ദുബായ്∙ ആരാധകർ കൊതിച്ചത് തന്നെ സംഭവിച്ചു. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടു. ഓപ്പണർ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ സ്ഥാനം സഞ്ജുവിന് നിലനിർത്താനായത് ആശ്വാസമായി. ഇന്ത്യ അവസാനമായി ട്വന്റി20 പരമ്പര കളിച്ചപ്പോൾ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായിരുന്നു സഞ്ജു. എന്നാൽ ശുഭ്മൻ ഗിൽ ടീമിലേക്കു തിരിച്ചെത്തിയതോടെ ഓപ്പണിങ് സ്ഥാനം സഞ്ജുവിനു നഷ്ടപ്പെടുകയായിരുന്നു. അഞ്ചാം നമ്പറാണ് സഞ്ജുവിന്റെ പൊസിഷൻ. ഫിനിഷർമാരായി ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും പിന്നാലെയുണ്ടെങ്കിലും മധ്യനിരയിലെ ഉത്തരവാദിത്തപ്പെട്ട റോളിലേക്ക് സഞ്ജു എത്തുകയാണ്.
ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചോൾ മുതൽ പ്ലേയിങ് ഇലവനിൽ സഞ്ജു ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ഇതു സംബന്ധിച്ച് പല അഭിപ്രായപ്രകടനങ്ങളും പലകോണുകളിൽനിന്നും ഉയർന്നു. ട്വന്റി20യിൽ ഓപ്പണർ റോളിൽ തിളങ്ങുന്ന സഞ്ജുവിനെ, ഗില്ലിന്റെ വരവോടെ എവിടെ കളിപ്പിക്കുമെന്നായിരുന്നു ചർച്ച.
വൈസ് ക്യാപ്റ്റനായതിനാൽ പ്ലേയിങ് ഇലവനിൽ ഗില്ലിന്റെ സ്ഥാനം ഉറപ്പായിരുന്നു. ട്വന്റി20യിൽ ലോക ഒന്നാം നമ്പർ താരമായ സഞ്ജുവിന്റെ സഹഓപ്പണർ അഭിഷേക് ശർമയുടെ സ്ഥാനത്തിനും വെല്ലുവിളിയില്ലായിരുന്നു. പിന്നെ, സഞ്ജുവിന് മറ്റൊരു സാധ്യത അഞ്ചാം പൊസിഷനിലായിരുന്നു. എന്നാൽ ഐപിഎലിൽ മികച്ച ഫോമിൽ കളിച്ച വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെ സഞ്ജുവിനു പകരം ഉൾപ്പെടുത്തുമെന്നായിരുന്നു അവസാന നിമിഷം വരെ പ്രവചിക്കപ്പെട്ടിരുന്നത്. ടീം പ്രഖ്യാപിച്ചപ്പോഴും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയുടെ പേരാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്ലേയിങ് ഇലവനിൽ ‘സർപ്രൈസ്’ ആയി സഞ്ജുവിനെ ഉൾപ്പെടുത്തുകയായിരുന്നു.
മത്സരത്തിന്റെ തലേന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ സഞ്ജു സാംസണിന്റെ റോളിനെക്കുറിച്ച് മാധ്യമപ്രവർത്തകരിൽ ഒരാൾ സൂര്യകുമാർ യാദവിനോടു ചോദിച്ചിരുന്നു. ‘ഞങ്ങൾ സഞ്ജുവിനെ നന്നായി പരിപാലിക്കുന്നുണ്ട്. ഒന്നും പേടിക്കേണ്ട, ഞങ്ങൾ ശരിയായ തീരുമാനം തന്നെ എടുത്തോളാം.’’– എന്നായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രതികരണം.
ഇന്ത്യയ്ക്കായി കളിച്ച അവസാന ട്വന്റി20 മത്സരത്തിൽ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിന് തിരിച്ചുവരവിൽ അതേ ചുമതല കൈമാറുന്നുവെന്നായിരുന്നു ടീം പ്രഖ്യാപനത്തിനു പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പ്രതികരണം. 2026 ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഗില്ലിനെ ക്യാപ്റ്റനായി ഉയർത്തുന്നതിന്റെ തുടക്കമാണിതെന്നു വിലയിരുത്തലുണ്ട്.
ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ എന്നിവരിൽനിന്ന് ഓപ്പണിങ് സഖ്യത്തെ ക്യാപ്റ്റനും കോച്ചും ചേർന്ന് തീരുമാനിക്കുമെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ അന്നു പറഞ്ഞത്. ഗില്ലും യശസ്വി ജയ്സ്വാളും കളിക്കാത്തതിനാലാണ് സഞ്ജുവിനും അഭിഷേകിനും നേരത്തേ ടീമിലിടം കിട്ടിയതെന്നും അഗാർക്കർ വ്യക്തമാക്കി. ഏഷ്യാ കപ്പ് ടീം ഓപ്പണിങ്ങിൽ ഗില്ലിന്റെ സ്ഥാനം ഉറപ്പാക്കുന്നതായിരുന്നു ഈ വാക്കുകൾ. പാർടൈം ബോളറെന്ന ആനുകൂല്യം ജയ്സ്വാളിനെ മറികടന്ന് ടീമിലിടം നേടാൻ അഭിഷേക് ശർമയെയും സഹായിച്ചു.
∙ അടിച്ച്, അകത്ത്ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ഒരു ട്വന്റി20 മത്സരം കളിച്ചത്. അന്ന് സഞ്ജു സാംസൺ– അഭിഷേക് ശർമ ജോടിയാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. 26, 5, 3, 1, 16 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ. എന്നാൽ ഇതിനു മുൻപ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 രണ്ട് സെഞ്ചറികളാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഏറ്റവുമൊടുവിൽ കളിച്ച കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു മിന്നുന്ന ഫോമിലായിരുന്നു. ഒരു സെഞ്ചറിയും മൂന്ന് അർധസെഞ്ചറികളുമാണ് സഞ്ജു കെസിഎലിൽ നേടിയത്. 30 സിക്സുകളും അടിച്ചുകൂട്ടി.
സഞ്ജുവിന്റെ ടീമായ കൊച്ച് ബ്ലൂ ടൈഗേഴ്സിന്റെ കിരീടത്തിലേക്കുള്ള പ്രയാണത്തിൽ സഞ്ജുവിന്റെ പ്രകടനവും നിർണായകമായി. ആലപ്പി റിപ്പിൾസിനെതിരായ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ 6–ാം നമ്പർ ബാറ്ററായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ, പിന്നീടുള്ള മത്സരങ്ങളിലാണ് ഓപ്പണർ റോളിലേക്ക് എത്തിയത്. ഇന്ത്യൻ ടീമിന്റെ ഓപ്പണർ സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
∙ സഞ്ജുവിന്റെ വർഷംകഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ ടീമിലുണ്ടായിരുന്നെങ്കിലും എല്ലാ മത്സരങ്ങളിലും സഞ്‍ജുവിന് ബെഞ്ചിലിരിക്കേണ്ടിവന്നിരുന്നു. അന്നു രോഹിത് ശർമ– വിരാട് കോലി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഋഷഭ് പന്തായിരുന്നു പ്രധാന വിക്കറ്റ് കീപ്പർ. ലോകകപ്പിനു പിന്നാലെ രോഹിത്തും കോലിയും രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിച്ചതോടെയാണ് ഓപ്പണർ റോളിലേക്ക് സഞ്ജു എത്തിയത്. സൂര്യകുമാർ യാദവ് ക്യാപ്റ്റനായതോടെ തുടർച്ചയായി സഞ്ജുവിന് മത്സരങ്ങൾ കിട്ടി.
ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടിവന്ന സഞ്ജു 2024ൽ ബാറ്റ് ചെയ്തത് വെറും 12 ഇന്നിങ്സുകളിലാണെങ്കിലും 436 റൺസുമായി ആ വർഷത്തെ ഇന്ത്യയുടെ ട്വന്റി20 ടോപ് സ്കോററായത് സഞ്ജുവാണ്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ടീമംഗങ്ങൾ ഈ വർഷം ആകെ നേടിയത് 7 സെഞ്ചറികളാണെങ്കിൽ അതിൽ മൂന്നെണ്ണം സഞ്ജുവിന്റേതാണ്. 2015ൽ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച താരത്തിന് ഇന്ത്യ ഏറ്റവുമധികം അവസരങ്ങൾ കിട്ടിയ വർഷമാണ് 2024. 38 ഇന്നിങ്സുകളിൽ നിന്നായി കരിയറിൽ ആകെ 861 റൺസ് നേടിയിട്ടുള്ള സഞ്ജു അതിൽ പകുതിയിലേറെയും സ്വന്തമാക്കിയത് 2024ൽ ആണ്. 2025 തുടക്കം പാളിയെങ്കിലും രണ്ടാം പകുതിയിൽ മിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
∙ വീണ്ടും മധ്യനിര2015ൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലൂടെയായിരുന്നു സഞ്ജുവിന്റെ ട്വന്റി20 കരിയറിനു തുടക്കം. ഓപ്പണിങ്ങിൽ മുതൽ ഏഴാം നമ്പറിൽവരെ ട്വന്റി20യിൽ സഞ്ജുവിനെ ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുൻപ് 8 ഇന്നിങ്സുകളിൽ മാത്രമാണ് ഓപ്പണറായി അവസരം കിട്ടിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വരെ തുടർച്ചയായി 9 മത്സരങ്ങളിൽ ഓപ്പണറായി. 2 സെഞ്ചറികൾ ഉൾപ്പെടെ നേടിയ 277 റൺസാണ്. ഓപ്പണങ്ങിൽനിന്ന് വീണ്ടും മധ്യനിരയിലേക്ക് ഇറങ്ങിയ സഞ്ജുവിന് അതു മുതലാക്കാനാകുമോ?
English Summary:








English (US) ·