വാട്ട് എ റൂട്ട് !; ജോ റൂട്ടിന് സെഞ്ചറി; അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് 384ന് ഓൾഔട്ട്

2 weeks ago 2

മനോരമ ലേഖകൻ

Published: January 06, 2026 09:55 AM IST

1 minute Read

  • ട്രാവിസ് ഹെഡ് 91 നോട്ടൗട്ട്; ഓസ്ട്രേലിയ 2ന് 166

സെഞ്ചറി തികച്ചപ്പോൾ ജോ റൂട്ടിന്റെ ആഹ്ലാദം.
സെഞ്ചറി തികച്ചപ്പോൾ ജോ റൂട്ടിന്റെ ആഹ്ലാദം.

സിഡ്നി ∙ ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് സെഞ്ചറി പോലുമില്ലെന്ന നാണക്കേടുമായാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇത്തവണ ആഷസ് പരമ്പരയ്ക്കായി എത്തിയത്. എന്നാൽ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ പൊരുതിനേടിയ രണ്ട് സെഞ്ചറി ഇംഗ്ലിഷ് താരത്തിന് സ്വന്തം. ഓസീസ് പേസർമാരെ സധൈര്യം നേരിട്ട്, ക്രീസിൽ വേരുറപ്പിച്ച റൂട്ടിന്റെ സെഞ്ചറിക്കരുത്തിൽ (160) ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയത് 384 റൺസ്. പക്ഷേ, റൂട്ടിന്റെ ക്ലാസിന് മാസ് മറുപടി നൽകാൻ ഓസ്ട്രേലിയൻ നിരയിലും ആളുണ്ടായിരുന്നു; ട്രാവിസ് ഹെഡ്.

87 പന്തിൽ 15 ബൗണ്ടറിയുമായി പുറത്താകാതെ 91 റൺസ് നേടിയ ഹെഡിന്റെ ബലത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ 2ന് 166 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ ഓസീസിന് ഇനി 218 റൺസ് കൂടി വേണം. സ്കോർ: ഇംഗ്ലണ്ട് 384, ഓസ്ട്രേലിയ 2ന് 166.

റൂട്ട് ക്ലിയർ3ന് 211 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ ഹാരി ബ്രൂക്കിനെ (84) നഷ്ടമായി. സ്കോട് ബോളണ്ടിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (0) പുറത്തായതോടെ ഇംഗ്ലണ്ട് പതറി. എന്നാൽ ആറാം വിക്കറ്റിൽ ജയ്മി സ്മിത്തിനെ (46) കൂട്ടുപിടിച്ച റൂട്ട് പ്രതിരോധക്കോട്ട തീർത്തു. കരുതലോടെ കളിച്ച ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്ത് സ്കോർ 300 കടത്തി.

പിന്നാലെയെത്തിയ വിൽ ജാക്സ് (27) നന്നായി തുടങ്ങിയെങ്കിലും മൈക്കൽ നീസറിനു മുന്നിൽ വീണു. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. 252 പന്തിൽ 15 ഫോർ അടക്കം 160 റൺസുമായി പൊരുതിയ റൂട്ടാണ് ഇംഗ്ലിഷ് ടോട്ടൽ 384ൽ എത്തിച്ചത്. ടെസ്റ്റ് കരിയറിൽ റൂട്ടിന്റെ 41–ാം സെഞ്ചറിയാണിത്. ഓസ്ട്രേലിയയ്ക്കായി നീസർ 4 വിക്കറ്റ് വീഴ്ത്തി.

ഹെഡിന്റെ മറുപടിഭേദപ്പെട്ട ഒന്നാം ഇന്നിങ്സ് സ്കോർ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ ബോളിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ട്രാവിസ് ഹെഡിന്റെ ‘വെട്ടിനിരത്തലായിരുന്നു’. തുടക്കം മുതൽ ഇംഗ്ലിഷ് പേസർമാരെ കടന്നാക്രമിച്ച ഹെഡ് സ്കോർ ബോർഡ് അതിവേഗം മുന്നോട്ടുനീക്കി. 

ജെയ്ക് വെതറാൾഡ് (21), മാർനസ് ലബുഷെയ്ൻ (48) എന്നിവരുടെ പിന്തുണ കൂടി ആയതോടെ 34 ഓവറിൽ സ്കോർ 166ൽ എത്തി. രണ്ടാം ദിവസത്തെ കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ലബുഷെയ്ൻ പുറത്തായത് ഓസീസിന് തിരിച്ചടിയായി. നൈറ്റ് വാച്ചറായി എത്തിയ നീസറാണ് (1) രണ്ടാം ദിനം അവസാനിക്കുമ്പോൾ ഹെഡിന് കൂട്ടായി ക്രീസിൽ ഉള്ളത്.

റൂട്ട് രണ്ടാമൻരാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തി ഇംഗ്ലിഷ് താരം ജോ റൂട്ട്. 163 മത്സരങ്ങളിൽ നിന്ന് 13937 റൺസാണ് റൂട്ടിന്റെ പേരിലുള്ളത്. 168 ടെസ്റ്റിൽ നിന്ന് 13378 റൺസ് നേടിയ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെയാണ് റൂട്ട് മറികടന്നത്. 200 ടെസ്റ്റിൽ നിന്ന് 15921 റൺസ് നേടിയ സച്ചിൻ തെൻഡുൽക്കറാണ്  ഒന്നാമത്.

English Summary:

Century for Joe Root: England each retired for 384 successful the 5th Test

Read Entire Article