'വഴക്ക് പറയാറുണ്ട്, പക്ഷേ ഒന്നും ഉള്ളിൽ കൊണ്ടുനടക്കാറില്ല, ദേഷ്യവും അസൂയയുംകൊണ്ട് ഒരു കാര്യവുമില്ല'

5 months ago 6

Mohanlal

മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി ന്യൂസ്

താനും സത്യൻ അന്തിക്കാടും തിരക്കുകളിലായിപ്പോയതാണ് ഇടക്കാലത്ത് ഒരുമിച്ച് സിനിമ ചെയ്യാൻ പറ്റാതിരുന്നതിന്റെ കാരണമെന്ന് മോഹൻലാൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പഴയ രീതിയിലുള്ള ഒരു സിനിമ ആലോചിക്കാൻ പ്രേരിപ്പിക്കുന്ന കലാകാരന്മാർ നമുക്ക് നഷ്ടമായി. ഒരാൾ നഷ്ടപ്പെട്ടാൽ അതിനുപകരം വെയ്ക്കാൻ വേറൊരാൾ ഉണ്ടാവില്ല. നല്ല സിനിമയുണ്ടാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ദേഷ്യം വരാറുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കാറുണ്ട്. ആ ഇടത്തേക്ക് സന്തോഷത്തെയോ സ്നേഹത്തെയോ കൊണ്ടുവരാൻ പറ്റുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഹൃദയപൂർവം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവേയാണ് മോഹൻലാൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

"ഞാനും സത്യേട്ടനും സിനിമ ചെയ്യാൻ തുടങ്ങിയിട്ട് 40 വർഷത്തോളമായി. ഇടക്കാലത്ത് ഞങ്ങൾക്ക് ഒരുമിച്ച് സിനിമ ചെയ്യാൻപറ്റിയില്ല. രണ്ടുപേരും തിരക്കിലായിപ്പോയി. ഒരുപാട് സിനിമ ചെയ്യുന്ന ഒരാളും ഇടയ്ക്ക് മാത്രം സിനിമ ചെയ്യുന്നയാളും തമ്മിലുള്ള വ്യത്യാസമാണത്. തന്റെ മറ്റുസിനിമകളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരെണ്ണത്തിലേക്ക് സത്യേട്ടൻ എത്തി എന്നതാണ് പ്രത്യേകത. അതിന്റെ ഒരു കാരണം പഴയരീതിയിലുള്ള ഒരു സിനിമ ചിന്തിക്കാനുള്ള കലാകാരന്മാർ നമുക്ക് നഷ്ടപ്പെട്ടു എന്നതാണ്.

ഹൃദയപൂർവത്തിൽ പ്രവർത്തിച്ചിരിക്കുന്ന മിക്കവരും പുതിയ ആളുകളാണ്. സത്യേട്ടനൊപ്പം ഇതുവരെ പ്രവർത്തിക്കാത്ത ഒരുപാട് ആളുകൾ ഈ ചിത്രത്തിലുണ്ട്. പുണെ പോലൊരു പശ്ചാത്തലം, എടുത്തിരിക്കുന്ന പ്രമേയം, പാട്ടുകൾ തുടങ്ങി പുതിയ രീതിയിലേക്ക് സത്യേട്ടൻ എത്തി. ഇതുപോലൊരു സിനിമ മറ്റാരും ചെയ്യില്ല.

ഈ സിനിമയുടെ ലൊക്കേഷനിൽവെച്ച് പഴയ പല കാര്യങ്ങളും ഞങ്ങൾതമ്മിൽ സംസാരിച്ചിട്ടുണ്ട്. പല അഭിനേതാക്കളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഒരുപാട് പഴയ കാര്യങ്ങൾ സംസാരിക്കാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം. കൂടുതലും സംസാരിക്കുന്നത് ഇന്നസെന്റിനേക്കുറിച്ചായിരിക്കും. എല്ലാദിവസവും ഇവരേക്കുറിച്ച് നമ്മൾ ഓർക്കാറുണ്ട്. ഇത്തരംകാര്യങ്ങൾ സംസാരിക്കാൻ മനസുകൊണ്ട് ഇഷ്ടപ്പെടുന്നയാളാണ് സത്യേട്ടൻ. പ്രിയദർശൻ പറയാറുണ്ട്, ഒരു കഥ ആലോചിക്കുമ്പോൾ ഈ വേഷം ആരുചെയ്യും എന്ന് തോന്നുന്ന വലിയൊരു ശൂന്യതയുണ്ടെന്ന്. ഒരാൾ നഷ്ടപ്പെട്ടാൽ അതിനുപകരം വെയ്ക്കാൻ വേറൊരാൾ ഉണ്ടാവില്ല.

തുടരും സിനിമയുടെ സമയത്ത് തരുൺ മൂർത്തി എന്ന സംവിധായകനെക്കുറിച്ച് അത്ര അറിയില്ലായിരുന്നു. സിനിമ ചെയ്ത് വരുമ്പോഴാണല്ലോ അറിയാൻ അവസരം ലഭിക്കുക. വളരെയധികം കമ്മിറ്റഡ് ആയ സംവിധായകനാണ് അദ്ദേഹം. പതിനാല് വർഷം കഥകളി പഠിച്ചയാളാണ്. എല്ലാ സിനിമകളിലും അഭിനയിക്കണമെന്നുണ്ട്. പക്ഷേ അതിൽ ആ സംവിധായകന്റെ പാഷനുംകൂടി കാണുമ്പോൾ അതിലേക്കിറങ്ങിച്ചെല്ലാൻ തോന്നും. തരുൺ മൂർത്തി അത്തരത്തിലൊരു സംവിധായകനാണ്. നല്ല സിനിമയുണ്ടാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എല്ലാം നന്നാവണം.

ഞാൻ സിനിമയിൽ വന്നത് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളുള്ള സമയത്താണ്. അത്യപൂർവം പേരൊഴികെ ബാക്കിയെല്ലാവർക്കൊപ്പവും എനിക്ക് അഭിനയിക്കാൻപറ്റി. മലയാളത്തിൽമാത്രമല്ല, ശിവാജി ​ഗണേശൻ സാർ, അമിതാഭ് ബച്ചൻ, നാ​ഗേശ്വർ റാവു സാർ എന്നിവർക്കൊപ്പവും വേഷമിട്ടു. ഇവരെല്ലാവരും നമ്മളെ അത്രയ്ക്ക് ഇഷ്ടപ്പെട്ട്, സ്നേഹിച്ചാണ് കൊണ്ടുപോയത്. അവരുടെ സ്നേഹത്തിനുള്ളിലാണ് എന്നെപ്പോലുള്ള അന്ന് വന്നവർ വളർന്നത്. അതുകൊണ്ട് ‍ഞങ്ങൾക്ക് അവരേയും സ്നേഹിക്കാതിരിക്കാൻ പറ്റില്ല.

കുട്ടിക്കാലത്ത് എന്നേക്കാൾ വളരെ പ്രായമുള്ളവരുമായി എനിക്ക് സൗഹൃദമുണ്ടായിരുന്നു. അതുപോലെ ചെറുപ്പക്കാരുമായും. എനിക്ക് അങ്ങനെ പോകാൻ പ്രയാസമില്ല. നമ്മളിലേക്ക് വന്നില്ലെങ്കിലും അവരിലേക്ക് ഇറങ്ങിച്ചെല്ലാനാവും. ഹൃദയപൂർവത്തിൽ സം​ഗീത് പ്രതാപ് വലിയ റോളാണ് ചെയ്തിരിക്കുന്നത്. അയാളെ കംഫർട്ടാക്കി കൊണ്ടുവരിക എന്നത് എന്റെ കടമകൂടിയാണ്. അങ്ങനെയാണല്ലോ സിനിമ നന്നാവുന്നത്. എന്നോട് എന്റെ സീനിയേഴ്സ് വളരെ സൗഹാർദപരമായേ പെരുമാറിയിട്ടുള്ളൂ. അതുപോലെ നമ്മുടെ ജൂനിയർമാരോട് ഏറ്റവും സ്നേഹത്തിലേ പെരുമാറാൻ സാധിക്കുകയുള്ളൂ. അതിന്റെ ​ഗുണം ഹൃദയപൂർവം എന്ന സിനിമയിലുണ്ടാവും.

പ്രകാശ് വർമയെ നേരത്തേ അറിയാം. വ്യത്യസ്തമായ ഒരാശയം വരുന്ന പരസ്യം ചെയ്യാമെന്ന് ആലോചിച്ചപ്പോൾ പ്രകാശ് പറഞ്ഞ ആശയമാണത്. അതിനെ ഏറ്റവും നന്നായി എങ്ങനെ അവതരിപ്പിക്കാമെന്ന് ചിന്തിച്ചു. അത് വിജയിച്ചു. എല്ലാ പുരുഷന്റെയുള്ളിലും സ്ത്രീയുണ്ട്. സ്ത്രീകളുടെയുള്ളിൽ പുരുഷനുമുണ്ട്. അർധനാരീശ്വര സങ്കല്പം എന്നതുപോലെ. നമ്മൾ ജനിക്കുമ്പോൾ മുതൽ സ്ത്രീകളെ കാണുന്നുണ്ടല്ലോ. ഒരു മാല കിട്ടിയാൽ ഇട്ടുനോക്കി കണ്ണാടിയുടെ മുന്നിൽപ്പോയി ആസ്വദിക്കുന്നവരാണ് എല്ലാവരും. വാനപ്രസ്ഥത്തിൽ ഞാൻ തന്നെ പൂതനയുടെ വേഷം ചെയ്തിട്ടുണ്ട്. നൃത്തം ചെയ്തിട്ടുണ്ട്. ഞാനത് ചെയ്തത് ഇഷ്ടമാവാത്തവരുണ്ടാവും. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇയാൾക്കിതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടാവും. അതിനൊന്നും ഒരു കുഴപ്പവുമില്ല. എനിക്ക് ഒരു പരിഭവവുമില്ല.

എത്രയോപേർക്ക് ഭയങ്കരമായ ദേഷ്യം വരാറുണ്ട്. എനിക്കും ദേഷ്യം വരാറുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കാറുണ്ട്. ആ ഇടത്തേക്ക് സന്തോഷത്തെയോ സ്നേഹത്തെയോ കൊണ്ടുവരാൻ പറ്റും. അറിഞ്ഞോ അറിയാതെയോ ഞാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ടാവാം. അത് എനിക്കുമാത്രം പറ്റുന്ന കാര്യമല്ല. ദേഷ്യവും അസൂയയും മാറ്റാൻ ശ്രമിക്കണം. ഇതുകൊണ്ട് ഒരു കാര്യവുമില്ല. ഞാനും വഴക്ക് പറയാറുണ്ട്. പക്ഷേ ഉള്ളിൽ കൊണ്ടുനടക്കാറില്ല. നമ്മൾ പറഞ്ഞു, അത് അവിടെ കഴിഞ്ഞു. അല്ലാതെ പോസ്റ്റ്മോർട്ടം ചെയ്തിട്ട് എന്താണ് കാര്യം? ഒരാൾ പോടാ എന്നു പറഞ്ഞാൽ തിരിച്ച് പോടാ എന്നു പറയുമായിരിക്കും. അല്ലാതെ അയാളെന്നെ പോടാ എന്നു പറഞ്ഞല്ലോ എന്നോർത്ത് നടക്കാറില്ല.

നമുക്ക് എത്ര തിരക്കിനിടയിലും ഒറ്റയ്ക്കിരിക്കാൻ പറ്റും. ആ വഴി കണ്ടെത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാൽ അറിയില്ല." മോഹൻലാൽ പറഞ്ഞു.

Content Highlights: The Art of Cinema: Mohanlal Shares Reflections connected Hridayapoorvam and Industry Dynamics

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article