29 July 2025, 12:31 PM IST

Photo: x.com/BCCI
മുംബൈ: വാംഖഡെ സ്‌റ്റേഡിയത്തിലെ ബിസിസിഐ ഓഫീസിലെ സ്റ്റോര്‍ റൂമില്‍ മോഷണം. 10 ഐപിഎല്‍ ടീമുകളുടെ 2500 രൂപ വിലവരുന്ന 261 ഔദ്യോഗിക ജേഴ്‌സികളാണ് മോഷണം പോയത്. 6.52 ലക്ഷത്തിന്റെ മോഷണമാണ് നടന്നത്. അതീവ സുരക്ഷയും മുഴുവന്‍ സമയ സിസിടിവി നിരീക്ഷണവുമുള്ള ഓഫീസില്‍ കയറി മോഷ്ടിച്ചത് ഓഫീസിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരന്‍ തന്നെ.
സംഭവത്തില്‍ ഓഫീസ് കാവല്‍ക്കാരനായ ഫാറൂഖ് അസ്ലം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുന്നതിനായിരുന്നു മോഷണമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മിറ റോഡ് സ്വദേശിയായ ഇയാള്‍ മോഷ്ടിച്ച ജേഴ്‌സികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഹരിയാണയിലെ ഒരു ഓണ്‍ലൈന്‍ ജേഴ്‌സി ഡീലര്‍ക്ക് വില്‍ക്കുകയായിരുന്നു.
ജൂണ്‍ 13-നാണ് മോഷണം നടന്നതെങ്കിലും അടുത്തിടെ നടന്ന ഓഡിറ്റിങ്ങിനിടെയാണ് സ്‌റ്റോക്കുകളിലെ കുറവ് കണ്ടെത്തുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ച ബിസിസിഐ ഉദ്യോഗസ്ഥര്‍, ഫാറൂഖ് അസ്ലം ഒരു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് ഏറെ പണിപ്പെട്ട് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഇതോടെ ബിസിസിഐ ഉദ്യോഗസ്ഥര്‍ ജൂലായ് 17-ാം തീയതി പോലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ ഫാറൂഖ് അസ്ലം ഖാന്‍ ജേഴ്‌സികള്‍ വിറ്റ ഓണ്‍ലൈന്‍ ജേഴ്‌സി ഡീലറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ മോഷ്ടിച്ച ജേഴ്‌സികളാണ് ഇയാള്‍ തനിക്ക് വിറ്റിരുന്നതെന്ന് അറിയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ട് സ്റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായുള്ള ജേഴ്‌സികളാണ് ഇതെന്നായിരുന്നു ഫാറൂഖ് ഇയാളോട് പറഞ്ഞിരുന്നത്. മോഷ്ടിച്ചവയില്‍ 50 ജേഴ്‌സികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഐപിഎല്‍ 2025-ന്റെ ഭാഗമായി കളിക്കാര്‍ക്കോ ആരാധകര്‍ക്കോ വിവിധ സ്‌പോണ്‍സര്‍ഷിപ്പ് മത്സരങ്ങളിലെ വിജയികള്‍ക്കോ ഔദ്യോഗികമായി വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചതായിരുന്നു.
Content Highlights: 261 authoritative IPL jerseys worthy ₹6.5 lakh were stolen from the BCCI bureau astatine Wankhede Stadium








English (US) ·