഴും വരുന്ന OTT അന്വേഷണങ്ങള്‍ക്ക് ഉത്തരം അറിയാതെ വീര്‍പ്പുമുട്ടി.
ഒരു കാര്യം തുടങ്ങിവെച്ചാല്‍ ഒരു ക്‌ളോഷര്‍ കിട്ടണം. അത് കിട്ടാതെ നീണ്ടുപോവുക എന്നത് വലിയ വേദനിപ്പിക്കുന്ന കാര്യമാണ്.
നാളെ സൈന പ്‌ളേയില്‍ പടം വരും. കണ്ടിട്ട് നിങ്ങള്‍ക്ക് തോന്നിയത് പറയൂ. കൊള്ളില്ലെങ്കില്‍ അങ്ങനെ തന്നെ. അവിടെ കൂടുതല്‍ പേരിലേക്ക് ഞങ്ങളുടെ പടം എത്തി എന്ന കാര്യം അറിഞ്ഞാല്‍ അതാണ് ഞങ്ങള്‍ക്ക് ഏറ്റവും വലിയ ആശ്വാസം. നേരത്തെ പറഞ്ഞ ക്‌ളോഷര്‍.
കാണണം.
അടുത്ത പടം സൈന്‍ ചെയ്തിട്ടില്ല. ശ്രീക്കുട്ടന്‍ ഹിറ്റും ആയില്ല. പക്ഷെ വിട്ടിട്ടില്ല. ചിലപ്പോള്‍ ഒരു തോല്‍വി ആയിട്ടാണെങ്കിലും ഞാന്‍ ഇവിടെത്തന്നെ തുടരും.
Content Highlights: Sthanarthi Sreekuttan faced setbacks contempt affirmative reviews. Director shares affectional experience
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·