വരുന്നു, രണ്ടു ബോൾ കളിക്കുന്നു, പോകുന്നു, വീണ്ടും പഴികേട്ട് ക്യാപ്റ്റൻ പന്ത്; തുടർച്ചയായ അഞ്ചാം വിജയവുമായി ‘ദിൽസെ മുംബൈ’, മൂന്നാം സ്ഥാനത്തേക്ക് കുതിപ്പ്

8 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 27 , 2025 03:26 PM IST Updated: April 28, 2025 12:23 AM IST

2 minute Read

bumrah
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾ

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിന് ആറാം വിജയം. തുടർച്ചയായി അഞ്ചു വിജയങ്ങൾ സ്വന്തമാക്കിയ മുംബൈ 10 മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. മുംബൈ ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ സൂപ്പർ ജയന്റ്സിന് 20 ഓവറില്‍ 161 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. മുംബൈ ഇന്ത്യൻസിന് 54 റൺസ് വിജയം.22 പന്തിൽ 35 റൺസെടുത്ത ആയുഷ് ബദോനിയാണ് ലക്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാര്‍ഷ് (24 പന്തിൽ 34), നിക്കോളാസ് പുരാൻ (15 പന്തിൽ 27), ഡേവിഡ് മില്ലർ (16 പന്തിൽ 24) എന്നിവരും ബാറ്റിങ്ങിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു.

മറുപടി  ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ലക്നൗവിന് എയ്ഡൻ മാർക്രമിനെ നഷ്ടമായി. ഒൻപതു റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഓപ്പണറെ ജസ്പ്രീത് ബുമ്ര പുറത്താക്കി. മിച്ചൽ മാർഷിനൊപ്പം നിക്കോളാസ് പുരാനും ചേർന്നതോടെ ലക്നൗ സ്കോറിങ്ങിനു വേഗം കൂടി. പുരാൻ വിൽ ജാക്സിന്റെ പന്തില്‍ പുറത്തായപ്പോൾ, ക്യാപ്റ്റൻ ഋഷഭ് പന്ത് നാലു റൺസ് മാത്രമെടുത്തു മടങ്ങി. രണ്ടു ബോളുകള്‍ മാത്രം നേരിട്ട ഋഷഭിനെയും വിൽ ജാക്സാണു മടക്കിയത്. ലക്നൗ പത്തു മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ആറാം തവണയാണ് ഋഷഭ് പന്ത് രണ്ടക്കം കടക്കാതെ പുറത്താകുന്നത്. ലക്നൗ ബാറ്റിങ്ങിലെ ഏറ്റവും ദുർബലമായ കണ്ണി ഋഷഭ് പന്താണെന്നു സംശയമില്ലാതെ പറയാം.

ടീം തോൽവിക്കും വിജയത്തിനും ഇടയിൽ നിൽക്കുമ്പോൾ മികച്ച ഒരു ഇന്നിങ്സിലൂടെ ടീമിനെ കരകയറ്റാനുള്ള അവസരമാണ് ഋഷഭ് പന്ത് കളഞ്ഞുകുളിച്ചത്. സ്കോർ 110 ൽ നിൽക്കെ ഓപ്പണര്‍ മിച്ചൽ മാർഷിന്റെ പുറത്താകൽ ലക്നൗവിനു തിരിച്ചടിയായി. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഡേവിഡ് മില്ലറും ആയുഷ് ബദോനിയും തകർത്തടിച്ചതോടെ ലക്നൗവിനു വിജയ പ്രതീക്ഷയുണ്ടായിരുന്നു. 135 ല്‍ ബദോനിയെയും 141 ൽ ഡേവിഡ്‍ മില്ലറെയും പുറത്താക്കി, മുംബൈ കളിയിലേക്കു തിരിച്ചെത്തി. ലക്നൗ വാലറ്റം ബാറ്റിങ്ങിൽ ഒന്നും ചെയ്യാനാകാതെ പോയതോടെ മുംബൈയ്ക്ക് സീസണിലെ ആറാം വിജയം. നാലോവറിൽ 22 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്ര മുംബൈയ്ക്കായി നാലു വിക്കറ്റുകൾ വീഴ്ത്തി. ട്രെന്റ് ബോൾട്ട് മൂന്നു വിക്കറ്റുകളും വിൽ ജാക്സ് രണ്ടു വിക്കറ്റും സ്വന്തമാക്കി.

suryakumar-yadav

സൂര്യകുമാർ യാദവ് ബാറ്റിങ്ങിനിടെ. Photo: X@MI

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. റയാൻ റിക്കിൾട്ടനും സൂര്യകുമാർ യാദവും അർധ സെഞ്ചറി നേടി. 32 പന്തുകൾ നേരിട്ട റിക്കിൾട്ടൻ 58 റൺസും, 28 പന്തുകളിൽനിന്ന് സൂര്യ 54 റൺസുമെടുത്തു പുറത്തായി. വില്‍ ജാക്സ് (21 പന്തിൽ 29), കോർബിൻ ബോഷ് (10 പന്തിൽ 20), നമൻ ധിർ (11 പന്തിൽ 25) എന്നിവരാണ് മുംബൈയുടെ മറ്റു സ്കോറർമാർ.

12 റൺസെടുത്തു നിൽക്കെ രോഹിത് ശർമയെ ലക്നൗ പേസർ മയങ്ക് യാദവ് പുറത്താക്കി. മയങ്ക് യാദവിന്റെ രണ്ടു പന്തുകൾ പുൾ ഷോട്ടിലൂടെ സിക്സർ പറത്തിയ ശേഷമായിരുന്നു രോഹിത്തിന്റെ പുറത്താകല്‍‍. പക്ഷേ ഓപ്പണർ റയാൻ റിക്കിൾട്ടനും വിൽ ജാക്സും കൈകോർത്തതോടെ മുംബൈ പവർപ്ലേയിൽ 66 റൺസെടുത്തു. ദിഗ്‍വേഷ് രതിയുടെ ഒൻപതാം ഓവറിൽ ആയുഷ് ബദോനി ക്യാച്ചെടുത്ത് റയാൻ റിക്കിൾട്ടനെ മടക്കി. 9.4 ഓവറിൽ മുംബൈ സ്കോർ 100 പിന്നിട്ടു. 111 ല്‍ വിൽ ജാക്സ് പ്രിൻസ് യാദവിനു മുന്നിൽ വീണു,

പിന്നാലെയെത്തിയ തിലക് വർമയും(ആറ്), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (അഞ്ച്) ചെറിയ സ്കോറിനു പുറത്തായത് മുംബൈയ്ക്കു തിരിച്ചടിയായി. എന്നാൽ സ്കോർ 200 കടത്താനായി സൂര്യകുമാർ യാദവ് തകർത്തടിച്ചു. 18–ാം ഓവറിലെ‍ മൂന്നാം പന്തിൽ സൂര്യ പുറത്തായി. പക്ഷേ നമൻ ധീറിന്റെയും കോർബിൻ ബോഷിന്റെയും കാമിയോ റോളുകൾ മുംബൈയെ സുരക്ഷിതമായ സ്കോറിലെത്തിച്ചു. ലക്നൗവിനു വേണ്ടി മയങ്ക് യാദവും ആവേശ് ഖാനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രിൻസ് യാദവ്, ദിഗ്‍വേഷ് രതി, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

English Summary:

Indian Premier League, Mumbai Indians vs Lucknow Super Giants Match Updates

Read Entire Article