Published: June 24 , 2025 05:37 AM IST Updated: June 24, 2025 09:36 AM IST
1 minute Read
ചിയാങ് മായ് (തായ്‌ലൻഡ്)∙ എഎഫ്സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള മംഗോളിയയെ ഇന്ത്യ 13–0ന് കീഴടക്കി. മലയാളി താരം പി. മാളവിക ഉൾപ്പെടെയുള്ളവർ ഗോളടിച്ച തിളങ്ങിയ മത്സരം ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായി. 5 ഗോളുകളുമായി കളംനിറഞ്ഞ ഒഡീഷ എഫ്സി താരം പ്യാരി ഖാഖയാണ് കളിയിലെ താരം. സൗമ്യ ഗുഗുലോത്ത്, പ്രിയദർശിനി എന്നിവർ 2 ഗോൾ വീതവും നേടി. 4 മാസത്തിനിടെ ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ വിജയമാണിത്. ഈ വർഷമാദ്യം നടന്ന പിങ്ക് ലേഡീസ് കപ്പിൽ ജോർദാനെതിരെയായിരുന്നു ഇന്ത്യയുടെ ഒടുവിലത്തെ വിജയം.
700–ാം വാർഷികം ആഘോഷിക്കുന്ന ചിയാങ് മായ് സ്റ്റേഡിയത്തിൽ, എട്ടാം മിനിറ്റിൽ ഇന്ത്യ സ്കോർബോർഡ് തുറന്നു. സംഗീത ബസ്ഫോറാണ് ആദ്യ ഗോൾ നേടിയത്. 20–ാം മിനിറ്റിൽ സൗമ്യ ഗുഗുലോത്തിന്റെ ഗോളിൽ ഇന്ത്യ 2–0ന് മുന്നിൽ. 29–ാം മിനിറ്റിൽ പ്യാരി ഖാഖയുടെ ആദ്യ ഗോൾ. പിന്നീട് 45, 46, 52, 55 മിനിറ്റുകളിലും പ്യാരി ഖാഖ ലക്ഷ്യം കണ്ടു. 59–ാം മിനിറ്റിൽ സൗമ്യ ഗുഗുലോത്തിന്റെ രണ്ടാം ഗോളിൽ ഇന്ത്യ 8–0ന് മുന്നിൽ. 67–ാം മിനിറ്റിൽ റിംപ ഹൽദാർ, 71–ാം മിനിറ്റിൽ പി. മാളവിക, 73, 86 മിനിറ്റുകളിൽ പ്രിയദർശിനി, 75–ാം മിനിറ്റിൽ ഡാങ്മെയി ഗ്രേസ് എന്നിവരും ഇന്ത്യയ്ക്കായി ഗോൾ നേടി. ഇതേ വേദിയിൽ, 29ന് തീമോർ ലെഷ്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മാളവികയ്ക്ക് സ്വപ്നത്തുടക്കം
22–ാം നമ്പർ ജഴ്സിയിൽ, മംഗോളിയയ്ക്കെതിരായ മത്സരത്തിന്റെ 65–ാം മിനിറ്റിലാണ് 22–ാം നമ്പർ ജഴ്സിയിൽ മാളവിക കളത്തിലിറങ്ങിയത്. ഗ്രൗണ്ടിൽ ഇറങ്ങി 7–ാം മിനിറ്റിൽ മാളവിക ലക്ഷ്യം കണ്ടു. മംഗോളിയൻ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിൽ മുതലാക്കി കിരൺ പസ്ദ ബോക്സിലുണ്ടായിരുന്ന മാളവികയ്ക്കു പാസ് നൽകി. ഗോളി മുന്നോട്ടു കയറിയതിനാൽ കാവലില്ലാതിരുന്ന പോസ്റ്റിലേക്ക് മാളവികയുടെ ഷോട്ട്. 1999നുശേഷം ആദ്യമായി ഇന്ത്യൻ വനിതാ സീനിയർ ടീമിലെത്തിയ മലയാളി എന്ന ഖ്യാതിയോടെ മത്സരത്തിനിറങ്ങിയ കാസർകോട് ബങ്കളം സ്വദേശി മാളവികയ്ക്കു സ്വപ്നസാഫല്യം. 75–ാം മിനിറ്റിൽ ഡാങ്മെയി ഗ്രേസിന്റെ ഗോളിനു വഴിയൊരുക്കിയതും മാളവികയായിരുന്നു.
English Summary:








English (US) ·