Published: December 24, 2025 12:06 PM IST
1 minute Read
കണ്ണൂർ ∙ മലയോര മേഖലയായ പേരാവൂരിൽ കൊച്ചുവെളുപ്പാൻ കാലത്തെ തണുപ്പിനെ വകവയ്ക്കാതെ ആയിരക്കണക്കിനാളുകൾ ഓടാനിറങ്ങും. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മാരത്തൺ 27നു രാവിലെ ആറിന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘വാക്കറു പേരാവൂർ മാരത്തൺ 2025’ ൽ പങ്കെടുക്കുന്നതിന് 8300 പേർ ഇതിനകം തന്നെ പേര് റജിസ്റ്റർ ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെയും സ്പോൺസർഷിപ്പോടെയുമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ബോധവത്കരണം നടത്തുകയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് മാരത്തണിന്റെ ലക്ഷ്യം.
ഓപ്പൺ വിഭാഗത്തിൽ 500 രൂപയും ഫൺ റൺ വിഭാഗത്തിൽ 300 രൂപയും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ്. റജിസ്ട്രേഷൻ സമയം അവസാനിച്ചതിനാൽ ഇനി സ്പോട് റജിസ്ട്രേഷനാണുള്ളത്. അതിന് 800 രൂപ നൽകണം. ഓപ്പൺ വിഭാഗത്തിൽ ഒന്ന് മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് 15,000, 10,000, 5,000 രൂപ വീതം സമ്മാനം നൽകും. 50 വയസ്സിന് മുകളിലുള്ളവർക്കും 18 വയസ്സിൽ താഴെയുള്ളവർക്കും യഥാക്രമം 5000, 3000, 2000 രൂപയുമാണ് സമ്മാനമായി നൽകുന്നത്.
ആറു വിഭാഗങ്ങളിലായി മത്സരം നടത്തുന്നുണ്ട്. ഓപ്പൺ വിഭാഗത്തിൽ 10.5 കിലോമീറ്ററാണ് ഓടേണ്ടത്. പങ്കെടുക്കുന്ന എല്ലാവർക്കും ഫിനിഷർ മെഡലും ജഴ്സിയും പ്രഭാത ഭക്ഷണവും നൽകും. 25, 26 തിയതികളിൽ സ്പോട് റജിസ്ട്രേഷൻ ചെയ്യാം. മാരത്തണിന്റെ ഭാഗമായി 26ന് സ്പോർട്സ് കാർണിവലും സംഘടിപ്പിക്കുന്നുണ്ട്. 26ന് വൈകിട്ട് 4 മണിക്ക് വോളിബോൾ പ്രദർശന മത്സരം, ഏഴ് മണി മുതൽ വിവിധ ഫൺ ഗെയിമുകൾ എന്നിവയാണുണ്ടാകുക. കൂടാതെ ഫുഡ് കോർട്ട്, വിവിധ പ്രദർശന സ്റ്റാളുകളും ഉണ്ടാകും.
ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ആണ് ഇവന്റ് അംബാസിഡർ. ഏഴാം തവണയാണ് പേരാവൂർ മാരത്തൺ സംഘടിപ്പിക്കുന്നത്. 2017ൽ തുടങ്ങിയെങ്കിലും 2021ലും 2022ലും കോവിഡ് മൂലം സംഘടിപ്പിക്കാൻ സാധിച്ചില്ല. 2024ലെ മാരത്തണിൽ 5300 പേരാണ് പങ്കെടുത്തത്. ഇത്തവണ 7500 പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും റജിസ്ട്രേഷൻ 8300 ആയി. സ്പോർട് റജിസ്ട്രേഷൻ കൂടി വരുന്നതോടെ ഇനിയും പങ്കാളികളുടെ എണ്ണം വർധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുക്കാൻ ആളുകൾ എത്തുന്നുണ്ട്. ഇതര സംസ്ഥാനത്തുനിന്നും വരുന്നവർക്കായി താമസ സൗകര്യത്തിനായി പേരാവൂരിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകൾ നേരത്തെ തന്നെ ബുക്ക് ചെയ്തു വയ്ക്കും. കൂടാതെ ജില്ലയിലെ പരമാവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ www.peravoormarathon.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
English Summary:








English (US) ·