വസീം അക്രം പറഞ്ഞത് ശരിയായി, ഇന്ത്യൻ സ്പിന്നർമാരുടെ മുന്നിൽ പകച്ച് പാക്കിസ്ഥാൻ ബാറ്റർമാർ; കുൽദീപ് പ്ലെയർ ഓഫ് ദ് മാച്ച്

4 months ago 4

ദുബായ്∙ ‘ഇന്ത്യൻ സ്പിന്നർമാരെ സൂക്ഷിക്കുക’– ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിനായി ഇന്ത്യയ്ക്കെതിരെ ഇറങ്ങും മുൻപ് പാക്കിസ്ഥാൻ മുൻതാരം വസീം അക്രം തന്റെ ടീമിന് കൊടുത്ത ഉപദേശം ഇതായിരുന്നു. അക്രം ഭയന്നതുപോലെ തന്നെ സംഭവിച്ചു. തലങ്ങും വിലങ്ങും കറങ്ങിത്തിരിഞ്ഞ ഇന്ത്യൻ സ്പിന്നർമാരുടെ പന്തുകൾക്കു മുന്നിൽ ബാറ്റർമാർ പകച്ചുനിന്നപ്പോൾ പാക്കിസ്ഥാന് നേടാനായത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ്.

മറുപടി ബാറ്റിങ്ങിൽ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ട ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 127. ഇന്ത്യ 15.5 ഓവറിൽ 3ന് 131. നാല് ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഈസി ഇന്ത്യ128 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്സിന്റെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ അഭിഷേക് ശർമ (13 പന്തിൽ 31) മിന്നും തുടക്കമാണ് നൽകിയത്. എന്നാൽ രണ്ടാം ഓവറിൽ സഹഓപ്പണർ ശുഭ്മൻ ഗില്ലിനെ (7 പന്തിൽ 10) നഷ്ടമായത് ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. സ്പിന്നർ സയിം അയൂബിനായിരുന്നു വിക്കറ്റ്. തന്റെ അടുത്ത ഓവറിൽ അഭിഷേകിനെയും വീഴ്ത്തിയ അയൂബ് പാക്കിസ്ഥാന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും 13 പന്തിൽ 2 സിക്സും 4 ഫോറുമടക്കം 31 റൺസ് നേടി അഭിഷേക് നൽകിയ തുടക്കത്തിന്റെ ബലത്തിൽ പവർപ്ലേയിൽ ഇന്ത്യൻ സ്കോർ 61ൽ എത്തി.

പിന്നാലെ, മൂന്നാം വിക്കറ്റിൽ തിലക് വർമയും (31 പന്തിൽ 31) സൂര്യകുമാർ യാദവും (37 പന്തിൽ 47 നോട്ടൗട്ട്) ചേർന്ന് കാര്യങ്ങൾ ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. 52 പന്തിൽ 56 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇന്ത്യയെ അനായാസം വിജയത്തിലേക്കു നയിച്ചു. ഇതിനിടെ തന്റെ മൂന്നാം ഓവറിൽ തിലകിനെയും വീഴ്ത്തിയ അയൂബ്, വിക്കറ്റ് നേട്ടം മൂന്നായി ഉയർത്തി. പിന്നാലെയെത്തിയ ശിവം ദുബെയെ (7 പന്തിൽ 10 നോട്ടൗട്ട്) കൂട്ടുപിടിച്ച് സൂര്യ മറ്റു പരുക്കുകളില്ലാതെ ടീമിനെ മുന്നോട്ടുനയിച്ചു. സൂഫിയാൻ മുഖീം എറിഞ്ഞ 16–ാം ഓവറിലെ അഞ്ചാം പന്ത് സിക്സറിനു പറത്തിയാണ് ‘ബർത്ത് ഡേ ബോയ്’ കൂടിയായ ക്യാപ്റ്റൻ സൂര്യ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. സൂര്യയുടെ 35–ാം ജന്മദിനമായിരുന്നു ഇന്നലെ.

കറക്കി വീഴ്ത്തിനേരത്തെ, ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ സയിം അയൂബിന്റെ (0) വിക്കറ്റ് നഷ്ടപ്പെട്ട ഞെട്ടലോടെയാണ് പാക്കിസ്ഥാൻ തുടങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ ഔട്ട് സ്വിങ്ങറിൽ ബാക്ക് ഫൂട്ട് പഞ്ചിനു ശ്രമിച്ച അയൂബിന്റെ ക്യാച്ച് ബാക്ക്‌വേഡ് പോയിന്റിൽ ജസ്പ്രീത് ബുമ്ര പിടികൂടി. രണ്ടാം ഓവർ എറിയാനെത്തിയ ബുമ്രയെ ലോഫ്റ്റ് ചെയ്യാൻ ശ്രമിച്ച മുഹമ്മദ് ഹാരിസിനും (3) പിഴച്ചു.ഹാരിസ് ഉയർത്തിയടിച്ച പന്ത് സ്ക്വയർ ലെഗിൽ ഹാർദിക് പിടികൂടി. അതോടെ പാക്കിസ്ഥാന്റെ സ്കോർ 2ന് 6 എന്ന നിലയിലായി. കൂട്ടത്തകർച്ച മുന്നിൽക്കണ്ട പാക്കിസ്ഥാനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റിൽ ഒന്നിച്ച സാഹിബ്സാദാ ഫർഹാൻ (40)– ഫഖർ സമാൻ (17) സഖ്യമാണ്.

കരുതലോടെ മുന്നോട്ടുനീങ്ങിയ ഇരുവരും ചേർന്ന് പവർപ്ലേയിൽ മറ്റു നഷ്ടങ്ങളില്ലാതെ സ്കോർ 42ൽ എത്തിച്ചു. ഫർഹാൻ– ഫഖർ സഖ്യം ഇന്ത്യയ്ക്ക് തലവേദനയാകുമെന്നു തോന്നിച്ച ഘട്ടത്തിലാണ് എട്ടാം ഓവർ എറിയാനെത്തിയ അക്ഷർ പട്ടേൽ ഫഖറിനെ വീഴ്ത്തിയത്.  തന്റെ അടുത്ത ഓവറിൽ ക്യാപ്റ്റൻ സൽമാൻ ആഗയെ (3) കൂടി അക്ഷർ വീഴ്ത്തിയതോടെ 10 ഓവറിൽ 4ന് 49 എന്ന നിലയിലേക്കു പാക്കിസ്ഥാൻ വീണു.

അടുത്ത രണ്ട് ഓവറുകൾ കരുതലോടെ നീങ്ങിയ പാക്കിസ്ഥാനെ 13–ാം ഓവറിൽ കുൽദീപ് യാദവ് കറക്കിവീഴ്ത്തി. ഹസൻ നവാസിനെയും (5) മുഹമ്മദ് നവാസിനെയും (0) അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ കുൽദീപ് മത്സരം പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി.

അർധ സെഞ്ചറിയിലേക്ക് പതിയെ നീങ്ങിയ ഫർഹാനെ തന്റെ അവസാന ഓവറിൽ കുൽദീപ് പുറത്താക്കിയതോടെ ടീം ടോട്ടൽ 100 കടക്കുമോ എന്ന ആശങ്കയിലായി പാക്ക് ആരാധകർ. അവസാന ഓവറുകളിൽ ചെറുത്തുനിന്ന ഷഹീൻ അഫ്രീദി (16 പന്തിൽ 33 നോട്ടൗട്ട്), സൂഫിയാൻ മുഖീം (6 പന്തിൽ 10) എന്നിവരുടെ ബലത്തിലാണ് പാക്കിസ്ഥാൻ 100 കടന്നത്. കുൽദീപിനു പുറമേ അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

വിജയം സൈനികർക്ക് സമർപ്പിച്ച് സൂര്യകുമാർദുബായ് ∙ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനു മുൻപും ശേഷവും കളിക്കാരും ക്യാപ്റ്റന്മാരും ഹസ്തദാനം നടത്താതിരുന്നതു ചർച്ചയാകുന്നു. ഇന്ത്യ – പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ പ്രതിഷേധങ്ങൾക്കിടയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലാണ്, കളിക്കപ്പുറം സൗഹാർദത്തിന്റെ സൂചനകളൊന്നും ഉണ്ടാകാതിരുന്നത്.

മത്സരത്തിനു മുൻപ് ടോസ് ചെയ്യുന്ന ചടങ്ങിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും മാച്ച് റഫറിക്കു ടീം ചാർട്ട് നൽകിയ ശേഷം മാറിനിൽക്കുകയായിരുന്നു. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങൾക്കു കൈകൊടുക്കാൻ ഇന്ത്യൻ താരങ്ങളും കൂട്ടാക്കിയില്ല.

‘ഞങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാനാണു വന്നത്. ചില കാര്യങ്ങൾ ക്രിക്കറ്റിന് അപ്പുറമുള്ളതാണ്.  പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണു ഞങ്ങളുടെ മനസ്സ്. ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നു’’– മത്സരശേഷം സൂര്യകുമാർ പറഞ്ഞു. പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ ടിവി ചോദ്യോത്തര പരിപാടി ബഹിഷ്കരിച്ചു.

English Summary:

India Dominates Pakistan successful Asia Cup with Emphatic 7-Wicket Victory

Read Entire Article