റാഞ്ചി∙ ജഴ്സിയുടെയും പന്തിന്റെയും നിറം മാറുന്നതിനൊപ്പം ടീമിന്റെ ഭാഗ്യവും മാറുമെന്ന പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവി ഏൽപിച്ച ക്ഷീണം ഏകദിന പരമ്പര നേടി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. മറുവശത്ത് ടെസ്റ്റിലെ വിജയക്കുതിപ്പ് ഏകദിനത്തിലും ആവർത്തിക്കാമെന്നാണ് ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടൽ. റാഞ്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
∙ രോ– കോ കമിങ്സീനിയർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ടീമിലേക്കുള്ള തിരിച്ചുവരവാണ് ഏകദിന പരമ്പരയുടെ ഹൈലൈറ്റ്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ ഒരു സെഞ്ചറിയും അർധ സെഞ്ചറിയുമായി രോഹിത് ശർമയും അവസാന മത്സരത്തിലെ അർധ സെഞ്ചറിയുമായി വിരാട് കോലിയും ഫോം കണ്ടെത്തിയിരുന്നു. ഈ ഫോം നാട്ടിലും തുടരാൻ ഇരുവർക്കും സാധിക്കുമെന്നാണ് ആരാധകരുടെയും ടീം മാനേജ്മെന്റിന്റെയും പ്രതീക്ഷ. അടുത്ത 2 മാസത്തിനുള്ളിൽ ന്യൂസീലൻഡിനെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് ഏകദിന പരമ്പരയുള്ളത്. ഈ സാഹചര്യത്തിൽ 2027 ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ‘രോ–കോ’ സഖ്യത്തിന് ദക്ഷിണാഫ്രിക്കൻ പരമ്പര നിർണായകമാണ്.
∙ ഓപ്പണർ ആര്?
ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരുക്കേറ്റു പുറത്താവുകയും നിയുക്ത ക്യാപ്റ്റൻ കെ.എൽ.രാഹുൽ മധ്യനിരയിലേക്കു മാറുകയും ചെയ്തതോടെ രോഹിത് ശർമയ്ക്കൊപ്പം ആര് ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകർ. യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് ടീമിലെ ഓപ്പണർമാർ. ഇടംകൈ ബാറ്റർ എന്നത് ജയ്സ്വാളിനു മുൻതൂക്കം നൽകുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ സമീപകാല പ്രകടനത്തിലാണ് ഋതുരാജിന്റെ പ്രതീക്ഷ. മൂന്നാം നമ്പറിൽ വിരാട് കോലി എത്തുമ്പോൾ നാലാം നമ്പറിൽ തിലക് വർമയ്ക്ക് അവസരം ലഭിച്ചേക്കും. ഋഷഭ് പന്ത്, കെ.എൽ.രാഹുൽ എന്നിവർ 5,6 സ്ഥാനങ്ങളിലെത്തും.
∙ ബോളിങ് ആശങ്ക
ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ബോളിങ് നിരയുടെ ചുമതല അർഷ്ദീപ് സിങ്ങിനായിരിക്കും. രണ്ടാം പേസറായി പ്രസിദ്ധ് കൃഷ്ണയെ പരിഗണിച്ചേക്കും. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ഇലവനിൽ ഉണ്ടെങ്കിൽ മൂന്നാം പേസറെക്കുറിച്ച് ഇന്ത്യ ചിന്തിച്ചേക്കില്ല. രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർക്കാകും സ്പിൻ വിഭാഗത്തിന്റെ ചുമതല. ഇനി ഒരു എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കാൻ തീരുമാനിച്ചാൽ തിലകിനു പകരം കുൽദീപ് യാദവ് ഇലവനിൽ എത്തും.
∙ ബവൂമയും സംഘവുംടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ടെംബ ബവൂമയുടെ സംഘത്തിൽ ഏകദിന സ്പെഷലിസ്റ്റുമാർക്ക് പഞ്ഞമില്ല. എയ്ഡൻ മാർക്രം, ക്വിന്റൻ ഡികോക്, ടെംബ ബവൂമ, മാത്യു ബ്രിറ്റ്സ്കി, ഡിയേവാൾഡ് ബ്രെവിസ്, റൂബിൻ ഹെർമാൻ, മാർക്കോ യാൻസൻ, കോർബിൻ ബോഷ് തുടങ്ങി ഇലവനിലെ 8 പേരും നന്നായി ബാറ്റ് ചെയ്യുന്നവർ. ബോളിങ്ങിൽ കഗീസോ റബാദ, എൻറിച് നോർട്യ എന്നിവരുടെ അഭാവത്തിൽ ലുങ്ഗി എൻഗിഡി, നാന്ദ്രെ ബർഗർ എന്നിവർ പേസ് വിഭാഗത്തെ നയിക്കും. കേശവ് മഹാരാജാകും ടീമിലെ ഏക സ്പിന്നർ.
∙ പിച്ച് റിപ്പോർട്ട്6–ാം തവണയാണ് റാഞ്ചി സ്റ്റേഡിയം ഒരു രാജ്യാന്തര ഏകദിന മത്സരത്തിന് വേദിയാകുന്നത്. ഇതിൽ ഒരു തവണ മാത്രമാണ് ടീം ടോട്ടൽ 300നു മുകളിൽ പോയത്. 235 റൺസാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
∙ ചരിത്രനേട്ടത്തിലേക്ക് രോ–കോപരമ്പരയിൽ ഒരു സെഞ്ചറി കൂടി നേടിയാൽ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിക്ക് സ്വന്തമാകും. നിലവിൽ 51 ഏകദിന സെഞ്ചറികളാണ് കോലിയുടെ പേരിലുള്ളത്. 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് മറികടക്കാൻ കോലിക്ക് ഒരു ഏകദിന സെഞ്ചറി കൂടി മതി.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡിലേക്ക് രോഹിത് ശർമയ്ക്ക് ഇനി 3 ഷോട്ടുകളുടെ ദൂരം മാത്രം. 276 മത്സരങ്ങളിൽ നിന്നായി 349 സിക്സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 398 മത്സരങ്ങളിൽ നിന്ന് 351 സിക്സർ നേടിയ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഒന്നാമത്.
English Summary:








English (US) ·