Published: November 11, 2025 09:25 AM IST Updated: November 11, 2025 12:25 PM IST
1 minute Read
-
ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രിയിൽ ലാൻഡോ നോറിസ് ജേതാവ്
സാവോ പോളോ (ബ്രസീൽ) ∙ പിറ്റ് ലൈനിൽനിന്ന് പോഡിയത്തിലേക്ക് അവിശ്വസനീയമായൊരു കുതിപ്പ്! ഞായർ രാത്രി സാവോ പോളോയിൽ നടന്ന ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രിയിലാണ് റെഡ്ബുൾ ഡ്രൈവർ മാക്സ് വെർസ്റ്റാപ്പൻ കാണികളെയാകെ അമ്പരപ്പിച്ച ‘കാറോട്ടം’ നടത്തിയത്. യോഗ്യതാ റൗണ്ടിനു ശേഷം കാറിന്റെ എൻജിൻ (പവർ യൂണിറ്റ്) ഉൾപ്പെടെയുള്ളവ മാറ്റിയതിനാൽ ഗ്രിഡിനു പുറത്ത് പിറ്റ് ലൈനിൽനിന്നും റേസ് തുടങ്ങേണ്ടി വന്ന വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മക്‌ലാരൻ ഡ്രൈവർ ലാൻഡോ നോറിസ് ഒന്നാമതും മെഴ്സിഡീസിന്റെ ടീനേജ് ഹീറോ കിമി അന്റോനെല്ലി രണ്ടാം സ്ഥാനത്തുമെത്തി.
പ്രധാന റേസിനു സ്റ്റാർട്ടിങ് ഗ്രിഡിലെ സ്ഥാനം നിശ്ചയിക്കാനായി നടത്തുന്ന ക്വാളിഫയിങ് റേസിൽ വെർസ്റ്റാപ്പന്റെ ‘ആർബി 21’ കാർ പ്രതീക്ഷിച്ച പ്രകടനം നടത്താതെ വന്നതു വൻ തിരിച്ചടിയായിരുന്നു. ഇതോടെ, യോഗ്യതാ റൗണ്ടിൽ 16–ാം സ്ഥാനത്തായി വെർസ്റ്റാപ്പൻ. എന്നാൽ, സാവോ പോളോയിലെ കാലാവസ്ഥയിൽ തന്റെ കാറിനു വേണ്ടത്ര ഗ്രിപ്പ് ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട വെർസ്റ്റാപ്പന്റെ കാറിന്റെ എൻജിൻ ഉൾപ്പെടെ മാറ്റാൻ റേസിങ് ടീം തീരുമാനിച്ചു. അനുവദനീയമായ പരിധി കഴിഞ്ഞുള്ള മാറ്റങ്ങളായതിനാൽ, ഗ്രിഡിനു പുറത്ത് പിറ്റ് ലൈനിൽനിന്ന് വെർസ്റ്റാപ്പനു മത്സരം തുടങ്ങേണ്ടി വന്നു. ഹാസ് ഡ്രൈവർ എസ്തബാൻ ഒക്കോണിനും ഇതേ കാരണത്താൽ പിറ്റ് ലൈനിൽനിന്നാണ് റേസ് തുടങ്ങാനായത്.
ഇന്റർലാഗോസിലെ 71 ലാപ് റേസിൽ തുടക്കത്തിൽ ടയർ പഞ്ചാറായെങ്കിലും വൈകാതെ വെർസ്റ്റാപ്പൻ എതിരാളികളെ ഓവർടേക്ക് ചെയ്തു മുന്നേറി. ഒരുഘട്ടത്തിൽ വെർസ്റ്റാപ്പന്റെ കാർ ലീഡ് എടുക്കുകയും ചെയ്തു. എന്നാൽ, പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ലാൻഡോ നോറിസ് 10 സെക്കൻഡ് മുന്നിലായി ചെക്കേഡ് ഫ്ലാഗ് മറികടന്നു. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കായി അവസാന ലാപ്പുകളിൽ മിന്നൽ പോരാട്ടം നടത്തിയ അന്റോനെല്ലിയും വെർസ്റ്റാപ്പനും കാണികളുടെ ചങ്കിടിപ്പ് കൂട്ടി. ഒടുവിൽ, മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ കിമി അന്റോനെല്ലി വെർസ്റ്റാപ്പനെ മറികടന്ന് രണ്ടാമതെത്തി. സാവോ പോളോയിലെ വിജയത്തോടെ, ലാൻഡോ നോറിസ് (390 പോയിന്റ്) രണ്ടാം സ്ഥാനത്തുള്ള മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രിയെക്കാൾ 24 പോയിന്റ് ലീഡ് സ്വന്തമാക്കി. ഈ റേസിൽ പിയാസ്ട്രി അഞ്ചാം സ്ഥാനത്തായതാണ് നോറിസിനു തുണയായത്. 3 ഗ്രാൻപ്രികളും (ലാസ് വേഗസ്, ഖത്തർ, അബുദാബി) ഒരു സ്പ്രിന്റ് റേസും ശേഷിക്കെ നോറിസിനെക്കൂടാതെ പിയാസ്ട്രിയും (366 പോയിന്റ്) വെർസ്റ്റാപ്പനും (341) കിരീടപ്രതീക്ഷയുമായി രംഗത്തുണ്ട്.
English Summary:








English (US) ·