Published: January 18, 2026 11:49 AM IST
1 minute Read
ധാക്ക ∙ ലോകകപ്പ് വേദിമാറ്റം സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു (ഐസിസി) മുന്നിൽ പുതിയ നിർദേശം വച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനുള്ള സൗകര്യത്തിനായി ഗ്രൂപ്പ് വച്ചു മാറാമെന്നാണ് ബിസിബിയുടെ നിർദേശം. ഗ്രൂപ്പ് സിയിൽനിന്ന് ഗ്രൂപ്പ് ബിയിലേക്ക് ബംഗ്ലദേശിനെ മാറ്റി പകരം ഗ്രൂപ്പ് ബിയിൽനിന്ന് അയർലൻഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടു.
ബംഗ്ലദേശ് നിലവിൽ വെസ്റ്റിൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ്. കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലദേശിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്ക, ഓസ്‌ട്രേലിയ, ഒമാൻ, സിംബാബ്‌വെ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് അയർലൻഡ്. അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതാണ് ബംഗ്ലദേശിനെ ആകർഷിക്കുന്നത്.
ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ബിസിബിയെ ബോധ്യപ്പെടുത്തുന്നതിനും നിലവിൽ ഷെഡ്യൂൾ പ്രകാരം തന്നെ മത്സരങ്ങൾ നടത്തുന്നതിനും ഇവന്റ്‌സ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജർ ഗൗരവ് സക്‌സേനയും ഇന്റഗ്രിറ്റി യൂണിറ്റ് ജനറൽ മാനേജർ ആൻഡ്രൂ എഫ്ഗ്രേവും അടങ്ങുന്ന രണ്ടംഗ ഐസിസി സംഘം ബിസിബിയുമായി ചർച്ച നടത്തിയിരുന്നു. ഇവരോടാണ് ബോർഡ് പുതിയ നിർദേശം അവതരിപ്പിച്ചത്. ആൻഡ്രൂ എഫ്ഗ്രേവ് ധാക്കയിൽ നേരിട്ടെത്തിയപ്പോൾ ഇന്ത്യക്കാരനായ ഗൗരവ് സക്‌സേനയ്ക്കു ബംഗ്ലദേശ് വീസ നിഷേധിച്ചതിനാൽ ഓൺലൈനായാണ് ചർച്ചയിൽ പങ്കെടുത്തത്.
ചർച്ചയ്ക്കിടെ, ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസിയോട് ബിസിബി ആവർത്തിച്ചു. ടീമിന്റെയും ആരാധകരുടെയും മാധ്യമങ്ങളുടെയും മറ്റു പങ്കാളികളുടെയും സുരക്ഷ സംബന്ധിച്ച ബംഗ്ലദേശ് സർക്കാരിന്റെ ആശങ്കകളും ബോർഡ് പങ്കുവച്ചതായി ബിസിബി വ്യക്തമാക്കി. പ്രസിഡന്റ് മുഹമ്മദ് അമിനുൽ ഇസ്‌ലാം, വൈസ് പ്രസിഡന്റുമാരായ എം.ഡി.ഷഖാവത് ഹൊസൈൻ, ഫാറൂഖ് അഹമ്മദ്, ക്രിക്കറ്റ് ഓപ്പറേഷൻസ് കമ്മിറ്റി ഡയറക്ടറും ചെയർമാനുമായ നസ്മുൾ അബീദീൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നിസാം ഉദ്ദീൻ ചൗധരി എന്നിവരാണ് ബിസിബി പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തത്.
ബംഗ്ലദേശിന്റെ ആവശ്യം ഐസിസി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഗ്രൂപ്പ് വച്ചുമാറുന്നതിനായി അയർലൻഡ് ക്രിക്കറ്റ് ബോർഡിന്റെയും സമ്മതം ആവശ്യമാണ്. ക്രിക്കറ്റ് അയർലൻഡ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ കളിക്കുമെന്നാണ് ബോർഡുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ‘‘നിലവിലെ ഷെഡ്യൂളിൽ നിന്ന് മാറില്ലെന്ന് ഞങ്ങൾക്ക് കൃത്യമായ ഉറപ്പ് ലഭിച്ചു. ഞങ്ങൾ തീർച്ചയായും ശ്രീലങ്കയിൽ ഗ്രൂപ്പ് സ്റ്റേജ് കളിക്കും.’’– ക്രിക്കറ്റ് അയർലൻഡിലെ ഒരു ഉദ്യോഗസ്ഥൻ ക്രിക്ക്ബസിനോട് പറഞ്ഞു.
ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ബംഗ്ല പേസർ മുസ്തഫിസുർ റഹ്മാനെ ഈ വർഷത്തെ ഐപിഎൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് ഐസിസിക്ക് ബിസിബി രണ്ടു തവണ കത്ത് നൽകി. തുടർന്നാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
English Summary:








English (US) ·